കൊച്ചി: എൽ.എൽ.ബി ബിരുദ വിദ്യാർത്ഥിനിയായിരുന്നു കൊല്ലം സ്വദേശിനിയായ അമല. നിയമത്തെ കുറിച്ച് ധാരണയുള്ള വ്യക്തി. അർജുൻ ആയങ്കി എന്ന സ്വർണ്ണക്കടത്തുകാരനുമായി വർഷങ്ങൾ നീണ്ട പ്രണയത്തിന് ഒടുലാണ് ഇവർ വിവാഹം കഴിച്ചത്. അഴീക്കൽ കപ്പക്കടവിൽ അർജുൻ പുതുതായി എടുത്ത വീട്ടിലാണ് ഇവർ താമസിച്ചു വന്നത്. സ്വർണ്ണക്കടത്തു പണം കൊണ്ട് സമ്പാദിച്ചതായിരുന്നു ഈ വീടും.

ഇക്കഴിഞ്ഞ ഏപ്രിൽ എട്ടിനാണ് ഇവർ തമ്മിൽ നീണ്ട നാളത്തെ പ്രണയത്തെ തുടർന്ന് വിവാഹിതരായത്. ഈ വിവാഹത്തിന് ആകാശ് തില്ലങ്കേരി ഉൾപ്പെടെയുള്ളവർ പങ്കെടുത്തിരുന്നു. അർജുന് വരവിൽ കവിഞ്ഞ് ചിലവുണ്ടായിരുന്നെന്നും വരുമാനമില്ലാതിരുന്നിട്ടും ആർഭാടജീവിതമായിരുന്നു നയിച്ചതെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതേക്കുറിച്ചെല്ലാം അമലയ്ക്കും അറിവുണ്ടായിരുന്നു. ഇപ്പോൾ അർജുൻ ആയങ്കിയെ ഭാര്യയും കൈവിട്ടോ എന്ന സംശയമാണ് ഉയരുന്നത്.

കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസ് പ്രതി അർജുൻ ആയങ്കിയുടെ ക്രിമിനൽ ബന്ധങ്ങളെ പറ്റി സുഹൃത്തുക്കളും അടുത്ത ബന്ധുവും മുന്നറിയിപ്പു നൽകിയതായി ഭാര്യ അമല കസ്റ്റംസിനോടു വെളിപ്പെടുത്തി. അർജുന്റെ ജാമ്യാപേക്ഷയെ എതിർത്തു സമർപ്പിച്ച റിപ്പോർട്ടിലാണ് അന്വേഷണ സംഘം ഇക്കാര്യം കോടതിയെ അറിയിച്ചത്. അർജുനു സ്വർണക്കടത്തിൽ പങ്കാളിത്തമുണ്ടെന്നു ഭാര്യ സ്ഥിരീകരിച്ചതായും കസ്റ്റംസിന്റെ റിപ്പോർട്ടിലുണ്ട്.

ക്രിമിനൽ ബന്ധമുള്ള അർജുനു ജാമ്യം ലഭിച്ചാൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുമെന്ന് കസ്റ്റംസ് ചൂണ്ടിക്കാട്ടി. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചു ക്രിമിനൽ പ്രവർത്തനം നടത്തുന്ന ഗുണ്ടാസംഘവുമായി അർജുന് അടുത്ത ബന്ധമുണ്ട്. അർജുൻ, ഭാര്യ എന്നിവരുടെ മൊഴികൾ മുദ്രവച്ച കവറിൽ കസ്റ്റംസ് കോടതിയിൽ സമർപ്പിക്കും. ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധിപറയും.

കുറ്റകൃത്യത്തിൽ കരിപ്പൂർ വിമാനത്താവളത്തിലെ ചില കസ്റ്റംസ് ഉദ്യോഗസ്ഥർക്കും ബന്ധമുണ്ടെന്ന നിലപാടിലാണു കള്ളക്കടത്തു ക്വട്ടേഷൻ അന്വേഷിക്കുന്ന കേരള പൊലീസ്. അർജുൻ ആയങ്കിയെ കാക്കനാട് ജില്ലാ ജയിലിനുള്ളിൽ ചോദ്യംചെയ്യാനുള്ള ശ്രമത്തിലാണു പൊലീസ്. ഇതിനു സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ അപേക്ഷ നൽകി.

കുറ്റകൃത്യങ്ങളിൽ അർജുന്റെ പങ്കാളിയും ഷുഹൈബ് വധക്കേസ് പ്രതിയുമായ ആകാശ് തില്ലങ്കേരിയെ കസ്റ്റംസ് ഇന്നലെ ചോദ്യം ചെയ്തു. അർജുന്റെ മുഴുവൻ കുറ്റകൃത്യങ്ങളും ആകാശിനറിയാമെന്ന സാക്ഷിമൊഴിയെ തുടർന്നാണ് ആകാശിനെ ചോദ്യംചെയ്യുന്നത്. നോട്ടിസ് ലഭിച്ചതിനെ തുടർന്ന് ഇന്നലെ രാവിലെ 11 മണിക്ക് ആകാശ് പ്രിവന്റീവ് കമ്മിഷണറേറ്റിലെത്തി.