കൊച്ചി: കേരളത്തെ ആർഎസ്എസ് ആയുധപ്പുരയാക്കി മാറ്റുന്നുവെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി. ആർഎസ്എസ്സിന്റെ കേരളത്തിലെ ആയുധ ശേഖരം സംബന്ധിച്ച കൃത്യമായ ന്യായത്തിന്റെ അടിസ്ഥാനത്തിൽ ആക്ഷേപം ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ആർഎസ്എസ്സിന്റെയും സംഘപരിവാര പ്രസ്ഥാനങ്ങളുടെയും ഇത്തരം ആയുധപ്പുരകൾ റെയ്ഡ് നടത്തി ശക്തമായ നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

രാജ്യവ്യാപകമായി അവർ അത് സുഗമമായി നടപ്പാക്കുന്നുമുണ്ട്. രാജ്യത്തിന്റെ പല സംസ്ഥാനങ്ങളിലും ഇവർ അധികാരത്തിൽ വന്നതുപോലും ഇത്തരം വംശഹത്യാ കലാപങ്ങളിലൂടെയാണ്. കേരളത്തിൽ എസ്ഡിപിഐ ഉൾപ്പെടെയുള്ള പ്രസ്ഥാനങ്ങൾ മുന്നോട്ടുവയ്ക്കുന്ന ആർഎസ്എസ് വിരുദ്ധ നിലപാട് ആർഎസ്എസ്സിനെ പ്രകോപിപ്പിക്കുന്നുവെന്നാണ് അവർ പറയുന്നത്. ആർഎസ്എസ് മുന്നോട്ടുവയ്ക്കുന്ന അജണ്ട എന്താണെന്ന് പൊതുസമൂഹത്തോട് സംവദിക്കാൻ അവർക്ക് കഴിയന്നില്ല. സംവേദനക്ഷമതയില്ലാത്ത മനുഷ്യത്വരഹിതവും ഭീകരവുമായ പ്രത്യയശാസ്ത്രവും അതിന് വിധേയമായ സായുധസംഘാടനവുമാണ് അവർ രാജ്യത്ത് നടപ്പാക്കുന്നത്.

എസ്ഡിപിഐ ഉയർത്തിപ്പിടിക്കുന്ന രാഷ്ട്രീയ ആശയം ഫാഷിസ്റ്റ് രാഷ്ട്രീയം മുന്നോട്ടുവയ്ക്കുന്ന ആശയത്തിന് എതിരാണ്. ഭയാശങ്ക വിതച്ച കേരളത്തെ വരുതിയിലാക്കാൻ ആർഎസ്എസ് ശ്രമിക്കുമ്പോൾ ജനാധിപത്യപരമായ മാർഗങ്ങളിലൂടെ ജനങ്ങളെ ഫാഷിസത്തിന്റെ അപകടത്തെ ബോധ്യപ്പെടുത്തി ജനകീയമായ അതിജീവന മാർഗം സൃഷ്ടിക്കുന്നതാണ് എസ് ഡിപിഐയുടെ നയം. അതുകൊണ്ടാണ് എസ്ഡിപിഐക്കെതിരേ ആക്ഷേപങ്ങളും ആരോപണങ്ങളുമായി അവർ വരുന്നത്.

ആർഎസ്എസ്സിന്റെ ആശയം അപകടകരമാണെന്ന് രാജ്യം സാക്ഷ്യപ്പെടുത്തുന്ന യാഥാർഥ്യമാണ്. ഇന്നലെ കേരളത്തിൽ കലാപമുണ്ടാവാതിരുന്നത് ആർഎസ്എസ്സിന്റെ പ്രാപ്തികൊണ്ടല്ല, മറിച്ച് വംശീയമായി അധിക്ഷേപിച്ച് ആർഎസ്എസ് മുദ്രാവാക്യം വിളിച്ചപ്പോഴും കേരളീയ സമൂഹം അതിനോട് സ്വീകരിച്ച സംയമനം കൊണ്ടാണ്. കേരളത്തെ കലാപഭൂമിയാക്കി കീഴ്പ്പെടുത്താൻ ആർഎസ്എസ് ശ്രമിക്കുമ്പോൾ അതിനെതിരേ ജനാധിപത്യപരമായ ശക്തമായ പരിപാടികളുമായി എസ്ഡിപിഐ മുന്നോട്ടുപോവുമെന്നും മൂവാറ്റുപുഴ അഷ്റഫ് മൗലവി പറഞ്ഞു.