ശ്രീനഗർ: ജമ്മു കശ്മീരിൽ കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു. പരിക്കേറ്റ പൈലറ്റുമാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരുവരുടെയും നില ഗുരുതരമെന്നാണ് റിപ്പോർട്ടുകൾ. ജമ്മു കശ്മീരിലെ കതുവ ജില്ലയിലെ ലഖൻപൂരിന് സമീപം ആർമി ഏവിയേഷൻ കോർപ്സിന്റെ ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നുവീണത്.

രണ്ട് പൈലറ്റുമാർക്കും ഗുരുതരമായി പരിക്കേറ്റതായും സൈനിക ആശുപത്രിയിലേക്ക് മാറ്റിയതായും റിപ്പോർട്ടുണ്ട്. ഹെലികോപ്റ്റർ പതിവ് പ്രവർത്തന ദൗത്യത്തിലായിരുന്നുവെന്നും ഒരു സാങ്കേതിക തകരാറിലാനെ തുടർന്നാണ് അപകടമെന്ന് സംശയിക്കുന്നുവെന്നും വൃത്തങ്ങൾ അറിയിച്ചു. ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് രൂപകൽപ്പന ചെയ്തതും വികസിപ്പിച്ചെടുത്തതുമായ യൂട്ടിലിറ്റി ഹെലികോപ്റ്ററിൽ പ്രതിരോധ സേവനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിന് സായുധ പതിപ്പും ഉണ്ട്.

ഈ മാസം ആദ്യം രാജസ്ഥാനിലെ സൂറത്​ഗഡിൽ ഒരു മിഗ് 21 ബൈസൺ വിമാനം ലാൻഡിംഗിനിടെ തകർന്നിരുന്നു. വിമാനത്തിന്റെ പൈലറ്റ് അപകടത്തിൽ നിന്ന് രക്ഷപ്പെടുകയും ചെയ്തിരുന്നു. രാജസ്ഥാനിലെ ശ്രീ ഗംഗനഗർ ജില്ലയിലെ വ്യോമതാവളത്തിലാണ് മിഗ് -21 ബൈസൺ യുദ്ധവിമാനം പതിവ് അഭ്യാസത്തിനിടെ തകർന്നത്.