തിരുവനന്തപുരം: ദിലീപിന്റെ വീട്ടിലെ വിഐപി താനല്ലെന്ന് വ്യക്തമായതോടെ വീണ്ടും നിർണ്ണായക ഇടപെടലുമായി അൻവർ സാദത്ത് എംഎൽഎ. കെ റെയിലിലാണ് ആലുവ എംഎൽഎയുടെ നിർണ്ണായക നീക്കം. ദിലീപ് കേസിൽ വെളിപ്പെടുത്തൽ നടത്തിയ ബാലചന്ദ്രകുമാർ ഇന്നലെ ചില കാര്യങ്ങൾ പറഞ്ഞിരുന്നു. ദിലീപിന് നടിയെ ആക്രമിച്ച ദൃശ്യങ്ങൾ എത്തിച്ചു നൽകിയ വിഐപി അൻവർ സാദത്ത് അല്ലെന്നതായിരുന്നു ഇത്. ഈ വെളിപ്പെടുത്തൽ അൻവർ സാദത്തിന് വലിയ ആശ്വാസമായിരുന്നു. ഇതിന് പിന്നാലെയാണ് അൻവർ സാദത്തിന്റെ കെ റെയിൽ ഓപ്പറേഷൻ.

കെ റെയിലിൽ നവംബർ 27ന് അൻവർ സാദത്ത് ഒരു ചോദ്യം നിയമസഭയിൽ ഉന്നയിച്ചു. തിരുവനന്തപുരം-കാസർഗോഡ് അർദ്ധ അതിവേഗ റെയിൽ പാതയുടെ ഡീറ്റെൽഡ് പ്രോജക്ട് റിപ്പോർട്ടിന്റേയും റാപ്പിഡ് എൻവയോൺമെന്റ് ഇംപാക്ട് സ്റ്റഡി റിപ്പോർട്ടിന്റേയും പകർപ്പുകൾ ലഭ്യമാക്കാമോ.. ഇവ സർക്കാർ അംഗീകരിച്ചിട്ടുണ്ടോ എന്ന് വ്യക്തമാക്കാമോ എന്നതായിരുന്നു അൻവർ സാദത്തിന്റെ ചോദ്യം. പരിസ്ഥിതി ആഘാത പഠനവും ഡിപിആറും അനുബന്ധമായി ഉള്ളടക്കം ചെയ്യുന്നു. അവ സർക്കാർ അംഗീകരിച്ചിട്ടുണ്ട്-ഇതായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

എന്നാൽ അനുബന്ധമായി ഉള്ളടക്കം ചെയ്ത റിപ്പോർട്ടുകളൊന്നും അൻവർ സാദത്തിന് ലഭിച്ചില്ല. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് അൻവർ സാദത്ത് എത്തുന്നത്. നവംബറിലെ വിഷയത്തിൽ ഇന്നലെയാണ് അൻവർ സാദത്ത് സ്പീക്കർക്ക് പരാതി നൽകിയത്. ഇതിൽ നിന്ന് തന്നെ ദിലീപിന്റെ വിഐപിയായി തന്നെ കുടുക്കാനുള്ള സർക്കാർ നിക്കം പൊളിഞ്ഞചതിന് പിന്നിലെയുള്ള പ്രതികാരമായി ആലുവ എംഎൽഎയുടെ ഇടപെടൽ വിലയിരുത്തപ്പെടുന്നത്. ആലുവയിലെ മൊഹ്‌സീന എന്ന നിയമ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സർക്കാരിനെ പ്രതിരോധത്തിലാക്കിയതും അൻവർ സാദത്തിന്റെ ഇടപെടലായിരുന്നു.

ഇതിന് പിന്നാലെയാണ് ദിലീപ് കേസ് ചർച്ചയായത്. ആലുവയിലെ രാഷ്ട്രീയക്കാരനാണ് ദൃശ്യങ്ങൾ ദിലീപിന് എത്തിച്ചു നൽകിയതെന്ന വാദം ചർച്ചയായി. ഇതെല്ലാം അൻവർ സാദത്തിനെ പ്രതിക്കൂട്ടിലാക്കി. എന്നാൽ പ്രതികരണമൊന്നും നടത്താതെ എംഎൽഎ കാത്തിരുന്നു. താനല്ല വിഐപിയെന്ന് വ്യക്തമായതോടെ വീണ്ടും അൻവർ സാദത്ത് സർക്കാരിനെ വെട്ടിലാക്കാൻ എത്തുകയാണ്. കെ റെയിലിൽ കൊടുത്തുവെന്ന് അറിയിച്ച റിപ്പോർട്ടുകളാണ് അൻവർ സാദത്തിന് കിട്ടാത്തത്. ഇക്കാര്യത്തിൽ സ്പീക്കർക്ക് ഇനി നിലപാട് അറിയിക്കേണ്ടി വരും.

കെ റെയിലിലെ പദ്ധതി രൂപരേഖ ഇനിയും സർക്കാർ പുറത്തു വിട്ടിട്ടില്ല. ഇത് വിവാദമായി മാറി കഴിഞ്ഞു. ഇതിനിടെയാണ് ഇത് അനുബന്ധമായി എംഎൽഎയ്ക്ക് നൽകിയെന്ന മുഖ്യമന്ത്രിയുടെ മറുപടിയും അത് കിട്ടിയില്ലെന്ന വസ്തുതതയും അൻവർ സാദത്ത് ചർച്ചയാക്കുന്നത്. ഇത് സർക്കാരിന് വലിയ തലവദേനയാകും. ഉത്തരത്തിൽ പറയുന്നത് സംഭവിച്ചിട്ടില്ലെന്നതിനാൽ അത് എംഎൽഎയുടെ അവകാശ ലംഘനം തന്നെയാണ്. ഇക്കാര്യത്തിൽ സ്പീക്കറുടെ വാക്കുകളാകും ഇനി നിർണ്ണായകം.

