തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കാൻ വീണ്ടും സിപിഎം തീരുമാനം. ഇതോടെ ബിജെപിയും സിപിഎമ്മും ഒരേ സമയം ചാനൽ ചർച്ചകളിൽ ബഹിഷ്‌കരിക്കുന്ന ചാനലായി മാറുകയാണ് ഏഷ്യാനെറ്റ് ന്യൂസ്. നിമയസഭാ കയ്യാങ്കളിയുമായി ബന്ധപ്പെട്ട് മന്ത്രി വി ശിവൻകുട്ടിക്കെതിരെ ഏഷ്യാനെറ്റ് ന്യൂസ് നടത്തിയ കടന്നാക്രമണമാണ് ബഹിഷ്‌കരണത്തിന് കാരണം. ഇനി സിപിഎം നേതാക്കളാരും ഏഷ്യാനെറ്റ് ന്യൂസിൽ ചർച്ചയ്ക്ക് പോകില്ല. ഇന്നലെ ന്യൂസ് അവർ ചർച്ചയിൽ നിന്ന് സിപിഎം സെക്രട്ടറിയേറ്റ് അംഗം ആനത്തലവട്ടം ആനന്ദൻ പിന്മാറിയത് ബഹിഷ്‌കരണത്തിന്റെ തുടക്കമാണ്. വിനു വി ജോണിന് ഭീഷണി ഫോൺ സന്ദേശം അയച്ച കെ ശ്രീകണ്ഠനെതിരെ നടപടി എടുക്കേണ്ടതില്ലെന്നും ദേശാഭിമാനി തീരുമാനിച്ചു.

ഇന്നലെ പിജി സുരേഷ് കുമാർ നടത്തിയ ചർച്ചയിൽ ആനത്തലവട്ടത്തെ സിപിഎം അതിഥിയായി നിശ്ചയിച്ചിരുന്നു. ഇതിന്റെ ഭാഗമായി ആനത്തലവട്ടത്തിന്റെ വീട്ടിൽ എത്തിയ ഏഷ്യാനെറ്റ് ന്യൂസിന് നിരാശയായിരുന്നു ഫലം. ഡിഎസ്എൻജി അടക്കം ആനത്തലവട്ടത്തിന് വേണ്ടി ഏഷ്യാനെറ്റ് ന്യൂസ് സജ്ജീകരിച്ചിരുന്നു. ചർച്ച തുടങ്ങുന്നതിന് രണ്ട് മിനിറ്റ് മുമ്പായിരുന്നു ആനത്തലവട്ടത്തിന്റെ പിന്മാറ്റം. സിപിഎമ്മിനേയും മന്ത്രി ശിവൻകുട്ടിയേയും ദേശാഭിമാനി ലേഖകൻ ശ്രീകണ്ഠനേയും അപമാനിച്ച ഏഷ്യാനെറ്റ് ന്യൂസിനെതിരെ കടുത്ത നടപടികളിലേക്ക് പോകാനാണ് തീരുമാനം. ഈ സന്ദേശമാണ് ഇന്നലെ രാത്രിയിൽ അനത്തലവട്ടത്തിനും കിട്ടിയത്. ബംഗാളുമായി ബന്ധപ്പെട്ട പരാമർശത്തിൽ ബിജെപിയും ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്‌കരിക്കുകയാണ്. പത്രസമ്മേളനത്തിന് പോലും ബിജെപി ക്ഷണിക്കാറില്ല.

