ബ്രിസ്ബേൻ: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയ മികച്ച ലീഡിലേക്ക്. ബ്രിസ്ബേനിൽ രണ്ടാംദിനം സ്റ്റംപെടുക്കുമ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ ആതിഥേയർ 343 റൺസെടുത്തിട്ടുണ്ട്.ആദ്യ ഇന്നിംഗിസിൽ ഇംഗ്ലണ്ടിനെ 343 പുറത്താക്കിയ ഓസ്ട്രേലിയക്ക് ഇപ്പോൾ 196 റൺസ് ലീഡുണ്ട്.

ട്രാവിസ് ഹെഡ് പുറത്താവാതെ നേടിയ 112 റൺസാണ് ഓസീസിനെ മികച്ച നിലയിലേക്ക് നയിച്ചത്. ടി 20 ലോകകപ്പിലെ ഫോം തുടർന്ന ഡേവിഡ് വാർണർ 94 റൺസെടുത്ത് പുറത്തായി. 74 മർനസ് ലബുഷെയ്‌നും മികച്ച പ്രകടനം കാഴ്‌ച്ചവെച്ചു.ഒല്ലി റോബിൻസൺ ഇംഗ്ലണ്ടിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി.

മാർകസ് ഹാരിസിന്റെ (3) വിക്കറ്റാണ് ആതിഥേയർക്ക് ഇന്ന് ആദ്യം നഷ്ടമായത്. ഒല്ലി റോബിൻസണായിരുന്നു വിക്കറ്റ്. പിന്നാലെ വാർണർ- ലബുഷെയ്ൻ ഓസീസിന് തുണയായി. ഇരുവരും 156 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ജാക്ക് ലീച്ചിന്റെ പന്തിൽ അനാവശ്യ ഷോട്ടിന് മുതിർന്ന് ലബുഷെയ്ൻ പുറത്തായി.

നാലാമനായി ക്രീസിലെത്തിയ സ്റ്റീവൻ സ്മിത്ത് (12) നിരാശപ്പെടുത്തി. മാർക്ക് വുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോസ് ബട്ലർക്ക് ക്യാച്ച് നൽകിയാണ് സ്മിത്ത് മടങ്ങിയത്. അടുത്തടുത്ത പന്തുകളിൽ വാർണറും കാമറൂൺ ഗ്രീനും (0) മടങ്ങിയതോടെ ഓസീസ് അഞ്ചിന് 195 എന്ന നിലയിലായി. അൽപനേരം ചെറുത്തുനിന്ന അലക്സ് ക്യാരി (12) ക്രിസ് വോക്സിന് മുന്നിൽ കീഴടങ്ങി.

ഈ സമയത്തെല്ലാം ട്രാവിസ് ഹെഡ് ക്രീസിൽ ഉറച്ചുനിൽക്കുന്നുണ്ടായിരുന്നു. ക്യാപ്റ്റൻ പാറ്റ് കമ്മിൻസിനെ (12) സാക്ഷിയാക്കി താരം ആക്രമിച്ച് കളിച്ചു. ഇരുവരും 70 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിൽ 58 റൺസും ഹെഡിന്റെ സംഭാവനയായിരുന്നു. കമ്മിൻസിന് റൂട്ട് മടക്കി. അധികം വൈകാതെ ഹെഡ് സെഞ്ചുറി പൂർത്തിയാക്കി.

ഇതുവരെ 95 പന്ത് നേരിട്ട ഹെഡ് രണ്ട് സിക്സും 12 ഫോറും പായിച്ചു. ആഷസിൽ താരത്തിന്റെ ആദ്യ സെഞ്ചുറിയാണിത്. കരിയറിലെ നാലമത്തേയും. റോബിൻസണ് പുറമെ ക്രിസ് വോക്സ്, മാർക് വുഡ്, ജാക്ക് ലീച്ച്, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് നേടി.