മുംബൈ: വാട്‌സ് ആപ്പ് ലീക്കോടെ പ്രതിസന്ധിയിലായ റിപ്പബ്ലിക് ടിവി എംഡി അർണാബ് ഗോസ്വാമിക്ക് മേൽ കുരുക്കു മുറുകുന്നു. റേറ്റങ്ങിൽ കൃത്രിമം നടത്തിയതുമായി ബന്ധപ്പെട്ട് കോടതിയിലുള്ള കേസിൽ വിധി വരും വരെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ (ഐ.ബി.എഫ്.) റിപബ്ലിക് ടി.വി.യുടെ അംഗത്വം റദ്ദാക്കണമെന്ന് എൻ.ബി.എ. ആവശ്യപ്പെട്ടു, കേസിൽ കോടതിയുടെ തീർപ്പുവരുംവരെ റിപബ്ലിക് ടിവിയുടെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിങ് ഫൗണ്ടേഷൻ (ഐ.ബി.എഫ്) അംഗത്വം ഉടനടി റദ്ദ് ചെയ്യണമെന്നും ബാർക് റേറ്റിങ് സംവിധാനത്തിൽനിന്നും റിപബ്ലിക് ടി.വിയെ ഒഴിവാക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു.

റേറ്റിങ്ങിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ എന്ത് ശിക്ഷാനടപടിയെടുക്കുമെന്നും ഇപ്പോഴത്തെ കേസിൽ എന്തു നടപടിയുണ്ടാകുമെന്നും വ്യക്തമാക്കണമെന്ന് എൻ.ബി.എ ബാർക്കിനോട് ആവശ്യപ്പെട്ടു. ഈ വിവരങ്ങൾ പങ്കുവെക്കുംവരെ വാർത്താ ചാനലുകളുടെ റേറ്റിങ് കണക്കാക്കുന്നത് നിർത്തിവെക്കണമെന്നും എൻ.ബി.എ. ആവശ്യപ്പെട്ടു.

ഓഡിറ്റ് നടന്നപ്പോഴുള്ള റേറ്റിങ്ങിന്റെ കാര്യത്തിൽ ബാർക് വ്യക്തമായ പ്രസ്താവനയിറക്കണമെന്നും റിപബ്ലിക് ടി.വിയുടെ വിവരങ്ങൾ ഒഴിവാക്കി എല്ലാ വാർത്താ ചാനലുകളുടെയും തുടക്കംമുതലുള്ള റാങ്കിങ് വീണ്ടും ഇറക്കണമെന്നും എൻ.ബി.എ ആവശ്യപ്പെട്ടു. റേറ്റിങ് നടപടികൾ സുതാര്യമാക്കാൻ ബാർക് നടപടി സ്വീകരിക്കണമെന്നും എൻ.ബി.എ അറിയിച്ചു.

2019 മാർച്ച് 25 ന് പാർഥോ ദാസ് ഗുപ്ത രഹസ്യ സ്വഭാവമുള്ള ബാർകിന്റെ കത്ത് അർണബിന് അയച്ച ശേഷം നടത്തിയ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് പുറത്തുവന്നിരിക്കുന്നത്. മുതിർന്ന അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ അടക്കമുള്ളവർ ഇത് പങ്കുവെച്ചിട്ടുണ്ട്. വാട്‌സ് ആപ്പ് ചാറ്റിൽ താൻ എൻ.ബി.എ തടസ്സപ്പെടുത്തിയിട്ടുണ്ടെന്നും ഇന്ത്യ ടിവിയിലെ രജത് ശർമ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രി വഴി രക്ഷിക്കണമെന്നും പാർഥോ വാട്‌സ് ആപ്പ് ചാറ്റിൽ പറയുന്നതായി കാണാം. താൻ അയച്ച കത്ത് സമയം കിട്ടുമ്പോൾ വായിക്കണമെന്നും അർണബിനോട് പാർഥോ പറയുന്നുണ്ട്.

ഇതിന് മറുപടിയായി പ്രധാനമന്ത്രിയുടെ സഹായം ഉറപ്പാക്കാമെന്ന് അർണബ് ഉറപ്പ് നൽകുന്നുമുണ്ട്. താൻ വ്യാഴാഴ്ച പ്രധാനമന്ത്രിയെ കണ്ടേക്കുമെന്നും പറയുന്നു. ട്രായിയോടും രജത് ശർമയോടും തങ്ങളുടെ കാര്യത്തിൽ ഇടപെടരുതെന്ന് പറയണമെന്നും താൻ ബിജെപിയേയും
വാർത്താവിതരണപ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും ബാർക് സിഇഒ പറയുന്നു.

ടി.ആർ.പി റേറ്റിംഗിൽ റിപബ്ലിക് ടി.വി കൃത്രിമത്വം കാണിച്ചെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ടി.ആർ.പി റേറ്റിങ് വിവരങ്ങൾ നൽകുന്ന ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിലിൽ (ബാർകോഡ്) രഹസ്യമായി ഇടപെട്ട് വിവരങ്ങളിൽ കൃത്രിമത്വം കാണിച്ചെന്നാണ് പൊലീസ് വ്യക്തമാക്കിയത്.

ടി.ആർ.പി റേറ്റിങ് അളക്കുന്ന രണ്ടായിരത്തിലധികം ബാരോമീറ്ററുകൾ മുംബൈയിൽ സ്ഥാപിച്ചിട്ടുണ്ട്. ഇവ ഇൻസ്റ്റാൾ ചെയ്ത സ്ഥലങ്ങൾ രഹസ്യമാണ്. എന്നാൽ ഈ ബാരോമീറ്റർ സ്ഥാപിക്കാൻ നിയോഗിക്കപ്പെട്ട മുൻ ജീവനക്കാർ അതിനെ സ്വാധീനിക്കുന്നതായി പൊലീസ് കണ്ടെത്തിയിരുന്നു. റിപബ്ലിക് ടി.വി ബോക്സ് സിനിമ, ഫക്ത് മറാത്തി എന്നീ ചാനലുകൾ ടി.ആർ.പി റാക്കറ്റിനു പിന്നിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന് മുംബൈ പൊലീസ് കമ്മീഷണർ പരം ബിർ സിങ് നേരത്തെ പറഞ്ഞിരുന്നു. ടി.ആർ.പി. തട്ടിപ്പുകേസിൽ പാർഥോ ദാസ് ഗുപ്തയുൾപ്പെടെയുള്ള പ്രതികൾക്കെതിരേ മുംബൈ പൊലീസ് അനുബന്ധ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.