നേരത്തേയും ഏഷ്യാനെറ്റ് ന്യൂസിനെ സിപിഎം ബഹിഷ്‌കരിച്ചിരുന്നു. പിന്നീട് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി അന്നത്തെ ഏഷ്യാനെറ്റ് ന്യൂസ് തലവൻ എംജി രാധാകൃഷ്ണൻ ചർച്ച നടത്തി. പിന്നീടാണ് പിൻവലിച്ചത്. മന്ത്രി ശിവൻകുട്ടിയുടെ ഭാര്യാ സഹോദരനായിരുന്നു എംജി രാധാകൃഷ്ണൻ. സിപിഎം സൈന്താദ്ധികൻ കൂടിയായ പി ഗോവിന്ദപിള്ളയുടെ മകനാണ് എംജി രാധാകൃഷ്ണൻ. എംജിആറിന്റെ സഹോദരിയും പിഎസ് സി അംഗവുമായ പാർവ്വതിയുടെ ഭർത്താവാണ് ശിവൻകുട്ടി. എംജി രാധാകൃഷ്ണനെ ഏഷ്യാനെറ്റ് ന്യൂസിൽ നിന്ന് സമ്മർദ്ദം ചെലുത്തി മാനേജ്മെന്റ് പുറത്താക്കി. അതിന് ശേഷം മാതൃഭൂമി പത്രത്തിന്റെ എഡിറ്ററായിരുന്ന മനോജ് കെ ദാസ് ഏഷ്യാനെറ്റ് ന്യൂസിന്റെ ചുമതലയിൽ എത്തി.

അതിന് ശേഷം സർക്കാരിനെതിരെ കൂടുതൽ കടന്നാക്രമണങ്ങൾ ഏഷ്യാനെറ്റ് ന്യൂസ് നടത്തി. വികസന കാഴ്ചപാടിൽ തന്നെ സർക്കാരിന്റെ സ്വപ്ന പദ്ധതികളെ വിമർശിച്ചു. നിയമസഭയിലെ കയ്യാങ്കളിയിലെ ചർച്ച തീർത്തും സിപിഎമ്മിനെ അവഹേളിക്കുന്നതായിരുന്നുവെന്ന് പാർട്ടി വിലയിരുത്തുന്നു. മന്ത്രി ശിവൻകുട്ടിയെ കളിയാക്കിയത് തരംതാണ രീതിയിലാണ്. ഇതിനോട് പ്രേക്ഷക സമൂഹത്തിനൊപ്പം നിന്ന് വിമർശനം അറിയിച്ച ദേശാഭിമാനിയിലെ മാധ്യമ പ്രവർത്തകനെ അപമാനിച്ചു. ഈ സാഹചര്യത്തിലാണ് ഏഷ്യാനെറ്റ് ന്യൂസുമായുള്ള ബന്ധം സിപിഎം വീണ്ടും ഉപേക്ഷിക്കുന്നത്. പത്രസമ്മേളനങ്ങളിൽ വിലക്കുണ്ടാകില്ല. എന്നാൽ നേതാക്കൾ ചർച്ചകളിൽ സഹകരിക്കില്ല.

ബിജെപിയുടെ നിസ്സഹകരണം ഉള്ളതിനാൽ ബഹിഷ്‌കരണത്തിലൂടെ ഏഷ്യാനെറ്റ് ന്യൂസിനെ തളർത്താമെന്നാണ് സിപിഎം വിലയിരുത്തൽ. കഴിഞ്ഞ ദിവസം ഏഷ്യാനെറ്റ് ന്യൂസ് അവറിലെ നിയമസഭ കയ്യാങ്കളി കേസുമായി ബന്ധപ്പെട്ട ചർച്ച വിനു.വി.ജോണിന്റെ മാധ്യമ ഷോ ആയിരുന്നുവെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം ആരോപിച്ചിരുന്നു. തികച്ചും ഏകപക്ഷീയമായ പാനലായിരുന്നു ഇന്നലെത്തേതെന്ന് എ.എ.റഹിം ആരോപിച്ചു. 'ഈ മാധ്യമ കോടതികളുടെ അന്തിചർച്ചകൾക്ക് എന്തെങ്കിലും വില ഉണ്ടായിരുന്നെങ്കിൽ രണ്ടാം പിണറായി സർക്കാർ ഉണ്ടാകുമായിരുന്നില്ല. ജനം തോൽപ്പിച്ചത് ഇത്തരം മാധ്യമ രീതികളെക്കൂടിയാണ്' -റഹീം പറഞ്ഞു.

