കൊച്ചി: കോൺഗ്രസുകാർക്ക് ആശ്വസിക്കാം. ആലുവയിലെ ആ വിഐപിയെ കുറിച്ചുള്ള ആദ്യ സംശയം മാറി. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനൊപ്പം ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്ത വിഐപി അൻവർ സാദത്ത് എംഎൽഎ അല്ലെന്ന് വെളിപ്പെടുത്തി സംവിധായകൻ ബാലചന്ദ്രകുമാർ. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡ് ദിലീപിനെ ഏൽപ്പിച്ചത് വിഐപി ആണെന്നതുൾപ്പെടെ ബാലചന്ദ്ര കുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇയാളുടെ വേഷം ഖദർ മുണ്ടും ഷർട്ടുമാണെന്നും ഇയാൾ ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവർത്തകനാകാമെന്നും ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ പല സംശയങ്ങളും പലരിലേക്കും ഉയർന്നിരുന്നു. ഇതിൽ ഒരാൾ ആലുവ എംഎൽഎയായ അൻവർ സാദത്ത് ആയിരുന്നു. എന്നാൽ വിഐപി അൻവർ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. റിപ്പോർട്ടർ ടിവിയോടാണ് ഈ വെളിപ്പെടുത്തലും.

'വിഐപി അൻവർ സാദത്ത് ആണോ എന്ന് സംശയം ഉയർന്നിരുന്നു. അതുകൊണ്ടു തന്നെ പല തവണ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു. അങ്ങനെ അത് അൻവർ സാദത്ത് അല്ലെന്ന് ഉറപ്പായി. എന്നാൽ വിഐപി രാഷ്ട്രീയക്കാരനാകാം. രാഷ്ട്രീയവും ബിസിനസ്സും ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു ഉന്നതന്റെ പേരും ചിത്രവും പൊലീസ് കാണിച്ചു, അതുസംബന്ധിച്ച വിവരങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.' ബാലചന്ദ്ര കുമാർ വെളിപ്പെടുത്തി.

വിഐപിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് ദിലീപ് ഉൾപ്പെടെയുള്ളവർ കണ്ടുവെന്നതുമാണ് ബാലചന്ദ്ര കുമാർ നൽകിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചുവെന്നും ഇതിൽ ഒരു ഫോട്ടോ കണ്ടപ്പോൾ അദ്ദേഹമായിരിക്കാമെന്ന് താൻ പറഞ്ഞതായും ബാലചന്ദ്ര കുമാർ വ്യക്തമാക്കിയിരുന്നു. വിഐപി ആരെന്ന കാര്യത്തിൽ ബാലചന്ദ്രകുമാറിനും വ്യക്തതയില്ല. ഇക്കാര്യം ശബ്ദ കേട്ട് പൾസർ സുനിയോ ദിലീപോ വെളിപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. എങ്കിൽ മാത്രമേ കേസ് മുമ്പോട്ടു പോകൂ.

നാല് വർഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുംമെന്നും പൊലീസ് ഫോട്ടോ കാണിച്ചപ്പോൾ അത് അദ്ദേഹമാണെന്ന് സ്ഥിരീകരിച്ചെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കിയിട്ടുണ്ട്.ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവൻ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോൾ എല്ലാവർക്കും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.

സംഭവത്തിന്റെ ദൃശ്യങ്ങൾ അടങ്ങുന്ന മെമ്മറികാർഡ് ദിലീപിന് കൈമാറിയതിൽ ഒരു ഉന്നതന് പങ്കുണ്ടെന്നായിരുന്നു ബാലചന്ദ്ര കുമാർ നേരത്തെ നടത്തിയ വെളിപ്പെടുത്തൽ. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസിൽ തുടർ അന്വേഷണത്തിന് കോടതി അനുമതി നൽകിയത്. കേസിലെ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു കെ പൗലോസ് അടക്കമുള്ള അഞ്ച് അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ ഇദ്ദേഹം ദിലീപിനൊപ്പം കൂട്ടുപ്രതിയാണ്. എന്നാൽ കേസിൽ രജിസ്റ്റർ ചെയ്ത് എഫ്ഐആറിലും ഇദ്ദേഹത്തിന്റെ പേരില്ല അജ്ഞാതനായ ആൾ എന്നാണുള്ളത്.

