ശ്രീനഗർ: ജമ്മു കശ്മീർ പുൽവാമയിലെ പാംപൊരയിൽ ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ. ലഷ്‌കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡെ ഉൾപ്പെടെ പത്ത് ഭീകരർ അകപ്പെട്ടതായി ജമ്മുകശ്മീർ പൊലീസ് അറിയിച്ചു. പൂഞ്ച് സെക്ടറിൽ ഒളിച്ചിരിക്കുന്ന ഭീകരർക്കായുള്ള തിരച്ചിലും തുടരുകയാണ്. പൂഞ്ചിൽ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫീസറെ കാണാതായതായാണ് റിപ്പോർട്ട്

ഇന്ന് പുലർച്ചയോടെയാണ് പാംപൊരയിലെ ഡ്രാങ്ബാലിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നതായി ലഭിച്ച സൂചനകൾക്കനുസരിച്ചാണ് സൈന്യം ദ്രാംഗ്ബാൽ മേഖല വളഞ്ഞത്.

ആക്രമണം നടത്തിയ ഭീകരരെ സൈന്യവും ജമ്മുകാശ്മീർ പൊലീസും സിആർപിഎഫും സംയുക്തമായി നേരിടുകയാണ്. മേഖലയിൽ ലഷ്‌കർ ഭീകരരുടെ സാന്നിധ്യത്തെ കുറിച്ച് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്ന നീക്കം. ലഷ്‌കർ കമാൻഡർ ഉമർ മുഷ്താഖ് ഖാൻഡെ അടക്കം പത്ത് ഭീകരരെ സുരക്ഷസേന വളഞ്ഞിട്ടുണ്ട്. ശ്രീനഗറിൽ മുൻപ് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട ആക്രമണങ്ങൾക്ക് പിന്നിൽ ഉമർ മുഷ്താഖ് ഖാൻഡെയ്ക്കും പങ്കെണ്ടെന്ന് ജമ്മുകശ്മീർ പൊലീസ് അറിയിച്ചു.

ലഷ്‌ക്കറിന്റെ ആദ്യ 10 കൊടുംഭീകരന്മാരിൽ പ്രധാനിയാണ് ഉമർ ഖാണ്ഡെ. സൈനളകർക്ക് നേരെ ആക്രമണം നടന്ന പൂഞ്ചിലും ഭീകരർക്കായുള്ള തെരച്ചിൽ തുടരുകയാണ്. കഴിഞ്ഞ ദിവസം രണ്ട് സൈനീകർ വീരമൃത്യു വരിച്ച ഇവിടേക്ക് കൂടുതൽ സൈനീക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസത്തെ ഏറ്റുമുട്ടലിനിടെ ഒരു ജൂനിയർ കമ്മീഷൻഡ് ഓഫിസറെ കാണാതായും റിപ്പോർട്ടുണ്ട്. ഏറ്റുമുട്ടൽ നടന്ന വനമേഖലയിൽ ജെസിഒയ്ക്കായി തെരച്ചിൽ സൈന്യം നടത്തുന്നുണ്ട്.

ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തിൽ ജമ്മുകശ്മീർ ഡിജിപി ദിൽബാഗ് സിങിന്റെ അധ്യക്ഷതയിൽ ഉന്നതതലയോഗം ചേർന്നു. നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ യോഗത്തിൽ നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ മാസം ആദ്യം നാട്ടുകാർക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾക്ക് ശേഷം പതിനൊന്ന് ഭീകരരെ വധിക്കാൻ സാധിച്ചതായി കശ്മീർ ഐജിപി വിജയ് കുമാർ വ്യക്തമാക്കി.വെള്ളിയാഴ്ച മുതൽ കശ്മീർ മേഖലയിൽ സൈന്യം നടത്തുന്ന ഭീകരവേട്ടയിൽ ഇതുവരെ ആറു ഭീകരരെയാണ് വധിക്കാനായത്.

ഭീകര വാദി പട്ടികയിലുള്ള ഷാഹിദ് ബഷീർ ഷെയ്ഖിനെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ വധിച്ചിരുന്നു. മുഹമ്മദ് ഷാഫി ദർ എന്ന സാധാരണക്കാരനായ ഉദ്യോഗസ്ഥനെ വധിച്ച ഭീകരനാണ് ഷാഹിദ് ബഷീർ ഷെയ്ഖ്. എകെ 47 അടക്കമുള്ള ആയുധങ്ങൾ ഷാഹിദ് ബഷീർ ഷൈഖിന്റെ പക്കൽ നിന്ന് കണ്ടെടുത്തു.

പ്രൊബേഷൻ എസ്‌ഐ ആയ റാഷിദ് അഹ്‌മദിനെ നവംബർ 12ന് വധിച്ച ഭീകരനാണ് കൊല്ലപ്പെട്ട രണ്ടാമെത്തെയാൾ. വലിയ രീതിയിൽ ചർച്ചയായ ഒന്നായിരുന്നു പ്രൊബേഷൻ എസ്‌ഐ ആയ റാഷിദ് അഹ്‌മദിന്റെ കൊലപാതകം. ഒരു തീവ്രവാദി പകൽ സമയത്ത് എല്ലാവരുടെയും കൺമുന്നിൽ വച്ചാണ് കൃത്യം നടത്തിയത്. ഈ ഭീകരനെയാണ് സൈന്യം വധിച്ചത്. ജമ്മു കശ്മീർ പൊലീസും സിആർപിഎഫും അടങ്ങിയ സംഘമാണ് സൈനിക നടപടി നടത്തിയത്. ജമ്മു കശ്മീരിലെ വിവിധ ഇടങ്ങളിൽ കൂടുതൽ ഭീകരർക്കായി തിരച്ചിൽ തുടരുകയാണ്.