മലപ്പുറം: മുസ്ലിംലീഗ് തനിച്ച് ഭരിക്കുന്ന മലപ്പുറം ജില്ലയിലെ എ.ആർ നഗർ സഹകരണ ബാങ്കിൽ ആദായനികുതിവകുപ്പിന്റെ നിർദ്ദേശപ്രകാരം സഹകരണ വകുപ്പ് നടത്തിയ പരിശോധനയിൽ 1021.53 കോടിയുടെ കള്ളപ്പണ, ബിനാമി ഇടപാടുകൾ കണ്ടെത്തിയിട്ടും ബാങ്ക് ഭരണസമിതി ക്കെതിരെ നടപടിയെടുക്കാൻ കോടതി സ്റ്റേയുണ്ടെന്ന മുഖ്യമന്ത്രിയുടെ വാദം വാസ്തവ വിരുദ്ധം. ഉദ്യോഗസ്ഥരിൽനിന്നും തെറ്റായ വിവരം ലഭിച്ചതാണ് മുഖ്യമന്ത്രിയുടെ തെറ്റായ വാദത്തിന് കാരണമായത്.

ബാങ്കുമായി ബന്ധപ്പെട്ട് ഒമ്പതു കേസുകളാണ് ഹൈക്കോടതിയിൽ നിലവിലുള്ളത്. ഈ കേസുകളിലൊന്നും ക്രമക്കേട് നടത്തിയ ഭരണസമിതിയെ പിരിച്ചുവിടുന്നതിന് സ്റ്റേ നൽകിയിട്ടില്ല. ബാങ്കിന്റെ മുൻ സെക്രട്ടറി വി.കെ ഹരികുമാറിനെ അഡ്‌മിസ്ട്രേറ്റീവ് ഓഫീസറായി നിയമിച്ച ഉത്തരവ് സർക്കാർ റദ്ദാക്കിയും വി.കെ ഹരികുമാറിനെതിരെ കൃത്രിമരേഖ ചമക്കൽ, ബാങ്കിങ് നിയമങ്ങളുടെ ലംഘനം വിശ്വാസ വഞ്ചന, ബാങ്കിങ് നിയമങ്ങളുടെ ലംഘനം എന്നിവ പ്രകാരം നടപടി സ്വീകരിക്കാൻ സഹകരണ ജോയിന്റ് രജസ്ട്രാറുടെ ഉത്തരവിനുമാണ് സ്റ്റേയുള്ളത്. ഈ സ്റ്റേ നേടിയതുപോലും ഒത്തുകളിയിലൂടെയാണെന്ന് ആരോപണമുണ്ട്.

ബാങ്ക് ജീവനക്കാരുടെ പേരിൽ 6.8 കോടി രൂപ കണ്ടെത്തിയിരുന്നു. ബാങ്കിലെ ഏല്ലാ ജീവനക്കാരും സെക്രട്ടറി യും ഈ ബിനാമി അക്കൗണ്ട് കൾ ഓപ്പറേറ്റ് ചെയ്യുന്നത് വി.കെ.ഹരികുമാർ ആണ് എന്ന് രേഖാമൂലം അന്വേഷണ സംഘത്തിന് മൊഴി നൽകിയതായും ജീവനക്കാർതന്നെ പറയുന്നു. ഹൈക്കോടതിയിൽ സഹകരണ വകുപ്പിന്റെ ഗവൺമെന്റ് പ്ലീഡർക്ക് പകരം വനംവകുപ്പ് ഗവൺമെന്റ് പ്ലീഡറെ ഹാജരാക്കിയും ഉത്തരവിൽ ബോധപൂർവ്വമായ പിഴവുകൾ വരുത്തിയുമാണ് സ്റ്റേ ലഭിക്കാൻ ഇടയാക്കിയത്.

2019തിലെ ഹൈക്കോടതിയുടെ സ്റ്റേ നീക്കാൻ രണ്ടു വർഷമായിട്ടും സഹകരണവകുപ്പ് ഒരു നടപടിയും സ്വീകരിച്ചിട്ടുമില്ല. എ.ആർനഗർ സഹകരണ ബാങ്കിലെ ക്രമക്കേടുകൾ ചൂണ്ടികാട്ടി സഹകരണ വകുപ്പ് ഇൻസ്പെക്ടർമാരും ഓഡിറ്റർമാരുമടക്കം 12 റിപ്പോർട്ടുകളാണ് സഹകരണ ജില്ലാ ജോയിന്റ് രജിസ്ട്രാർക്ക് സമർപ്പിച്ചിട്ടുള്ളത്.

സിപിഎം ജില്ലാ സെക്രട്ടറിയുടെ ഉറ്റബന്ധുവായ എ.ആർ നഗർ ബാങ്കിന്റെ അഡ്‌മിനിസ്ട്രേറ്റീവ് ഓഫീസർ വി.കെ ഹരികുമാറിനെ രക്ഷിക്കാൻ എല്ലാ റിപ്പോർട്ടുകളും സഹകരണ വകുപ്പ് പൂഴ്‌ത്തിവയ്ക്കുകയായിരുന്നുവെന്നാണ് ആരോണം. ബാങ്കിൽ ക്രമക്കേടുകളും അഴിമതിയും നടക്കുന്നു എന്ന് സഹകരണവകുപ്പിന്റെ ജില്ലാ മേധാവിയായ സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് ബോധ്യം വന്നാൽ സഹകരണ നിയമം വകുപ്പ് 32 പ്രകാരം സഹകരണ ജോയിന്റ് രജിസ്ട്രാർക്ക് ബാങ്ക് ഭരണസമിതി പിരിച്ചുവിട്ട് ആറുമാസത്തേക്ക് അഡിമിനിസ്ട്രേറ്ററെ നിയമിക്കാം.

2017 മുതൽ ഗുരുതരക്രമക്കേടുകൾ വ്യക്തമാക്കുന്ന പരിശോധനാ റിപ്പോർട്ടുകൾ തിരൂരങ്ങാടി അസിസ്റ്റന്റ് രജിസ്ട്രാർ ജില്ലാ ജോയിന്റ് രജിസ്ട്രാർക്ക് നൽകിയിട്ടും ബാങ്ക് ഭരണ സമിതി പിരിച്ചുവിടാതെ സംരക്ഷിക്കുകയാണ്. ബാങ്കിലെ ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ അക്കമിട്ടു നിരത്തിയ ഓഡിറ്റ് റിപ്പോർട്ടുകൾ ലഭിച്ചിട്ടും ബാങ്ക് ഭരണസമിതിയെ പിരിച്ചുവിടാതെ വഴിവിട്ട് സംരക്ഷിക്കുകയാണ്.