ചെന്നൈ: തമിഴ്‌നാട്ടിലും മത്സരിക്കാൻ അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം. ടി.ടി.വി ദിനകരന്റെ അമ്മ മക്കൾ മുന്നേറ്റ കഴകം (എ.എം.എം.കെ) പാർട്ടിയുമായി സഖ്യമായാണ് അസദുദ്ദീൻ ഉവൈസിയുടെ മജ്ലിസ് പാർട്ടി മത്സരിക്കുക.

ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മുമായി സഖ്യത്തിൽ ഏർപ്പെടുന്നതായി ടി.ടി.വി ദിനകരൻ പത്രകുറിപ്പിലൂടെ മാധ്യമങ്ങളെ അറിയിച്ചു. മൂന്ന് സീറ്റിലാണ് ഒവൈസിയുടെ പാർട്ടി മത്സരിക്കുക. വാനിയാമ്പാടി, കൃഷ്ണഗിരി, ശങ്കരപുരം എന്നീ മണ്ഡലങ്ങളിലാണ് ഉവൈസിയുടെ പാർട്ടി മത്സരിക്കുന്നത്. നേരത്തെ ഡി.എം.കെ സഖ്യത്തിൽ ചേരാൻ ഒവൈസിയുടെ പാർട്ടി താൽപ്പര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗും (ഐ.യു.എം.എൽ) മനിതനേയ മക്കൾ കച്ചിയും (എം.എം.കെ) എതിർക്കുകയായിരുന്നു. അതിനിടെ, തമിഴ്‌നാട്ടിൽ ഡിഎംകെ സഖ്യം വൻ വിജയം നേടുമെന്ന ടൈംസ് നൗ - സീ വോട്ടർ സർവ്വേ ഫലം പുറത്ത് വന്നു.

234 അംഗ തമിഴ്‌നാട് നിയമസഭയിൽ 158 സീറ്റുകൾ നേടി ഡിഎംകെ - കോൺഗ്രസ് സഖ്യം അധികാരത്തിൽ എത്തുമെന്നാണ് സർവ്വേ പ്രവചിക്കുന്നത്. എഐഎഡിഎംകെ-ബിജെപി സംഖ്യം 65 സീറ്റിൽ ഒതുങ്ങും. തമിഴ്‌നാട്ടിൽ 38.4 ശതമാനം പേർ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എം.കെ.സ്റ്റാലിനെ പിന്തുണച്ചു. പളനിസാമിയെ 31 ശതമാനം പേരും കമൽഹാസനെ 7.4 ശതമാനം പേരും പിന്തുണച്ചു.