തിരുവനന്തപുരം: എ.എൻ.ഷംസീറിന്റെ ഭാര്യ അസിസ്റ്റന്റ് പ്രൊഫസർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ടതുകൊണ്ട് ഇന്റർവ്യൂവിന്റെ സ്‌കോർ ഷീറ്റും അനുബന്ധരേഖകളും കാലിക്കറ്റ് സർവകലാശാല നൽകുന്നില്ലെന്ന് ആരോപണം. സ്‌കോർ ഷീറ്റ് പകർപ്പ് പുറത്തുവിട്ടാൽ സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ ജീവനു ഭീഷണിയാകുമെന്ന കാരണമാണ് രേഖകൾ കൈമാറാതിരിക്കാൻ കാരണമായി സർവകലാശാല ചൂണ്ടിക്കാട്ടുന്നത്.

കാലിക്കറ്റ് സർവ്വകലാശാലയുടെ വിദ്യാഭ്യാസ പഠന വകുപ്പിൽ അസിസ്റ്റന്റ് പ്രൊഫസ്സർ നിയമനത്തിന്റെ ഇന്റർവ്യൂവിന്റെ സ്‌കോർ ഷീറ്റും അനുബന്ധ രേഖകളും ഇന്റർവ്യൂവിൽ പങ്കെടുത്ത ഉദ്യോഗാർത്ഥിയായ ഡോ:എംപി.ബിന്ദു ആവശ്യപ്പെട്ടിട്ടും, കാലിക്കറ്റ് സർവകലാശാല നൽ കിയില്ല. തുടർന്നാണ് മുഖ്യ വിവരാവകാശ കമ്മിഷണറെ ബിന്ദു സമീപിച്ചത്. തുടർന്ന് പ്രസ്തുത രേഖകൾ കൈമാറേണ്ടതാണെന്ന നിർദ്ദേശം കമ്മിഷണർ യൂണിവേഴ്‌സിറ്റിക്ക് നൽകി.

മുഖ്യ വിവരാവകാശ കമ്മീഷണറുടെ നിർദ്ദേശം അംഗീകരിക്കാത്ത കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പബ്ലിക് ഇൻഫർമേഷൻ ഓഫീസർക്ക് എതിരെ ശിക്ഷാ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്‌സിറ്റി ക്യാംപെയിൻ കമ്മിറ്റി മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ:വിശ്വാസ് മേത്തയ്ക്ക് നിവേദനം നൽകി.

എൻ.ഷംസീർ എംഎ‍ൽഎ യുടെ ഭാര്യയെ അസിസ്റ്റന്റ് പ്രൊഫസ്സർ റാങ്ക് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളതുകൊണ്ടാണ് കമ്മിഷണർ നിർദ്ദേശിച്ചിട്ടും സർവകലാശാല ഇന്റർവ്യൂ വിന്റെ സ്‌കോർ ഷീറ്റ് നൽകാതിരിക്കുന്നത് എന്നറിയുന്നു. അദ്ദേഹത്തിന്റെ ഭാര്യയുടെ ഗവേഷണ ഗൈഡിനെ സെലക്ഷൻ കമ്മിറ്റിയിൽ വിദഗ്ധഅംഗമാക്കിയതും നേരത്തെ വിവാദമായിരുന്നു.

കേരളത്തിലെ മറ്റു സർവ്വകലാശാലകൾ ഇന്റർവ്യൂ സ്‌കോർ ഷീറ്റ്, സെലക്ഷൻ കമ്മിറ്റി അംഗങ്ങളുടെ പേരുവിവരം മറച്ചുവെച്ച് വിവരാവകാശ നിയമ പ്രകാരം നൽകാറുണ്ട്. സ്‌കോർ ഷീറ്റ് ബോധപൂർവ്വം നൽകാതെ കമ്മിഷണരുടെ ഉത്തരവ് അവഗണിച്ച കാലിക്കറ്റ് സർവ്വകലാശാല അധികൃതർക്കെതിരെ മാതൃകപരമായ ശിക്ഷ നടപടി കൈക്കൊള്ളണമെന്നാമാണ് മുഖ്യ വിവരാവകാശ കമ്മീഷണറോട് സേവ് യൂണിവേഴ്‌സിറ്റി സമിതി ആവശ്യപ്പെട്ടിരിക്കുന്നത്.

കണ്ണൂർ സർവകലാശാലയിൽ എ.എൻ ഷംസീറിന്റെ ഭാര്യ ഷെഹലയുടെ നിയമനം ഹൈക്കോടതി മൂന്നുവർഷം മുമ്പ് റദ്ദാക്കിയിരുന്നു. നിയമനം അനധികൃതമാണെന്ന് കണ്ടായിരുന്നു കോടതി നടപടി. ഒന്നാം റാങ്കുകാരിയെ തഴഞ്ഞാണ് ഷംസീറിന്റെ ഭാര്യയ്ക്ക് നിയമനം നൽകിയതെന്ന് കോടതി കണ്ടെത്തിയിരുന്നു. ഷെഹലയുടെ നിയമനത്തിനായി കണ്ണൂർ സർവ്വകലാശാല വിജ്ഞാപനവും റാങ്ക് ലിസ്റ്റും തിരുത്തിയെന്ന് കാട്ടി റാങ്ക് പട്ടികയിലെ ഒന്നാം സ്ഥാനക്കാരിയായ ഡോ. എംപി ബിന്ദു നൽകിയ ഹർജിയിലാണ് കോടതി തീരുമാനം.

ജനറൽ കാറ്റഗറിയിൽ അസിസ്റ്റന്റ് പ്രൊഫസർമാരെ ക്ഷണിച്ചുള്ള വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം എന്നായിരുന്നു ബിന്ദുവിന്റെ പരാതി. ഷെഹല ഷംസീറിന് കണ്ണൂർ സർവ്വകലാശാലയിൽ നിയമനം നൽകിയത് ചട്ടം ലംഘിച്ചാണെന്ന ആരോപണം ഉയർന്നിരുന്നു. വിജ്ഞാപനം റാങ്ക് പട്ടികയും മറികടന്നാണ് ഷെഹലയുടെ നിയമനം എന്നായിരുന്നു പരാതി. ഈ കേസിലാണ് കോടതി നടപടി.

സ്‌കൂൾ ഓഫ് പെഡഗോഗിക്കൽ സയൻസിൽ താൽക്കാലിക അസിസ്റ്റന്റ് പ്രഫസറുടെ ഒഴിവിലേയ്ക്കാണ് ഷെഹലയെ ചട്ടങ്ങൾ മറികടന്ന് നിയമിച്ചത്. ഇക്കാര്യത്തിൽ നേരത്തെ സർക്കാറിനോടും കണ്ണൂർ യൂണിവേഴ്സിറ്റിയോടും കോടതി വിശദീകരണം തേടിയിരുന്നു. വിശദീകരണം കേട്ടശേഷമാണ് കോടതി നിയമനം റദ്ദാക്കിയത്.