തിരുവനന്തപുരം: എസ് എഫ് ഐയുടെ സമര മുഖമാണ് ആര്യ രാജേന്ദ്രൻ. തിരുവനന്തപുരം ആൾ സെന്റ്‌സ് കോളേജിലെ വിപ്ലവ പോരാളി. മുടവന്മുകളിൽ നിന്നുള്ള വാർഡ് കൗൺസിലറാണ് ആര്യ രാജേന്ദ്രൻ. 21 വയസുള്ള ആര്യ രാജേന്ദ്രനെ തിരുവനന്തപുരം മേയറാക്കാൻ സി പി എം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനമെടുക്കുകയായിരുന്നു. സോഷ്യൽ മീഡിയിയലെ സജീവ ഇടപെടലും ഈ വിദ്യാർത്ഥി നേതാവിന് തുണയായി. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളിക്കെതിരെ ഇട്ട രാഷ്ട്രീയ പോസ്റ്റ് ഏറെ ചർച്ചയായിരുന്നു. ഇതെല്ലാം പരിഗണിച്ചാണ് ആര്യയ്ക്ക് സിപിഎം അവസരം നൽകുന്നത്.

ബലാത്സംഗം ചെയ്യപ്പെട്ടാൽ ആത്മാഭിമാനമുള്ള സ്ത്രീ ആത്മഹത്യ ചെയ്യണം എന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന ഏറെ ചർച്ചയായിരുന്നു. ഇതിനെ 'അവർണനാൽ ബലാത്സംഗം ചെയ്യപ്പെട്ട കന്യക ജീവിച്ചിരിക്കാൻ യോഗ്യയല്ല'':എന്ന മനുസ്മൃതിയിലെ പരമാർശത്തോട് ഉപമിച്ച് ആര്യാ രാജേന്ദ്രൻ ചർച്ചകളിൽ നിറഞ്ഞിരുന്നു. സർക്കാറിനെതിരായ സമരവേദിയിൽ വച്ച് കെപിസിസി സംസ്ഥാന പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ നടത്തിയ പരാമർശത്തിനെരിരെയുള്ള പോസ്റ്റ് വൈറലാകുകയും ചെയ്തു. സോഷ്യൽ മീഡിയയിലെ നിറ സാന്നിധ്യമായിരുന്നു ഈ 21-കാരി. വഞ്ചിയൂരിൽ നിന്ന് ജയിച്ച ഗായത്രീ ബാബുവും മേയറാകാനുള്ള പരിഗണനാ പട്ടികയിൽ ഉണ്ടായിരുന്നു. എന്നാൽ ഇതെല്ലാം മറികടന്ന് ആര്യയെ മേയറാക്കുന്നതിന് പിന്നിൽ സിപിഎമ്മിന് വ്യക്തമായ ലക്ഷ്യങ്ങളുണ്ട്.

സാധാരണ കുടുംബത്തിൽ നിന്ന് ഉയർന്നു വന്ന എസ് എഫ് ഐക്കാരിയാണ് ആര്യ. ഗായത്രി ബാബുവിന് പാർട്ടി ബന്ധങ്ങൾ ഏറെയാണ്. സാക്ഷരാത മിഷൻ ഡയറക്ടറായ ശ്രീകലയാണ് ഗായത്രിയുടെ അമ്മ. സിപിഎം സംസ്ഥാന നേതൃത്വത്തോട് ഏറെ അടുപ്പമുള്ള അദ്ധ്യാപിക. വഞ്ചിയൂർ കൗൺസിലറും പാർട്ടിയിലെ പ്രമുഖ നേതാവുമായ വഞ്ചിയൂർ ബാബുവാണ് അച്ഛൻ. അതുകൊണ്ടു തന്നെ ഗായത്രി ബാബുവിനെ മേയറാക്കുന്നത് കുടുംബത്തിന്റെ പിന്തുണയിൽ നിന്നെന്ന വാദമെത്തും. ഇത് മറികടക്കാനാണ് ആര്യയെ സിപിഎം ഉയർത്തിക്കാട്ടുന്നത്.