കോൺഗ്രസുകാർക്ക് ആശ്വാസമായിരുന്നു ആലുവയിലെ ആ വിഐപിയെ കുറിച്ചുള്ള ആദ്യ സംശയം മാറിയത്. നടി ആക്രമിക്കപ്പെട്ട കേസിൽ ദിലീപിനൊപ്പം ഗൂഢാലോചനയിൽ ഉൾപ്പെടെ പങ്കെടുത്ത വിഐപി അൻവർ സാദത്ത് എംഎൽഎ അല്ലെന്ന് വെളിപ്പെടുത്തി സംവിധായകൻ ബാലചന്ദ്രകുമാർ രംഗത്തു വന്നിരുന്നു. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ അടങ്ങിയ മെമ്മറികാർഡ് ദിലീപിനെ ഏൽപ്പിച്ചത് വിഐപി ആണെന്നതുൾപ്പെടെ ബാലചന്ദ്ര കുമാർ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇയാളുടെ വേഷം ഖദർ മുണ്ടും ഷർട്ടുമാണെന്നും ഇയാൾ ആലുവയിലെ ഉന്നതനാണെന്നും രാഷ്ട്രീയ പ്രവർത്തകനാകാമെന്നും ബാലചന്ദ്ര കുമാർ വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ പല സംശയങ്ങളും പലരിലേക്കും ഉയർന്നിരുന്നു. ഇതിൽ ഒരാൾ ആലുവ എംഎൽഎയായ അൻവർ സാദത്ത് ആയിരുന്നു. എന്നാൽ വിഐപി അൻവർ സാദത്ത് അല്ലെന്ന് ബാലചന്ദ്രകുമാർ സ്ഥിരീകരിച്ചു. റിപ്പോർട്ടർ ടിവിയോടാണ് ഈ വെളിപ്പെടുത്തലും.

'വിഐപി അൻവർ സാദത്ത് ആണോ എന്ന് സംശയം ഉയർന്നിരുന്നു. അതുകൊണ്ടു തന്നെ പല തവണ അദ്ദേഹത്തിന്റെ വീഡിയോ കണ്ടു. അങ്ങനെ അത് അൻവർ സാദത്ത് അല്ലെന്ന് ഉറപ്പായി. എന്നാൽ വിഐപി രാഷ്ട്രീയക്കാരനാകാം. രാഷ്ട്രീയവും ബിസിനസ്സും ഒരുമിച്ചുകൊണ്ടുപോകുന്ന ഒരു ഉന്നതന്റെ പേരും ചിത്രവും പൊലീസ് കാണിച്ചു, അതുസംബന്ധിച്ച വിവരങ്ങൾ പൊലീസിനെ അറിയിച്ചിട്ടുണ്ട്.' ബാലചന്ദ്ര കുമാർ വെളിപ്പെടുത്തി.

വിഐപിയാണ് വീഡിയോ അവിടെ എത്തിച്ചതെന്നും അത് ദിലീപ് ഉൾപ്പെടെയുള്ളവർ കണ്ടുവെന്നതുമാണ് ബാലചന്ദ്ര കുമാർ നൽകിയ മൊഴി. അന്വേഷണത്തിന്റെ ഭാഗമായി ചില ശബ്ദരേഖകളും ഫോട്ടോകളും പൊലീസ് കാണിച്ചുവെന്നും ഇതിൽ ഒരു ഫോട്ടോ കണ്ടപ്പോൾ അദ്ദേഹമായിരിക്കാമെന്ന് താൻ പറഞ്ഞതായും ബാലചന്ദ്ര കുമാർ വ്യക്തമാക്കിയിരുന്നു. വിഐപി ആരെന്ന കാര്യത്തിൽ ബാലചന്ദ്രകുമാറിനും വ്യക്തതയില്ല. ഇക്കാര്യം ശബ്ദ കേട്ട് പൾസർ സുനിയോ ദിലീപോ വെളിപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്. എങ്കിൽ മാത്രമേ കേസ് മുമ്പോട്ടു പോകൂ.

നാല് വർഷം മുമ്പ് നടന്ന സംഭവമാണ്. ഒരിക്കൽ മാത്രമാണ് ഈ വിഐപിയെ കണ്ടിട്ടുള്ളത് അദ്ദേഹം എന്റെ അടുത്ത് ഇരുന്നിട്ടുള്ളതുകൊണ്ട് തന്നെ കണ്ടാൽ തിരിച്ചറിയാൻ സാധിക്കുംമെന്നും പൊലീസ് ഫോട്ടോ കാണിച്ചപ്പോൾ അത് അദ്ദേഹമാണെന്ന് സ്ഥിരീകരിച്ചെന്നും ബാലചന്ദ്ര കുമാർ വ്യക്തമാക്കിയിട്ടുണ്ട്.ദിലീപിന്റെ കുടുംബവുമായി വളരെ അടുത്ത ബന്ധമുള്ളയാളാണ് ഈ വിഐപി. കാവ്യ മാധവൻ അദ്ദേഹത്തെ 'ഇക്ക' എന്നാണ് വിളിച്ചത്. അദ്ദേഹം വന്നിരുന്നിരുന്നപ്പോൾ എല്ലാവർക്കും നല്ല പരിചയം ഉള്ളതായി തന്നെയാണ് തോന്നിയത്. അദ്ദേഹത്തിന്റെ പേര് പ്രതിപാദിക്കുന്ന ഒരു ശബ്ദരേഖയുണ്ടെന്നും അത് പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നും ബാലചന്ദ്ര കുമാർ പറഞ്ഞു.