കോഴിക്കോട്: താൽകാലിക നിയമനക്കാരെ സ്ഥിരപ്പെടുത്താൻ നടക്കുന്നത് കള്ളക്കളികൾ മാത്രം. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ സ്ഥിര നിയമന നീക്കങ്ങൾ വിവാദത്തിൽ ആവുകയാണ്. സ്ഥിരപ്പെടുത്താമെന്ന വാഗ്ദാനത്തിൽ പിരിവും നടക്കുന്നു. ഇത് പരാതിയായി മുഖ്യമന്ത്രിക്ക് മുമ്പിൽ എത്തിക്കഴിഞ്ഞു.

'സഖാവേ, ഈ പിരിവിൽ പങ്കാളികളാകണോ? സിപിഎമ്മിന് ഫണ്ട് കൊടുക്കാനെന്നു പറഞ്ഞ്, 10 വർഷം കഴിഞ്ഞ ജീവനക്കാരെ സ്ഥിരപ്പെടുത്താനെന്ന പേരിൽ ലക്ഷങ്ങൾ പിരിക്കുകയാണ്. പാർട്ടിയുടെ പേരിൽ നടത്തുന്ന ഈ പിരിവിനെ കുറിച്ച് അന്വേഷണം വേണം'- ഇതാണ് മുഖ്യമന്ത്രിക്ക് കിട്ടിയ കത്തിലെ വാചകം. സിപിഎം അനുഭാവിയുടേതാണ് കത്ത്. കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിൽ മാത്രമല്ല മറ്റ് പലയിടത്തും സ്ഥിരപ്പെടുത്തൽ നാടകം നടക്കുന്നുണ്ട്. സമാനമായ പിരിവാണ് നടക്കുന്നത്.

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റിയിലെ (കെഎച്ച്ആർഡബ്ല്യുഎസ്) ഇടത് ആഭിമുഖ്യമുള്ള സംഘടനയിലെ വനിതാ ജീവനക്കാരി മുഖ്യമന്ത്രി പിണറായി വിജയന് എഴുതിയ കത്താണ് പിരിവ് ചർച്ചയാക്കുന്നത്. കഴിഞ്ഞ വി എസ് സർക്കാരിന്റെ കാലത്ത് നിയമിക്കപ്പെട്ടവരും പത്തു വർഷം സർവീസ് കാലാവധി പൂർത്തിയാക്കിയവരെയുമാണ് സ്ഥിരപ്പെടുത്തുന്നതിന് പരിഗണിക്കുന്നത്. എല്ലാവരും ഇടതു പക്ഷക്കാരായിരിക്കണമെന്ന നിർബന്ധവുമുണ്ട്.

കെഎച്ച്ആർഡബ്ല്യുഎസിലെ ജീവനക്കാരുടെ ജോലി പരിചയവും മറ്റ് വിശദാംശങ്ങളും ഉൾപ്പെടുത്തി പട്ടിക തയാറാക്കി നൽകാൻ പ്രാദേശിക മാനേജർമാരോട് മാനേജിങ് ഡയറക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. ജാതിയും മതവും ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും വിദ്യാഭ്യാസ യോഗ്യത ശേഖരിക്കുന്നില്ല. ഉയർന്ന തസ്തികകളിൽ ജോലി ചെയ്യുന്ന കുറഞ്ഞ യോഗ്യതയുള്ളവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇതെന്ന ആരോപണമുണ്ട്. അങ്ങനെ സഖാക്കൾക്ക് ഉയർന്ന ജോലി നൽകാനാണ് നീക്കം. ഇതാണ് വിവാദമാകുന്നത്.

ധനവകുപ്പിന്റെ നിർദേശങ്ങൾ പോലും മറികടന്ന് മുന്നൂറിലേറെ പാർട്ടി അനുഭാവികളെ കെഎച്ച്ആർഡബ്ല്യുഎസിൽ സ്ഥിരപ്പെടുത്താനുള്ള നീക്കം ആരംഭിച്ചതും അതിന്റെ പേരിൽ ലക്ഷങ്ങൾ പിരിക്കാൻ തുടങ്ങിയതുമാണ് ഇടതു സംഘടനയിൽതന്നെയുള്ളവരെ കത്തെഴുതാൻ പ്രേരിപ്പിച്ചത്. മറ്റിടങ്ങളിലും കൂട്ട സ്ഥിര നിയമന സാധ്യതയുള്ളിടത്തെല്ലാം പിരിവ് തകൃതിയാണ്. താൽക്കാലികക്കാരെ സ്ഥിരപ്പെടുത്താൻ സുപ്രീംകോടതി ഉത്തരവ് തടസ്സമാണ്. മുൻപ് ഇതേ നീക്കമുണ്ടായിരുന്നെങ്കിലും കെ.എം.എബ്രഹാം ധനവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ആയിരിക്കെ കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി ഫയൽ തള്ളിയിരുന്നു.

വീണ്ടും ഇതേ ഉടക്ക് ഉണ്ടാവുമെന്നതിനാൽ ധനവകുപ്പിനെ മറികടന്ന് ഫയൽ നേരിട്ട് മന്ത്രിസഭയുടെ പരിഗണനയ്ക്ക് എത്തിക്കാനുള്ള തീരുമാനത്തിലാണ് ആരോഗ്യ വകുപ്പ്. കെഎച്ച്ആർഡബ്ല്യുഎസിൽ പിൻവാതിലിലൂടെ സ്ഥിരപ്പെടുത്താൻ വർഷങ്ങളായി നടക്കുന്ന നീക്കങ്ങൾ പരാമർശിക്കുന്നതാണ് ഇടതു ജീവനക്കാരി മുഖ്യമന്ത്രിക്ക് എഴുതിയ കത്ത്.

ഐഎൻടിയുസി നേതാവ് നൽകിയ പട്ടികയിൽനിന്നുള്ള്ളവരെയും മുഖ്യമന്ത്രിയുടെ കാറിനു മുന്നിൽ ചാടി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസുകാരെയും ഈ രീതിയിൽ നിയമിച്ചിട്ടുണ്ടെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഇതെല്ലാം പണം നൽകിയതു കൊണ്ടാണെന്ന ആരോപണമാണ് കത്ത് ചർച്ചയാക്കുന്നത്.