മേയറായി പരിഗണിച്ച് സിപിഎം മത്സരിപ്പിച്ചവരെല്ലാം തോറ്റു. അങ്ങനെയാണ് യുവ നേതാവിലേക്ക് അന്വേഷണം എത്തുന്നത്. കഴിഞ്ഞ തവണയും സമാന സാഹചര്യമുണ്ടായി. അന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന്റെ ഭാര്യാ പിതാവ് കൂടിയായ ശ്രീകുമാറും വഞ്ചിയൂർ ബാബുവുമായിരുന്നു പരിഗണനാ പട്ടികയിൽ. എന്നാൽ രണ്ടു പേർക്കും അവസരം നൽകാതെ പി പ്രശാന്തിനെ മേയറാക്കി. പിന്നീട് വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പിൽ പ്രശാന്ത് ജയിച്ചപ്പോൾ ശ്രീകുമാർ മേയറുമായി. അങ്ങനെ വഞ്ചിയൂർ ബാബുവിന് അവസരവും നഷ്ടമായി.

ഇതു തന്നെയാണ് ഗായത്രി ബാബുവിനും സംഭവിച്ചത്. അച്ഛനും അമ്മയക്കും പദവികൾ ഉള്ളതിനാൽ മകൾക്ക് കൂടി പദവി കൊടുക്കേണ്ടതില്ലെന്ന് സിപിഎം ജില്ലാ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ആര്യ രാജേന്ദ്രൻ ബാലസംഘം സംസ്ഥാന പ്രസിഡന്റാണ്. രാജ്യത്തെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന പദവി കൂടിയാണ് ആര്യയെ കാത്തിരുക്കുന്നത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ മേയർ സ്ഥാനത്തെക്ക് ഉയർത്തിക്കാട്ടിയ ജമീല ശ്രീധരനെ മേയറാക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നതെങ്കിലും അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രന് നറുക്ക് വീഴുന്നത്. നഗരത്തിൽ പൊതുസമ്മതിയുള്ള മുഖം മേയറായി വരുന്നത് പാർട്ടിക്ക് ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ.

യുവ വനിതാ നേതാവിനെ മേയറാക്കുന്നതിലൂടെ മുമ്പ് വികെ പ്രശാന്തിനെ മേയറാക്കിയപ്പോൾ കിട്ടിയത് പോലെയുള്ള യുവജന പിന്തുണ കൂടി കിട്ടുമെന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. രാജ്യത്തെ തന്നെ എറ്റവും പ്രായം കുറഞ്ഞ മേയറെന്ന അപൂർവ നേട്ടവം ആര്യക്കും തിരുവനന്തപുരത്തിനും സ്വന്തമാകും. മുടവന്മുകൾ വാർഡിൽ യുഡിഎഫ് സ്ഥാനാർത്ഥി ശ്രീകലയെയാണ് പരാജയപ്പെടുത്തിയത്. ജില്ലയിലെ പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു ആര്യ. ആൾ സെയിന്റ്സ് കോളേജിലെ ബിഎസ്.സി മാത്സ് വിദ്യാർത്ഥിയായ ആര്യ എസ്.എഫ്.െഎ. സംസ്ഥാന കമ്മിറ്റി അംഗം, സിപിഎം കേശവദേവ് റോഡ് ബ്രാഞ്ച് കമ്മിറ്റി അംഗം, ബാലസംഘം സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു. ഇലക്ട്രീഷ്യനായ രാജേന്ദ്രന്റെയും എൽ ഐ.സി ഏജന്റ് ശ്രീലതയുടെയും മകളാണ്.

യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന തീരുമാനത്തിലാണ് മേയർ സ്ഥാനത്തേക്ക് ആര്യയുടെ പേര് ജില്ലാ സെക്രട്ടേറിയേറ്റ് നിർദ്ദേശിച്ചത്. പേരൂർക്കട വാർഡിൽ നിന്നു ജയിച്ച ജമീല ശ്രീധരന്റെ പേരാണ് ആദ്യം ഉയർന്നു കേട്ടത്. വഞ്ചിയൂരിൽ നിന്നുള്ള ഗായത്രിബാബുവിന്റെ പേരും ഉയർന്നു കേട്ടിരുന്നു. എന്നാൽ യുവ പ്രതിനിധി തന്നെ എത്തട്ടെ എന്ന ആലോചനയിൽ ആര്യയെ തിരഞ്ഞെടുക്കുകയായിരുന്നു.