പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലമേള നടത്തിപ്പ് വിവാദത്തിൽ. ആചാരം പാലിച്ച് ജലമേള നടത്താൻ മൂന്നു പള്ളിയോടങ്ങൾക്ക് അനുവാദം നൽകിയ ജില്ലാ ഭരണ കൂടത്തിന്റെയും ആരോഗ്യമന്ത്രിയുടെയും തീരുമാനം മുഖ്യമന്ത്രി തിരുത്തി. കഴിഞ്ഞ തവണത്തേതു പോലെ ഒരു പള്ളിയോടം മാത്രം മതിയെന്ന് മുഖ്യമന്ത്രിയുടെ ഉത്തരവ്.

പള്ളിയോട കരകളിൽ പ്രതിഷേധം ഉയരുന്നതിനിടെ മൂന്നു പള്ളിയോടം അനുവദിക്കാമെന്ന് വാക്കാൽ പ്രഖ്യാപനമെത്തി. മൂന്ന് മേഖലയിൽ നിന്നും ഓരോ പള്ളിയോടം വീതം ജലമേളയിൽ പങ്കെടുക്കാം എന്ന തീരുമാനമാണ് സർക്കാർ ഇന്നലെ ഉച്ചയോടെ പിൻവലിച്ചത്. ആകെ ഒരു പള്ളിയോടത്തിന് മാത്രമാണ് അനുമതി നൽകിയത്.

ഉതൃട്ടാതി ജലോത്സവം, അഷ്ടമി രോഹിണി വള്ളസദ്യ, തിരുവോണത്തോണി വരവേൽപ്പ് ഉൾപ്പെടെയുള്ള ആചാരപരമായ ആഘോഷങ്ങൾക്ക് മൂന്നു പള്ളിയോടങ്ങൾക്ക് പങ്കെടുക്കാൻ ആരോഗ്യ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ജൂലൈ 20 ന് കൂടിയ അവലോകന യോഗത്തിൽ അനുമതി നൽകിയിരുന്നു.

ഇതിന് ശേഷം ഓഗസ്റ്റ് 14ന് കൂടിയ യോഗം ഇത് ശരി വയ്ക്കുകയും 9 പള്ളിയോടങ്ങൾ പങ്കെടുക്കാൻ അനുവദിക്കണമെന്ന പള്ളിയോട സേവാസംഘം ഭാരവാഹികളുടെ അഭ്യർത്ഥന ജില്ലാ കലക്ടർ സർക്കാരിലേക്ക് സമർപ്പിക്കകയും ചെയ്തു. കൂടുതൽ പള്ളിയോടത്തിന് അനുമതി ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരിക്കേയാണ് അനുമതി ലഭിച്ച പള്ളിയോടങ്ങൾ കൂടി റദ്ദ് ചെയ്തതായി ദുരന്ത നിവാരണ വകുപ്പിൽ നിന്ന് ബുധനാഴ്ച ഔദ്യോഗികമായി പള്ളിയോട സേവാസംഘം ഭാരവാഹികളെ അറിയിച്ചത്.

മാരാമൺ, കോഴഞ്ചേരി, കീഴ് വന്മഴി എന്നീ പള്ളിയോടങ്ങൾ യഥാക്രമം കിഴക്ക്, മധ്യം, പടിഞ്ഞാറ് മേഖലകളിൽ നിന്ന് ഇത്തവണത്തെ ചടങ്ങുകൾക്കായി നറുക്കിലൂടെ തെരഞ്ഞെടുത്തിരുന്നു. തെരഞ്ഞെടുക്കപ്പെട്ട കരകൾ പള്ളിയോടം നീരണിയുന്നതിനുള്ള മുഹൂർത്തവും കുറിച്ച് മിനുക്കു പണികളും നടത്തിയ ശേഷമാണ് സർക്കാരിന്റെ തീരുമാനം ചൊവ്വാഴ്ച രാത്രി വന്നത്. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം എടുത്തതെന്നാണ് ദുരന്ത നിവാരണ വിഭാഗം അറിയിച്ചിരിക്കുന്നത്.

എൻഎസ്എസിനും സംഘപരിവാറിനും നിർണായക സ്വാധീനമുള്ള 104 അംഗ പള്ളിയോട സേവാസംഘം പ്രതിനിധി സഭയിൽ ഇത്തവണ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളിൽ 25 പേർ സിപിഎം അംഗങ്ങളാണ്.
തിരുവോണത്തോണി ദേവസ്വം ബോർഡിന്റെ ചുമതലയിൽ കഴിഞ്ഞ ദിവസം നീരണഞ്ഞിരുന്നു. ഒരു പള്ളിയോടത്തിൽ 40 പേർ എന്ന ക്രമത്തിലാണ് ആളുകൾ പ്രവേശിക്കുന്നത്. പൂരാട നാളായ ഇന്ന് വൈകിട്ട് മങ്ങാട്ട് ഭട്ടതിരി ആറന്മുളയിലെത്തും.

ഭട്ടതിരി പമ്പാ നദിയിലൂടെ എത്തുന്ന സമയത്ത് തീരത്തെ ഓരോ പള്ളിയോട കരയും വഞ്ചിപ്പാട്ട് പാടി ഭദ്രദീപം കൊളുത്തി സ്വീകരിക്കിക്കുന്നതിന് പള്ളിയോട സേവാസംഘം പൊതുയോഗം തീരുമാനിച്ചു. പള്ളിയോടങ്ങൾ രണ്ട് വർഷമായി കരയിൽ ഇരിക്കുന്നത് മൂലമുള്ള ബുദ്ധിമുട്ടുകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഇതിനിടയിലാണ് പുതിയ ഉത്തരവ് വന്നത്.

ആറന്മുളയിലെ ആചാരങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പള്ളിയോടങ്ങൾക്ക് അനുമതി നൽകിയ ശേഷം അത് പിൻവലിച്ച സർക്കാർ നടപടി ആചാരങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പൈതൃക ഗ്രാമ കർമ സമിതി ആരോപിച്ചു. വിവാഹ ചടങ്ങുകൾക്ക് 40 പേർ വരെ പങ്കെടുക്കാൻ അനുവാദം നൽകിയിരിക്കുന്ന സർക്കാർ ബിവറേജിലും മാർക്കറ്റിലും കൂടുന്ന ആളുകളെ കാണുന്നില്ല. ഈ സാഹചര്യത്തിൽ പള്ളിയോടത്തിൽ 24 പേർ മാത്രം കയറിയാൽ മതിയെന്നും ഒരു പള്ളിയോടം മാത്രം ഇറക്കിയാൽ മതിയെന്നും ഉത്തരവ് നൽകിയിരിക്കുന്നത് ആചാരങ്ങൾ സംബന്ധിച്ചുള്ള സർക്കാരിന്റെ സ്ഥിരം നിലപാടാണ് വ്യക്തമാക്കുന്നത്.

മന്ത്രി പങ്കെടുത്ത യോഗത്തിൽ എടുത്ത തീരുമാനം റദ്ദ് ചെയ്യപ്പെട്ടിട്ടും ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയാറാകാത്ത വീണ ജോർജ് മാപ്പ് പറയണമെന്നും ആത്മാഭിമാനമുണ്ടെങ്കിൽ രാജി വയ്ക്കണമെന്നും സമിതി ജനറൽ കൺവീനർ പി. ആർ.ഷാജി ആവശ്യപ്പെട്ടു. പ്രതിഷേധം കനക്കുന്നതിനിടെയാണ് ഇന്നലെ രാത്രി വീണ്ടും മൂന്നു പള്ളിയോടമെന്ന തീരുമാനം വന്നത്.