വ്യാഴാഴ്ച രാത്രിയിൽ നടന്ന ന്യൂസ് അവറിൽ വിനു വി ജോണിന് ദേശാഭിമാനി ബ്യൂറോ ചീഫ് ശ്രീകണ്ഠൻ ഭീഷണി സന്ദേശം അയച്ചത് വൻ വിവാദമായിരുന്നു. പരിപാടിക്കിടെയായിരുന്നു വിനുവിന് ഭീഷണി സന്ദേശം എത്തിയത്.തുടർന്ന് ചർച്ചയ്ക്കിടയിൽ തന്നെ വിനു അത് ഉറക്കെ വായിക്കുകയും ചെയ്തു. 'ഇയാൾക്ക് ലജ്ജയില്ലേ, എന്നൊക്കെ അഹങ്കാരത്തോടെ ചോദിക്കാൻ താങ്കൾക്ക് എന്ത് അധികാരം. ഇത് മാന്യമായ രീതിയല്ല. ഇതുപോലെ ചാനലിൽ നെഗളിച്ച ചിലരുടെ വിധി ഓർക്കുക. ജനം വോട്ട് ചെയ്ത് ജയിപ്പിച്ച ആളെയാണ് അധിക്ഷേപിക്കുന്നത്' ഇതായിരുന്നു ശ്രീകണ്ഠൻ അയച്ച ഭീഷണി സന്ദേശം.

ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകൾ ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഒത്തുതീർപ്പുകളുടെ അടിസ്ഥാനത്തിൽ സിപിഎം പിൻവലിച്ചത് ഒരു കൊല്ലം മുമ്പാണ്. സിപിഎം പ്രതിനിധികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ചോദ്യങ്ങൾ ഇനി ഏഷ്യാനെറ്റ് ഉന്നയിക്കില്ലെന്ന് ഉറപ്പ് സിപിഎമ്മിന് ലഭിച്ചിട്ടുണ്ട് എന്നായിരുന്നു അന്ന് ഉയർന്ന വാദം. അതു പോലെ തന്നെ ഏഷ്യാനെറ്റ് ന്യൂസിനെ ബുദ്ധിമുട്ടിക്കുന്ന ന്യായങ്ങൾ സിപിഎം പ്രതിനിധിയും ഉയർത്തില്ലെന്നുള്ള ഒത്തുതീർപ്പാണ് ഉണ്ടായിരിക്കുന്നതെന്നും വാർത്തകളെത്തി.

കഴിഞ്ഞ വർഷം മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണ്ണക്കള്ളക്കടത്ത് ന്യായീകരിക്കാനാവാതെ സഖാക്കൾ കുടുങ്ങിയതോടെയാണ് ചാനലുകൾ സിപിഎം ബഹിഷ്‌കരിച്ചത്. പ്രത്യേക 'അജണ്ട' വച്ചാണ് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചകൾ നടത്തുന്നത്. അതിനാലാണ് ചർച്ചകൾ ബഹിഷ്‌കരിക്കുന്നതെന്നാണ് സിപിഎം പറഞ്ഞിരുന്നത്. ഏഷ്യാനെറ്റ് ന്യൂസിൽ നടന്ന ചർച്ചക്കിടെ സിപിഎം പ്രതിനിധികർ പറഞ്ഞ കള്ളങ്ങൾ എല്ലാം വേദിയിൽ വെച്ച് തന്നെ അവതാരാകർ പൊളിച്ചടുക്കിയിരുന്നു. ഇതാണ് സിപിഎമ്മിനെ ്ന്ന് പ്രകോപിച്ചത്. തുടർന്നാണ് ബഹിഷ്‌കരണം പ്രഖ്യാപിച്ചത്.

പിന്നീട് ഏഷ്യാനെറ്റ് ന്യൂസിന്റെ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് അറിയിച്ചത്. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധികൾ തന്നെ വന്നു കണ്ടെന്നും ചാനൽ ചർച്ചകളിൽ സിപിഎം പ്രതിനിധികൾ പങ്കെടുക്കുമെന്നും അദേഹം പറഞ്ഞു. മൂന്ന് മാസമായിരുന്നു ഏഷ്യാനെറ്റ് ന്യൂസിലെ ചർച്ചകൾക്ക് സിപിഎം പ്രതിനിധികൾ അന്ന് എത്താതിരുന്നത്.