ഇരിട്ടി: ആറളം ഫാം മേഖലയിൽ കാട്ടാനകളുടെ വിളയാട്ടം തുടരുന്നു. രാപ്പകൽ ഭേദമില്ലാതെയിറങ്ങുന്ന കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയിരിക്കുകയാണ് മലയോര കർഷകർ.

ആറളം മേഖലയിലെ പാലപ്പുഴ , പെരുമ്പുന്ന മേഖലകളിൽ ജനജീവിതത്തെ സ്തംഭിപ്പിച്ചു കൊണ്ട് കാട്ടാനകൾ വിഹരിക്കുകയാണ്. കാർഷിക വിളകൾക്ക് കനത്ത നാശനഷ്ടമാണ് ഇവ വരുത്തി വയ്ക്കുന്നത്. കർഷകർ കോവിഡ് കാലത്ത് അധ്വാനിച്ചു നട്ടുനനച്ച് വളർത്തിയെടുത്ത വിളകളാണ് കാട്ടാനകൾ കയറി നിമിഷങ്ങൾക്കുള്ളിൽ നാമാവിശേഷമാക്കുന്നത് .

മുഴക്കുന്ന് ഗ്രാമപഞ്ചായത്തിലെ ജനവാസകേന്ദ്രങ്ങളിലും കാട്ടാന ശല്യം രൂക്ഷമായി തുടരുന്നുണ്ട്. . ആറളം ഫാമിൽ നിന്നും ബാവലി പുഴ കടന്ന് ജനവാസകേന്ദ്രത്തിൽ എത്തുന്ന കാട്ടാനക്കൂട്ടം പാലപ്പുഴ,പെരുമ്പുന്ന, പുലിമുണ്ട, കൂടലാട് മേഖലകളിലാണ് വ്യാപകമായ നാശനഷ്ടം വിതയ്ക്കുന്നത്. തെങ്ങ്, വാഴ,മരച്ചീനി തുടങ്ങിയവയാണ് വ്യാപകമായി നശിപ്പിക്കുന്നത്.

കഴിഞ്ഞ ദിവസം രാത്രി പുലിമുണ്ട മേഖല ഇറങ്ങിയ കാട്ടാനകൾ പുലിമുണ്ടയിലെ ശ്രീധരന്റെ നൂറോളം വാഴകളും, തെങ്ങ് കപ്പ് തുടങ്ങിയവയാണ് നശിപ്പിച്ചത്. പാലപ്പുഴ ചേന്തോടിലെ പി.കെ. പ്രഭാകരൻ, കരളത്ത് കല്യാണിയമ്മ, വി.വി. കുഞ്ഞിരാമൻ, സുജാത ടീച്ചർ, എം.സി. ബിജിനു എന്നിവരുടെ വിവിധ കാര്ഷികവിളകളും ആനക്കൂട്ടം നശിപ്പിച്ചു.

കാട്ടാനകളടക്കമുള്ള വന്യമൃഗ ശല്യം മൂലം മേഖലയിലെ പല കർഷകരും കൃഷി തന്നെ ഉപേക്ഷിച്ച നിലയിലാണ്. ആന മതിൽ നിർമ്മാണമെന്ന വാഗ്ദ്ധാനവും ഇതുവരെ പൂർത്തീകരിക്കപ്പെട്ടിട്ടില്ല.