ബാഗളുരു: നീണ്ട ഇടവേളയ്ക്ക് ശേഷം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് താരപുത്രൻ ആര്യൻ ഖാൻ. ഐപിഎൽ താരലേലത്തിന് മുന്നോടിയായി നടന്ന ടീം ബ്രീഫിംഗിൽ ആര്യൻ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണിപ്പോൾ. ഷാരൂഖ് ഖാന്റെ അഭാവത്തിൽ സഹോദരി സുഹാനാ ഖാനും പരിപാടിയിൽ ആര്യനൊപ്പം ഉണ്ടായിരുന്നു.

ഐപിഎൽ ഔദ്യോഗിക പേജിലൂടെ പുറത്തുവിട്ട ചിത്രങ്ങളിലൂടെയാണ് ഇരുവരും ഇപ്പോൾ ചർച്ചാ വഷയമായിരിക്കുന്നത്. കഴിഞ്ഞവർഷം നടന്ന താരലേലത്തിലും ഷാരൂഖ് ഖാൻ സഹ ഉടമ കൂടിയായാ കൊൽക്കത്ത നൈറ്റ് റൈഡേർസ് ഫ്രാഞ്ചൈസിക്കൊപ്പം ആര്യൻ പരിപാടിയിൽ പങ്കെടുത്തിരുന്നു.

കഴിഞ്ഞ വർഷം ഒക്ടോബറിൽ മയക്ക് മരുന്ന് കേസിൽ ആര്യൻ ഖാൻ അറസ്റ്റിലായിരുന്നു. ഒരുമാസത്തോളം ജയിലിൽ കിടന്നതിന് ശേഷമാണ് ആര്യൻ ജാമ്യത്തിൽ പുറത്തിറങ്ങിയത്. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇതാദ്യമായാണ് സുഹാനാ ഖാനും ആര്യൻ ഖാനും ഒരുമിച്ച് പൊതുവേദിയിൽ എത്തുന്നത്. ഇതാദ്യമായാണ് സുഹാന ഐപിഎൽ ലേലത്തിൽ പങ്കാളിയാകുന്നത്.

രണ്ട് പ്രാവശ്യം ഐപിഎൽ കിരീടം നേടിയ കെ കെ ആർ മൂന്നാം കിരീടമാണ് ഇപ്രാവശ്യം ലക്ഷ്യമിടുന്നത്. താരലേലത്തിന്റെ ആദ്യ പൂളിൽ നിന്ന് ശ്രേയസ് അയ്യർ(12.25 കോടി) പാറ്റ് കമ്മിൻസ് (7.25 കോടി) എന്നീ താരങ്ങളെ കൊൽക്കത്ത സ്വന്തമാക്കിയിട്ടുണ്ട്.