ഇത് വിഐപിയുടെ പേര് അന്വേഷണ സംഘം പുറത്തു വിടാത്തതല്ല ആളെ കണ്ടെത്താനാവത്ത് തന്നെയാണെന്നാണ് വ്യക്തമാക്കുന്നത്. എന്നാൽ വിഐപി ആരെന്ന് ഉറപ്പിക്കത്തക്ക വിധത്തിലുള്ള തെളിവ് ശേഖരണത്തിലാകാം അന്വേഷണ സംഘം ഉള്ളതെന്നും കരുതേണ്ടതായി വരും.

ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയിൽ വിഐപിയെ കുറിച്ചുള്ള വ്യക്തമായ സൂചനയുണ്ടെന്ന് റിപ്പോർട്ട്. എന്നാൽ ഈ വിഐപിയെ പൊലീസ് ഉടൻ അറസ്റ്റു ചെയ്യില്ല. സാക്ഷി വിസ്താരം പൂർത്തിയാകാനിരിക്കെ, ദിലീപുമായി അടുപ്പമുണ്ടായിരുന്ന ഒരാൾ നടത്തിയ വെളിപ്പെടുത്തലുകൾ അവഗണിക്കാൻ കഴിയില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണു ക്രൈംബ്രാഞ്ച് തുടരന്വേഷണം നടത്തുന്നത്. കേസിന്റെ വിചാരണ നിർത്തിവയ്ക്കണമെന്ന അന്വേഷണസംഘത്തിന്റെ ഹർജി വിചാരണക്കോടതി 20നു പരിഗണിക്കും. പുതിയ തെളിവുകൾ പരിശോധിച്ച് തുടരന്വേഷണം നടത്തി വിചാരണ പൂർത്തിയാക്കാൻ 6 മാസം കൂടി അനുവദിക്കണമെന്ന സംസ്ഥാന സർക്കാരിന്റെ അപേക്ഷ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. സുപ്രീംകോടതി തീരുമാനം നിർണ്ണായകമാകും.

ജയിലിൽ തന്റെ ജീവനു ഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ഒന്നാം പ്രതി സുനിൽകുമാർ (പൾസർ സുനി) കോടതി വരാന്തയിൽ വച്ചു മാതാവിനു കൈമാറിയതായി പറയുന്ന കത്തിന്റെ അസ്സൽ കണ്ടെത്താൻ അന്വേഷണസംഘം പ്രതി കഴിയുന്ന ജയിൽമുറിയിൽ പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. സുനിയെ ജാമ്യത്തിലിറക്കി വകവരുത്താനുള്ള സാധ്യതയുള്ളതായി ബാലചന്ദ്രകുമാർ മൊഴി നൽകിയിരുന്നു. ഈ സാഹചര്യമെല്ലാം കണക്കിലെടുത്ത് ദിലീപിനെ അറസ്റ്റു ചെയ്യാനാണ് പൊലീസ് തീരുമാനം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള മുൻകൂർ ജാമ്യ ഹർജിയിലും പൊലീസ് ഇക്കാര്യമെല്ലാം അറിയിക്കും. കോടതി ജാമ്യം നിഷേധിക്കുമെന്നാണ് പൊലീസ് വിലയിരുത്തൽ.

ബാലചന്ദ്രകുമാർ ദിലീപിന്റെ വീട്ടിലുണ്ടായിരുന്ന ദിവസം വിഐപി അവിടെയെത്തിയപ്പോൾ ദിലീപിന്റെ അടുത്ത ബന്ധുവിന്റെ മകൻ 'ശരത് അങ്കിൾ' വന്നുവെന്നു വിളിച്ചുപറഞ്ഞതായാണു ബാലചന്ദ്രകുമാറിന്റെ മൊഴി. എന്നാൽ ഇത് കേട്ടതിലെ തെറ്റാവാമെന്നും വിഐപിയുടെ പേര് ഇതല്ലെന്നുമാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. രാഷ്ട്രീയ സ്വാധീനമുള്ള വിഐപിയുടെ പേര് ബാലചന്ദ്രകുമാർ പുറത്തു പറയാൻ മടിക്കുന്നതാണെന്നും വിലിയിരുത്തുന്നു. മന്ത്രിയെ ഫോണിൽ വിളിച്ച് അന്ന് എഡിജിപിയായിരുന്ന സന്ധ്യയെ അന്വേഷണത്തിൽ നിന്നും മറ്റാൻ സമ്മർദ്ദം ചെലുത്തിയെന്ന ആരോപണവും വിഐപിക്കെതിരെ ഉയരുന്നുണ്ട്.