മുംബൈ: കെ റെയിൽ പദ്ധതിക്ക് എതിരെ പൊതുജനങ്ങളും പ്രതിപക്ഷ പാർട്ടികളും കടുത്ത പ്രതിഷേധം ഉയർത്തുന്നതിനിടെ മുംബൈ - അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ വിഷയത്തിൽ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ നടത്തിയ പരാമർശം തള്ളി സിപിഎം മഹാരാഷ്ട്രാ ഘടകം. നഷ്ടപരിഹാരമല്ല പ്രശ്‌നമെന്ന് കേന്ദ്ര കമ്മറ്റി അംഗം അശോക് ധാവ്‌ലെ അഭിപ്രായപ്പെട്ടു. ജനങ്ങളുടെ പിന്തുണയില്ലാതെ പദ്ധതികൾ അടിച്ചേൽപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

കോഴിക്കോട്: അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ ആളുകൾ എതിർക്കുന്നതിന്റെ കാരണം മതിയായ നഷ്ടപരിഹാരം കിട്ടാത്താതാണെന്ന കോടിയേരി ബാലകൃഷ്ണന്റെ വാദം തള്ളിയാണ് കേന്ദ്ര കമ്മിറ്റി അംഗം അശോക് ധാവ്ല രംഗത്ത് എത്തിയത്.

നഷ്ടപരിഹാരം കിട്ടാത്തതല്ല പദ്ധതിയെ എതിർക്കുന്നതിന്റെ കാരണം. കർഷകരുടെ ഭൂമി വിട്ട് നൽകില്ല. പദ്ധതി വൻ സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നതാണ്. പരിസ്ഥിതിയെ നശിപ്പിക്കാൻ അനുവദിക്കില്ല. വൻകിട പദ്ധതികൾക്ക് 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമം മാനദണ്ഡമാകണമെന്നും അശോക് ധാവ്‌ലെ പറഞ്ഞു.

പരിസ്ഥിതിയെ നശിപ്പിക്കുന്ന ഒരു പദ്ധതിയേയും അനുവദിക്കില്ല. കർഷകർക്ക് നഷ്ടപരിഹാരം മാത്രം നൽകുന്നതല്ല ഇവിടെ പ്രശ്നം. കർഷകർക്ക് ഒരിക്കലും അവരുടെ ഭൂമി രണ്ടായി വിഭജിക്കാൻ താൽപര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

''കർഷകർക്ക് അവരുടെ ഭൂമിയെ വിഭജിക്കാൻ താൽപര്യമില്ല. ഒരിക്കൽ ഭൂമി നഷ്ടപ്പെട്ടാൽ അത് തിരികെ കിട്ടില്ലെന്നാണ് അവർ പറയുന്നത്. കൂടാതെ, ഏതെങ്കിലും വൻകിട പദ്ധതികൾ നടപ്പിലാക്കുമ്പോൾ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരമായിരിക്കണം അത് ചെയ്യേണ്ടത്. പദ്ധതിക്ക് ജനങ്ങളുടെ ഭാഗത്തുനിന്ന് കാര്യമായ പിന്തുണയില്ലെങ്കിൽ അതവരുടെ മേൽ അടിച്ചേൽപ്പിക്കരുത്,' ധാവ്ല പറഞ്ഞു.

അഹമ്മദാബാദിൽ ബുള്ളറ്റ് ട്രെയിനിനെ ആളുകൾ എതിർക്കുന്നതിന്റെ കാരണം മതിയായ നഷ്ടപരിഹാരം കിട്ടാത്തതാണെന്നായിരുന്നു കോടിയേരി പറഞ്ഞിരുന്നത്. ഭൂമിക്ക് മാർക്കറ്റ് വിലപോലും കൊടുക്കാൻ സർക്കാർ തയ്യാറല്ലെന്നും ആദിവാസികളെ തുച്ഛമായ പണം കൊടുത്ത് കുടിയൊഴിപ്പിക്കുന്നുവെന്ന പ്രശ്നമാണ് സിപിഎം ഉയർത്തുന്നതെന്നാണ് അദ്ദേഹം പറഞ്ഞത്. സ്ഥലമേറ്റെടുക്കുമ്പോൾ ന്യായമായ പണം കൊടുക്കണം ഇത് ചെയ്യാത്തതുകൊണ്ടാണ് മഹാരാഷ്ട്രയിൽ സിപിഎം പ്രതിഷേധിക്കുന്നതെന്നും കോടിയേരി പറഞ്ഞിരുന്നു. ഈ വാദമാണ് കേന്ദ്ര കമ്മിറ്റി അംഗം ധാവ്‌ലെ തള്ളിയത്.

അതേ സമയം കെ റെയിൽ പദ്ധതിയുടെ അതിരടയാള കല്ലുകൾ പിഴുതു മാറ്റിയ സംഭവത്തിൽ പ്രതികരണവുമായി കോടിയേരി ബാലകൃഷ്ണൻ രംഗത്തെത്തി. അതിരടയാള കല്ലുകൾ പിഴുതു മാറ്റിയാൽ കേരളത്തിൽ പദ്ധതി ഇല്ലാതാവില്ല. യുദ്ധം ചെയ്യാനുള്ള കെൽപ്പ് ഒന്നും കോൺഗ്രസിനില്ല. യുദ്ധസന്നാഹമൊരുക്കുമെന്നത് വീരസ്യം പറച്ചിലാണെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയായി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

കല്ലുകൾ പിഴുതു മാറ്റിയാൽ സർക്കാർ നിയമ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വികസനത്തെ തടസ്സപ്പെടുത്തുന്നവരെ ജനം ഒറ്റപ്പെടുത്തും. ഇത്തരം നടപടികളിൽ നിന്ന് യുഡിഎഫ് പിന്തിരിയണം. സംസ്ഥാനത്ത് കലാപമുണ്ടാക്കാനാണ് ആർഎസ്എസിനെയും എസ്ഡിപിഐയുടെയും ശ്രമം. ഈ ശ്രമത്തിനെതിരെ മതനിരപേക്ഷ ശക്തികൾ ഒന്നിക്കണം. സംഘർഷം ഉണ്ടാക്കാനുള്ള ശ്രമത്തെ സർവ്വ ശക്തിയുമുപയോഗിച്ച് സർക്കാർ എതിർക്കുമെന്നും കോടിയേരി പറഞ്ഞു.