കൊച്ചി: കരിപ്പൂർ കള്ളക്കടത്ത് കേസിൽ കസ്റ്റംസിന്റെ തന്ത്രം ഫലിച്ചു. കണ്ണൂരിലെ തെളിവെടുപ്പിനു ശേഷം അർജുൻ ആയങ്കിയുടെ മനോഭാവത്തിൽ മാറ്റം പ്രകടം. ഭാര്യ അമലയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതാണ് കൂടുതൽ സത്യം പറയാൻ അർജുനെ പ്രേരിപ്പിക്കുന്നതെന്നാണ് സൂചന. ഇതിന് വേണ്ടി കൂടിയായിരുന്നു അമലയെ ചോദ്യം ചെയ്യാൻ വിളിച്ചത്.

അർജുന്റെ ഭാര്യ, ടി.പി. കേസ് പ്രതി ഷാഫി, കൊടി സുനി എന്നിവരെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച വിവരം അറിഞ്ഞതോടെ അർജുൻ ചോദ്യം ചെയ്യലിനോടു കൂടുതൽ സഹകരിക്കുന്നുണ്ട്. സ്വർണക്കടത്തും കവർച്ചയും ആസൂത്രണം ചെയ്യുന്ന സംഘത്തിലെ മുതിർന്ന അംഗങ്ങളുടെ നിർദ്ദേശം സ്വീകരിക്കാൻ ഉപയോഗിച്ചിരുന്ന ഫോണാണ് അർജുൻ നശിപ്പിച്ചത്. ഇതോടെ വലിയ ഗൂഢാലോചന ഇതിന് പിന്നിലുണ്ടെന്ന് വ്യക്തമാകുകയാണ്.

ഫോൺ നശിപ്പിച്ചതോടെ ഇതിലൂടെ നടത്തിയ വാട്‌സാപ് സന്ദേശങ്ങളുടെയും വിളികളുടെയും വിശദാംശങ്ങൾ കണ്ടെത്തുക എളുപ്പമല്ല. രാമനാട്ടുകര അപകടത്തിനു ശേഷം ഒളിവിൽപോയ അർജുൻ സംരക്ഷകരെ മുഴുവൻ ബന്ധപ്പെട്ടതും നിർദ്ദേശങ്ങൾ സ്വീകരിച്ചതും വാട്‌സാപ്, ടെലിഗ്രാം ആപ്പുകൾ വഴിയാണ്. അർജുന്റെ 'ലീഡർ' അടക്കമുള്ളവരുടെ ഫോണുകൾ പിടിച്ചെടുത്താൽ മാത്രമേ ശാസ്ത്രീയ തെളിവുകൾ വീണ്ടെടുക്കാൻ കഴിയൂ.

അർജുൻ ആയങ്കിയുടെ സാമ്പത്തിക വളർച്ചയുടെ കാരണവും കണ്ടെത്താൻ കഴിയും. ടിപി കേസ് പ്രതിയായ ഷാഫിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച ശേഷം അറസ്റ്റു ചെയ്യാനും സാധ്യതയുണ്ട്. എന്നാൽ അർജുൻ ആയങ്കിയുടെ ഭാര്യയെ അറസ്റ്റ് ചെയ്യില്ലെന്നാണ് സൂചന. അർജുനെ സമ്മർദ്ദത്തിലാക്കാനാണ് ഭാര്യയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചതെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

അർജുൻ ആയങ്കിയുടെ ഭാര്യയോടും അമ്മയോടും ഇന്ന് കൊച്ചിയിൽ കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. അർജുന്റെ ഇടപാടുകൾ, വരുമാനം, ബന്ധങ്ങൾ തുടങ്ങിയവ സംബന്ധിച്ച വിവരങ്ങൾ ചോദിച്ചറിയുകയാണ് ലക്ഷ്യമെന്ന് കസ്റ്റംസ് വൃത്തങ്ങൾ പറഞ്ഞു. ഈ ചോദ്യം ചെയ്യലും നിർണ്ണായകമാകും.

അർജുനും കാരിയർ മുഹമ്മദ് ഷഫീഖും തമ്മിലുള്ള സംസാരവും സന്ദേശങ്ങളും ഷഫീഖിന്റെ ഫോണിൽ നിന്നു കസ്റ്റംസ് വീണ്ടെടുത്തിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട മറ്റു ചില ഫോണുകൾ കൂടി നിർജീവമായിട്ടുണ്ട്. ഇവയും നശിപ്പിക്കപ്പെട്ടിരിക്കാനാണു സാധ്യത. റമീസിന്റ കേസിൽ നശിപ്പിക്കപ്പെട്ട ഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയിരുന്നു. അർജുന്റെ ഫോണിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തും വരെ അതു നശിപ്പിച്ചതായുള്ള മൊഴി വിശ്വാസത്തിലെടുക്കാൻ കസ്റ്റംസ് തയാറല്ല.

അതിനിടെ ജയിലിലുള്ള ടി.പി. വധക്കേസ് പ്രതികൾ സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെട്ടത് സർക്കാർ ഒത്താശയോടെ എന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ ആരോപിച്ചു. അധികൃതരുടെ അനുമതിയില്ലാതെ ടി.പി. കേസ് പ്രതികൾ എങ്ങനെ സ്വർണക്കടത്ത് സംഘവുമായി ബന്ധപ്പെടുമെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. ടി.പി വധക്കേസ് പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വർണം തട്ടിയെടുക്കാൻ സഹായിച്ചുവെന്ന് സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തിലെ പ്രധാനി അർജുൻ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. സഹായത്തിനുള്ള പ്രതിഫലം കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും നൽകിയതായും അർജുൻ സമ്മതിച്ചിരുന്നു.

ഒളിവിൽ കഴിയാനും ടി.പി വധക്കേസ് പ്രതികൾ സഹായിച്ചിട്ടുണ്ടെന്നും അർജുൻ ആയങ്കി മൊഴി നൽകിയിട്ടുണ്ട്. അർജുന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ കൊടി സുനിയുടെയും മുഹമ്മദ് ഷാഫിയുടെയും വീടുകളിൽ ശനിയാഴ്ച കസ്റ്റംസ് പരിശോധന നടത്തിയിരുന്നു.