കൊച്ചി: കസ്റ്റഡിയിൽ വെച്ച് തന്നെ കസ്റ്റംസ് മർദ്ദിച്ചെന്ന് കരിപ്പൂർ സ്വർണക്കടത്ത് കേസിലെ പ്രധാന പ്രതിയായ അർജുൻ ആയങ്കി. നഗ്‌നനാക്കി നിർത്തിയായിരുന്നു മർദ്ദനമെന്നും അർജുൻ കോടതിയിൽ പറഞ്ഞു. കസ്റ്റഡിയിലെടുത്ത് രണ്ടാം ദിവസമായിരുന്നു മർദ്ദനം. അതേസമയം അർജുൻ ആയങ്കിയെ ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ട് കസ്റ്റംസ് നൽകിയ അപേക്ഷ കോടതി തള്ളി.

കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾ കൈകാര്യം ചെയ്യുന്ന കോടതിയിലാണ് അർജുനെ ഹാജരാക്കിയത്. കൂടുതൽ വിവരങ്ങൾ ലഭിക്കാൻ അർജുൻ ആയങ്കിയെ വീണ്ടും ചോദ്യം ചെയ്യേണ്ടതുണ്ടെന്നാണ് കസ്റ്റംസിന്റെ ആവശ്യം.

കരിപ്പുർ സ്വർണക്കടത്തിന് ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളായ കൊടി സുനിയുടേയും ഷാഫിയുടേയും സംരക്ഷണം ലഭിച്ചതായി കോടതിയിൽ കസ്റ്റംസ് നൽകിയ കസ്റ്റഡി റിപ്പോർട്ടിൽ പറയുന്നു. കേസിൽ പരോളിൽ പുറത്തുള്ള മുഹമ്മദ് ഷാഫി പ്രത്യേക രാഷ്ട്രീയ പാർട്ടികളുടെ ആളുകളാണെന്ന് സോഷ്യൽ മീഡിയയിൽ കാണിച്ച് യുവാക്കളെ ആകർഷിച്ചു.

ഇക്കാര്യങ്ങളിൽ കൂടുതൽ അന്വേഷണം വേണമെന്നും കസ്റ്റംസ് കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. അർജുൻ ആയങ്കി നൽകിയ മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. സ്വർണക്കടത്ത് സംഘത്തെക്കുറിച്ച് അറിയില്ലെന്ന് ആദ്യം പറഞ്ഞു, എന്നാൽ ഷാഫി നൽകിയ മൊഴി ഇതിന് വിരുദ്ധമാണ്.