കാസർകോട്: ടെലഗ്രാം വഴി പരിചയപ്പെട്ട 16 കാരിയുടെ ഫോട്ടോ കൈക്കലാക്കിയ ശേഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാതിരിക്കാൻ 10 ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്ന കേസിൽ എൻജിനീയറിങ് വിദ്യാർത്ഥി അറസ്റ്റിൽ. മൈസുർ എടിഎംഇ കോളജിലെ അവസാനവർഷ എൻജിനീയറിങ് വിദ്യാർത്ഥിയും കർണാടക മാണ്ഡ്യ ജില്ലക്കാരനുമായ ബി ആർ രാകേഷ് (21) ആണ് അറസ്റ്റിലായത്. കാസർകോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ പെൺകുട്ടിയാണ് പരാതിക്കാരി.

മൂന്ന് മാസം മുൻപ് സംഭവം നടന്നുവെന്നാണ് പരാതി. കാസർകോട് ഡിവൈഎസ്‌പി ബാലകൃഷ്ണൻ നായരുടെ നിർദേശപ്രകാരം വനിതാ ഇൻസ്പെക്ടർ സി ഭാനുമതിയുടെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് മൈസൂറിൽ നിന്നാണ് രാകേഷിനെ അറസ്റ്റ് ചെയ്തത്. 10 ലക്ഷം ഇല്ല തൽകാലം 50000 രൂപ തരാമെന്നും ഒരു സുഹൃത്തു വഴി അവിടെ എത്തിക്കാമെന്ന് പ്രതിയെ അറിയിക്കുകയും ചെയ്തു.

തുടർന്ന് പണത്തിനായി കാത്തിരുന്ന പ്രതിയെ പൊലീസ് കർണാടകയിൽ എത്തി കയ്യോടെ പിടികൂടുകയായിരുന്നു. സീനിയർ സിവിൽ പൊലീസുകാരായ ഗോകുൽ സുബാഷ് ഹരിപ്രസാദ് എന്നിവരാണ് സ്‌ക്വാഡ് അംഗങ്ങളായി ഉണ്ടായിരുന്നത്. യുവാവിനെതിരെ ഐ പി ആക്ട് പ്രകാരം 66 പി ഇ പോക്‌സോ ആക്ട് പ്രകാരം 11, 12 വകുപ്പുകളും ചുമത്തി.