ന്യൂഡൽഹി: കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതിൽ കേന്ദ്രസർക്കാരിനുണ്ടായ വീഴ്ച ചൂണ്ടിക്കാട്ടിയും വാക്‌സിൻ നയത്തെ വിമർശിച്ചും ഡൽഹിയിൽ പോസ്റ്റർ പതിച്ചതിന് അറസ്റ്റ് ചെയ്ത നടപടിയിൽ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും നടൻ പ്രകാശ് രാജും. തന്നെയും അറസ്റ്റ് ചെയ്യാൻ ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും ട്വീറ്റ് ചെയ്തു.

'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നത്' എന്ന് ചോദിച്ചുകൊണ്ടാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. 'എന്നെയും അറസ്റ്റ് ചെയ്യൂ' എന്നും ട്വീറ്റ് പറയുന്നു. ഹിന്ദിയിലും ഇംഗ്ലീഷിലും അദ്ദേഹം ഇത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

Arrest me too.

मुझे भी गिरफ़्तार करो। pic.twitter.com/eZWp2NYysZ

- Rahul Gandhi (@RahulGandhi) May 16, 2021

കോവിഡിനെ പ്രതിരോധിക്കുന്നതിൽ പ്രധാനമന്ത്രിക്കും സർക്കാരിനും ഉണ്ടായ പരാജയം ചൂണ്ടിക്കാട്ടി ഡൽഹിയിൽ നിരവധി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. 'മോദിജീ, എന്തുകൊണ്ടാണ് നമ്മുടെ കുട്ടികൾക്കുള്ള വാക്സിൻ വിദേശികൾക്ക് നൽകുന്നത്' എന്നായിരുന്നു ഇതിൽ ചില പോസ്റ്ററുകളിൽ എഴുതിയിരുന്നത്. ഇതിനെ തുടർന്ന് ഡൽഹി പൊലീസ് വ്യാപകമായി കേസെടുക്കുകയും 17 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. സംഭവത്തിൽ 21 കേസുകൾ രജിസ്റ്റർ ചെയ്തതായും കൂടുതൽ പേരെ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പൊലീസ് വ്യക്തമാക്കിയിരുന്നു.

പോസ്റ്ററിലെ അതെ ചോദ്യം ട്വീറ്റ് ചെയ്തുകൊണ്ടാണ് പ്രകാശ് രാജ് പ്രതിഷേധം അറിയിച്ചത്. താനും ചോദിക്കുന്നു, എന്നെയും അറസ്റ്റ് ചെയ്യു എന്നും പ്രകാശ് രാജ് കൂട്ടിച്ചേർത്തു.
നമ്മുടെ കുഞ്ഞുങ്ങൾക്ക് നൽകേണ്ട വാക്‌സിൻ എന്തിനാണ് വിദേശരാജ്യങ്ങൾക്ക് നൽകിയത്? എന്നതായിരുന്നു പോസ്റ്ററിലെ ഉള്ളടക്കം.

I REPEAT "Modi ji, aapne humare bacchon ki vaccine videsh kyu bhej diya?" Now .. Come .. Arrest me too #JustAsking https://t.co/ru5i9fPVeO- Prakash Raj (@prakashraaj) May 15, 2021

മറ്റൊരാൾക്കു വേണ്ടിയാണ് പോസ്റ്റർ പതിച്ചതെന്ന് പിടിയിലായ ഒരാൾ പറഞ്ഞതായി പൊലീസ് വെളിപ്പെടുത്തി. പോസ്റ്ററുകൾക്കു പിന്നിൽ ആരാണെന്ന് കണ്ടെത്തുന്നതിന് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

ഏതാനും ആഴ്ചകളായി പ്രതിദിനം മൂന്നു ലക്ഷത്തിലധികം കോവിഡ് കേസുകളാണ് ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ചികിത്സാ സൗകര്യങ്ങളില്ലാതെ ദിനംപ്രതി നാലായിരത്തിലധികം പേർ മരിക്കുകയും ചെയ്യുന്നു. മരിച്ചവരെ അടക്കംചെയ്യാൻ പോലുമുള്ള സംവിധാനങ്ങളില്ലാതെ ജനങ്ങൾ തീരാദുരിതത്തിലാണ്. പ്രതിസന്ധി പരിഹരിക്കുന്നതിന് മോദി സർക്കാരിനുണ്ടായ വിഴ്ച ചൂണ്ടിക്കാട്ടി കടുത്ത വിമർശനമാണ് വിവിധ കോണുകളിൽനിന്ന് ഉയരുന്നത്.