മുംബൈ: സുപ്രീംകോടതി ജാമ്യം അനുവദിച്ചതോടെ റിപ്പബ്ലിക് ടിവി എഡിറ്റർ അർണബ് ഗോസ്വാമി ഇന്നലെ ജയിലിൽ നിന്നും പുറത്തിറങ്ങിയിരുന്നു. റിപ്പബ്ലിക് ടിവിയുടെ ന്യൂസ് റൂമിലേക്ക് അർണാബ് ഗോസ്വാമി എത്തിയത് തന്നെ ബോളിവുഡ് സിനിമകളെ പോലും വെല്ലുന്ന നാടകീയ രംഗങ്ങളുമായിട്ടായിരുന്നു. സിനിമകൾ വില്ലന്മാരെ തുരത്തി എത്തുന്ന നായകന്റെ പരിവേഷമായിരുന്നു അർണാബ് ഗോസ്വാമിക്ക്. അടിമുടി നാടകീയമായി നീക്കങ്ങൾ. അതിന് അനുസരിച്ചു തന്നെ തന്റെ റോൾ ഭംഗിയായി നിർവ്വഹിച്ചു അർണാബ് ഗോസ്വാമിയും.

എട്ടു ദിവസം ജയിലിൽ കഴിഞ്ഞെത്തിയ അർണാബ് കുറ്റിത്താടി വെച്ചു കൊണ്ടായിരുന്നു ജയിലിൽ നിന്നും പുറത്തിറങ്ങിയത്. ജയിലിൽ നിന്നും പുറത്തിറങ്ങിയപ്പോൾ മുതൽ വലിയ സ്വീകരണവും അർണാബ്് ഫാൻസുകാർ ഒരുക്കിയിരുന്നു. ഒരു രാഷ്ട്രീയക്കാരൻ ജയിലിൽ നിന്നും ഇറങ്ങിയാൽ എന്തു ചെയ്യുമെന്ന വിധത്തിലാണ് അർണാബും കാര്യങ്ങൾ ചെയ്തതത്. ഭാരത് മാതാകീ ജയ് മുദ്രാവാക്യങ്ങൾ വിളിച്ചു കൊണ്ടായിരുന്നു അദ്ദേഹം പുറത്തിറങ്ങിയത്. പിന്നാലെ സ്റ്റുഡിയോയിലേക്ക് എത്തി സഹപ്രവർത്തകരെ കെട്ടിപ്പിച്ചു കൊണ്ടും മുഷ്ടി ചുരുട്ടിക്കൊണ്ടും മുദ്രാവാക്യം വിളിച്ചു.

മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ പരസ്യമായി വെല്ലുവിളിച്ചു കൊണ്ടാണ് അദ്ദേഹം ചാനലിൽ പ്രസംഗം നടതതിയത്. ഉദ്ധവിനെതിരെ അർണാബ് കത്തിക്കയറിയത് ഇങ്ങനെയാണ്:

'ഉദ്ധവ് താക്കറെ, ഞാൻ പറയുന്നത് കേൾക്കൂ. നിങ്ങൾ പരാജയപ്പെട്ടു. നിങ്ങളെ പരാജയപ്പെടുത്തി. ഒരു പഴയ കള്ളക്കേസിൽ നിങ്ങൾ എന്നെ അറസ്റ്റ് ചെയ്തു. എന്നോട് ക്ഷമ ചോദിക്കുക പോലും ചെയ്തില്ല. ശരിക്കുള്ള ഗെയിം തുടങ്ങിയിട്ടേയുള്ളൂ' അർണബ് പറഞ്ഞു. താൻ ജയിലിൽ ഇരുന്നും ചാനലുകൾ ലോഞ്ച് ചെയ്യും. നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ലെന്നും അർണബ് ഉദ്ധവിനോട് പറഞ്ഞു. റിപബ്ലിക് ടിവിയെ തകർക്കാനുള്ള എല്ലാ ശ്രമവും ചെറുക്കും. ചാനലിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തും. എല്ലാ ഭാഷയിലും ചാനൽ സംപ്രേഷണം ചെയ്യുമെന്നും അർണബ് പറഞ്ഞു. തനിക്ക് പൂർണ പിന്തുണ നൽകിയ സഹപ്രവർത്തകരോടുള്ള നന്ദിയും അർണബ് പറഞ്ഞു.

വ്യക്തിസ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കേണ്ടത് അനിവാര്യമാണെന്ന് നിരീക്ഷിച്ചാണ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബഞ്ച് ജാമ്യം ഇന്നലെ അർണബിന് ജാമ്യം അനുവദിച്ചത്. മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന്റേതടക്കം പലരുടെയും കാര്യത്തിൽ സുപ്രീംകോടതി ഇങ്ങനെയല്ല പെരുമാറുന്നതെന്ന് മഹാരാഷ്ട്ര സർക്കാറിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചു.

പണം നൽകാത്തതിന്റെ പേരിൽ പണം തരാനുള്ളയാൾക്കെതിരെ എങ്ങനെയാണ് കുറ്റം നിലനിൽക്കുകയെന്നും കോടതി ആരാഞ്ഞു. ഇത്തരമൊരു കേസിൽ ജാമ്യം നിഷേധിക്കുന്നത് ശരിയല്ല. മുംബൈ ഹൈക്കോടതിയുടെ ഭാഗത്ത് ഇക്കാര്യത്തിൽ വീഴ്ച സംഭവിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് റിപബ്ലിക് ടിവി മേധാവി അ4ണബ് ഗോസ്വാമിക്കും പ്രതികളായ മറ്റ് രണ്ട് പേ4ക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.

