കോതമംഗലം:അപ്രോച്ച് റോഡ് തകർന്നതോടെ, കോവിഡ് രോഗിയുമായി എത്തിയ വാഹനം വനപാതയിൽ കുടുങ്ങി. അപ്രോച്ച് റോഡിന്റെ ഒരു ഭാഗം തകർന്നതിനെത്തുടർന്ന് മാമലക്കണ്ടം -ഉരുളൻതണ്ണി കുട്ടമ്പുഴ റോഡിലാണ് കോവിഡ് രോഗിയുമായി എത്തിയ വാഹനം കുടുങ്ങിയത്.
മണിക്കൂറുകൾക്കു ശേഷം എതിർ വശത്തുനിന്നും ആംബുലൻസ് എത്തിയാണ് രോഗിയെ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയത്.

ഏകദേശം നാനൂറോളം ആദിവാസി കുടുംബങ്ങൾ ഉൾപ്പെടെ ആയിരത്തോളം വരുന്ന കുടുംബങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടുന്നതിനുള്ള ഏക ആശ്രയമാണ് ഈ റോഡ്. കഴിഞ്ഞദിവസം മഴയിൽ അപ്രോച്ച് റോഡ് ഇടിഞ്ഞു വലിയ ഗർത്തം രൂപപ്പെടുകയായിരുന്നു. ഇതറിയാതെ മാമലക്കണ്ടത്തിൽ നിന്നും കോവിഡ് രോഗിയുമായി എത്തിയ വാഹനമാണ് വഴിയിൽ കൂട്ടിക്കുളം പാലത്തിനു സമീപം കുടുങ്ങിയത്.മാമലക്കണ്ടത്താണ് രോഗി താമസിച്ചിരുന്നത്.

രാവിലെ 7 മണിയോടെ വീട്ടുകാർ രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ ആമ്പുലൻസ് ഏർപ്പാടാക്കിയിരുന്നു. എന്നാൽ മണിക്കൂറുകൾ കാത്തു നിന്നെങ്കിലും ആമ്പുലൻസ് എത്തിയില്ല. ഇതെത്തുടർന്ന് ബന്ധുക്കൾ മറ്റൊരു വാഹനം സംഘടിപ്പിച്ച് ആശുപത്രിയിലേക്ക് യാത്രയാവുകയായിരുന്നു.

ആമ്പുലൻസ് മാമലക്കണ്ടത്തേയ്ക്കുള്ള യാത്രയിൽ കൂട്ടിക്കുളം പാലത്തിനടുത്ത് കൂടുങ്ങുകയായിരുന്നെന്ന വിവരം പിന്നീടാണ് രോഗിയുടെ വീട്ടുകാർ അറിയുന്നത്. ആമ്പുലൻസുമായി കൃത്യസമയത്തെത്തുന്നതിനുള്ള ഡ്രൈവരുടെ നീക്കം റോഡ് തകർന്നതിനെ
ത്തുടർന്ന് വിഫലമാവുകയായിരുന്നു. ഈ ഭാഗത്ത് മൊബൈൽ റെയിഞ്ചില്ലാത്തതുകാരണം വിവരം രോഗിയുടെ ബന്ധുക്കളെ അറിയിക്കാനും കഴിയാതായി.

കുറച്ചുനേരം കാത്തു കിടന്ന ശേഷം റെയിഞ്ചുള്ള ഭാഗത്തെത്തി , വിവരം കൈമാറാന്നുള്ള ലക്ഷ്യത്തിൽ ആമ്പുലൻസുമായി ഡ്രൈവർ കുറച്ചു ദൂരം കുട്ടമ്പുഴ ഭാഗത്തേ യ്ക്ക് ഓടിച്ചു പോയി. ഇവിടെ എത്തി വിളിച്ചിട്ടും രോഗിയുടെ ബന്ധുക്കളെ കിട്ടാതായതോടെ ഇയാൾ ആമ്പുലൻസുമായി മടങ്ങുകയായിരുന്നു.

ഇതിന് പിന്നാലെയാണ് രോഗിയുമായെത്തിയ വാഹനം കൂട്ടിക്കുളം പാലത്തിനടുത്തെത്തുന്നത്. തുടർന്ന് ബന്ധുക്കൾ മൊബൈൽ റെയിഞ്ച് ലഭിക്കുന്ന പ്രദേശം വരെ നടന്നെത്തി ഇതെ ആമ്പുലൻസ് തന്നെ വിളിച്ചു വരുത്തുകയായിരുന്നു. ഇതു മൂലം അവശനിലയിലായിരുന്ന രോഗിയെ ആശുപത്രിയിൽ എത്തിക്കാൻ മൂന്നു മണിക്കൂറോളം വൈകി.

വനമേഖലയിലൂടെയാണ് ഈ പാത കടന്നുപോകുന്നത്. ഈ പാതയിൽ ചില സ്ഥലങ്ങളിൽ കാട്ടാനകൂട്ടം എത്തുന്നുണ്ട്. കുട്ടമ്പുഴ പഞ്ചായത്തിൽ ഉൾപ്പെടുന്ന റോഡ് നന്നാക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യപ്പെട്ടിരുന്നെങ്കിലും അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുയായിരുന്നെന്നാണ് പരക്കെ ഉയർന്നിട്ടുള്ള ആക്ഷേപം.

മാമലക്കണ്ടത്തുനിന്നും കുട്ടമ്പുഴ യിലേക്ക് എത്താവുന്ന ഏക വഴിയാണ് തകർന്നു കിടക്കുന്നത്. വൈകുന്നേരത്തോടുകൂടി പഞ്ചായത്തിന്റെ നേതൃത്വത്തിൽ മണൽ ചാക്കുകൾ നിറച്ച് ഒരു വിധം കുഴിയടച്ചെങ്കിലും റോഡ് സുരക്ഷിതമല്ലന്നാണ് നാട്ടുകാരുടെ വിലയിരുത്തൽ .
അടുത്ത മഴയ്ക്ക് മണ്ണ് ഒലിച്ചുപോയി , റോഡ് വീണ്ടും തകരാറിലാവുന്നും അതിനാൽ എത്രയും വേഗം ശാശ്വത പരിഹാരത്തിന്നടപടി സ്വീകരിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത്ഉന്നതാധികാരികളുടെ അടിയന്തിര ഇടപെടൽ ഇക്കാര്യത്തിൽ ആവശ്യമാണെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.