ഗുവാഹത്തി: അസമിൽ പ്രായപൂർത്തിയാകാത്ത ബന്ധുക്കളായ രണ്ടു പെൺകുട്ടികൾ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കോക്രാജഹർ ജില്ലയിലെ ഗ്രാമത്തിലാണ് സംഭവം. 16ഉം 14ഉം വയസുള്ള പെൺകുട്ടികളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവം കൊലപാതകമാണോ ആത്മഹത്യയാണോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല.

പെൺകുട്ടികളെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയശേഷം കെട്ടിത്തൂക്കിയതാണെന്ന് കുടുംബം ആരോപിച്ചു. അതേസമയം, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ആത്മഹത്യയാണോ കൊലപാതകമാണോയെന്ന് വ്യക്തമാകൂവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്തതായും നാലുപേരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

'സംഭവത്തിന്റെ എല്ലാ വശങ്ങളും അന്വേഷിക്കും. എങ്കിലും പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ നിഗമനത്തിലെത്താൻ കഴിയൂ. അതിനായി കാത്തിരിക്കുകയാണ്. അന്വേഷണം തുടരും' -കോക്രജഹർ അഡീഷനൽ പൊലീസ് സൂപ്രണ്ട് എസ്.എസ്. പനേശ്വർ പറഞ്ഞു.

അടുത്ത ബന്ധുക്കളായ പെൺകുട്ടികളെ ഗ്രാമത്തിലെ തന്നെ വനത്തിലാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഗ്രാമത്തിൽ പ്രതിഷേധം നിലനിൽക്കുന്ന സാഹചര്യത്തിൽ അസം മുഖ്യമന്ത്രി ഹിമാന്ത ബിശ്വ ശർമ ഗ്രാമം സന്ദർശിക്കുമെന്നാണ് വിവരം.