മുംബൈ: അർണാബ് ഗോസ്വാമിക്ക് മിച്ച മാധ്യമപ്രവർത്തനത്തിനുള്ള അവാർഡ്! പുരസ്‌ക്കാരം നൽകാൻ എത്തിയതാവട്ടെ സ്റ്റാൻഡ് അപ്പ് കൊമേഡിയൻ കുനാൽ കമ്രയും സംവിധായകൻ അനുരാഗ് കശ്യപും. പുരസ്‌ക്കാരം നൽകുന്നത് ഫ്രെയിം ചെയ്ത ചെരിപ്പുകളാണെന്ന് മാത്രം.അനുരാഗ് കശ്യപിനൊപ്പമാണ് താൻ പോയതെന്നും എന്നാൽ ചെന്നപ്പോൾ അനുവാദമില്ലാതെ കയറ്റാൻ അനുവദിക്കില്ലെന്ന് സുരക്ഷാ ജീവനക്കാരൻ പറഞ്ഞതായും കുനാൽ കമ്ര ഫേസ്‌ബുക്കിൽ കുറിച്ചു.

കുനാൽ കമ്രയുടെ പോസ്റ്റ് ഇങ്ങനെയാണ്:

'പിറന്നാളുകാരൻ അനുരാഗ് കശ്യപിനൊപ്പം മികച്ച മാധ്യമ പ്രവർത്തനം നടത്തുന്ന അർണബ് ഗോസ്വാമിക്ക് ഒരു അവാർഡ് നൽകാനായി റിപ്പബ്ലിക്കിന്റെ ഓഫീസിൽ ചെന്നു. എന്നാൽ സുരക്ഷാ ജീവനക്കാരൻ പറഞ്ഞത് അനുവാദമില്ലാതെ അനുമതി തരില്ലെന്നാണ്,' കുനാൽ കമ്ര പോസ്റ്റ് ചെയ്തു.

ഇരുവരും റിപ്പബ്ലിക് ഓഫീസിന്റെ മുന്നിൽ നിന്നും ചെരിപ്പ് പിടിച്ച് നിൽക്കുന്ന ചിത്രവും ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇരുവരുടെയും കയ്യിലുള്ള ഫ്രെയിം ചെയ്ത് വെച്ച ചെരിപ്പുകൾക്ക് താഴെ അവാർഡെഡ് ടു അർണാബ് ഗോസ്വാമി, ഇൻ ഹിസ് എക്സലൻസ് ഓഫ് ജേർണലിസം എന്ന് ഇരുവരുടെയും പേരുകളോടെ കുറിച്ച് വെച്ചിട്ടുണ്ടായിരുന്നു.

അർണാബ് ഗോസ്വാമിക്കെതിരെ നിരന്തരമായി പ്രതിഷേധങ്ങളാണ് ഉയർന്നു വരുന്നത്. സുനന്ദാ പുഷ്‌കറിന്റെ മരണവുമായി റിപ്പബ്ലിക് ചാനൽ വഴി നടത്തുന്ന അധിക്ഷേപ കരമായ പരാമർശങ്ങൾ ഒഴിവാക്കണമെന്ന് ഡൽഹി ഹൈക്കോടതി അർണാബിനോട് പറഞ്ഞിരുന്നു. സുശാന്ത് സിങ് രജ്പുതിന്റെ മരണവുമായി ബന്ധപ്പെട്ട് നടി റിയാ ചക്രബർത്തിയ്‌ക്കെതിരായ മാധ്യമവിചാരണയിൽ പ്രതിഷേധിച്ച് റിപ്പബ്ലിക് ടി.വിയിൽ മാധ്യമ പ്രവർത്തകർ കൂട്ടമായി രാജിവെച്ചിരുന്നു. മാധ്യമപ്രവർത്തകരായ ശാന്തശ്രീ സർക്കാർ, തേജീന്ദർ സിങ് സോധി എന്നിവരാണ് രാജിവെച്ചത്.