സിദ്ദിഖ് കാപ്പന്റെ ഹരജി കീഴ്‌ക്കോടതിയിലേക്ക് വിടുകയും പരിഗണിക്കുന്നത് നാലാഴ്ചത്തേക്ക് നീട്ടിവെക്കുകയും ചെയ്ത സുപ്രീംകോടതി നടപടി മഹാരാഷ്ട്ര സക്കാറിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദം കേൾക്കലിനിടെ കോടതിയിൽ ഉന്നയിച്ചു. ദീപാവലി അവധി മാറ്റിവച്ചാണ് ഗോസ്വാമിയുടെ ഹരജി കോടതി അടിയന്തിരമായി പരിഗണിച്ചത്. അമ്പതിനായിരം രൂപ ജാമ്യത്തുക കെട്ടിവെക്കണം. രാത്രിയോടെ അർണബ് ജയിൽമോചിതനായി.

ജയിൽമോചിതനായ അർണാബിന് കിട്ടിയ വീരോചിത സ്വീകരണവും ബിജെപി പ്രവർത്തകരുടെ ആവേശവും നൽകുന്നത് അർണാബ് രാഷ്ട്രീയത്തിൽ ഇറങ്ങുമോ എന്നതാണ്. റോഡ് ഷോ ഒരുക്കിയാണ് അനുയായികൾ അർണാബിനെ വരവേറ്റത്. ഉച്ചത്തിൽ ഭാരത് മാതാ കീ ജയ് വിളിച്ച് അർണാബ് ആവേശത്തിൽ പങ്കുചേർന്നു. ഇത് ഇന്ത്യയുടെ വിജയമാണന്നും സുപ്രീം കോടതിയോട് നന്ദിയുണ്ടെന്നും അർണാബ് പറഞ്ഞു. ശുഭവാർത്ത എത്തിയെന്ന് ബിജെപി വക്താവ് സംപിത് പത്ര പറഞ്ഞു.

അർണാബിന്റെ കാർ പോകുന്ന ഇരുഭാഗത്തും ബിജെപി പ്രവർത്തകർ കാത്ത് നിൽക്കയായിരുന്നു. പലയിടത്തും അവർ കാറിനുനേരെ പുഷ്പവൃഷ്ടിയും നടത്തി. ഭാരത് മാതാ കീ ജയ് വിളിച്ചുകൊണ്ട് അർണാബ് എല്ലാവരെയും പ്രത്യഭിവാദ്യവും ചെയ്തു. ശിവസേനയുടെ രാഷ്ട്രീയ കുടിപ്പകയിൽ അകത്തായ അർണാബ് ഈ അറസ്റ്റോടെ കൂടുതൽ കരുത്തനായിരിക്കയാണ്. അദ്ദേഹത്തിന്റെ നിയമപോരാട്ടം ദേശീയ തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെട്ടു. ഈ രീതിയിൽ പോകുയാണെങ്കിൽ അർണാബ് വൈകാതെ രാഷ്ട്രീയ പ്രവേശനവും നടത്തുമെന്നാണ് പലരും നിരീക്ഷിക്കുന്നത്.

അർണാബിന്റെ ജാമ്യം വലിയ നാടകീയതോടെയാണ് റിപ്പബ്ലിക്ക് ടീവിയിലും അവതരിക്കപ്പെട്ടത്. അദ്ദേഹത്തിന്റെ യാത്ര ഉടനീളം റിപ്പബ്ലിക്ക് ലൈവ് ചെയ്യുകയാണ്. സുപ്രീംകോടതി ജാമ്യം അനുവദിച്ചപ്പോൾ റിപ്പബ്ലിക് ടിവി ന്യൂസ് റൂമിൽ അരങ്ങേറിയത് നാടകീയരംഗങ്ങളാണ്. ഇന്ത്യ വിത്ത് അർണബ് ക്യാമ്പെയിനുമായി മുന്നിട്ടിറങ്ങിയ റിപ്പബ്ലിക് ടീം ഇത് വൻവിജയമായാണ് വിശേഷിപ്പിച്ചത്. ന്യൂസ് റൂമിൽ നിന്നുള്ള ദൃശ്യങ്ങൾ ലൈവായി കാണിക്കുകയും ചെയതു. വികാരനിർഭരമായ രംഗങ്ങൾ. കണ്ണീരോടെ പ്രതികരിക്കുന്ന വനിതാ ജേണലിസ്റ്റുകൾ. ആകെ ഒരു ചാർജ്ഡ് അന്തരീഷം. അർണാബിന്റെ ശിഷ്യർ നാടകീയതയിൽ അദ്ദേഹത്തെ വെല്ലുമെന്ന തോന്നിപ്പോകും. കരഘോഷത്തോടെയാണ് റിപ്പബ്ലിക് ടീം അർണാബിന്റെ മടങ്ങിവരവ് ആഘോഷിച്ചത്.