തൃശൂർ: സ്വർണ്ണക്കടത്തുകേസിൽ മന്ത്രി കെ ടി ജലീലിനെതിരെ നിലനിൽക്കുന്ന ആരോപണങ്ങൾ ഷഹീൻബാദ് സമരക്കലാത്ത് സംഘപരിവാർ ഉയർത്തിയ മുസ്ലിം വിദ്വേഷ പ്രചാരണത്തിന്റെ തുടർച്ചയാണെന്ന് എഴുത്തുകാരനും സിപിഎം സാംസ്കാരിക സംഘടനയായ പുരോഗമ കലാ സാഹിത്യത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിയുമായ അശോകൻ ചരുവിലിന്റെ പോസ്റ്റ്. കെ.ടി.ജലീൽ അല്ല, വിശുദ്ധ ഖുറാൻ ആണ് ലക്ഷ്യം. സംഘപരിവാറിന്റെ ഇസ്ലാമോഫോബിയയിൽ മാധ്യമങ്ങൾ പെട്ടുപോയതാണെന്നും അശോകൻ ചരുവിൽ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റിനെ എതിർത്തും നിരവധിപേർ രംഗത്തെത്തിയിട്ടുണ്ട്. കേസിൽ അന്വേഷണം നടക്കേ അതിനെ മതവത്ക്കരിക്കേണ്ട കാര്യമില്ലെന്ന് പലരും പ്രതികരിക്കുന്നുണ്ട്.

അശോകൻ ചരുവിലിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം ഇങ്ങനെയാണ്

കെ.ടി.ജലീൽ അല്ല;വിശുദ്ധ ഖുറാൻ ആണ് ലക്ഷ്യം.

കോവിഡ് വ്യാപനത്തിനും ലോക്ക് ഡൗണിനും മുമ്പുള്ള രാജ്യത്തെ സ്ഥിതി നമുക്കൊന്ന് ഓർമ്മിക്കാം.മതം അടിസ്ഥാനപ്പെടുത്തിയുള്ള പൗരത്വ ഭേദഗതി ബില്ലിനെതിരെ ശക്തമായ പ്രക്ഷോഭമാണ് ഇന്ത്യയിൽ നടന്നത്. അതിന്റെ പ്രധാന കേന്ദ്രമായി വടക്കൻ ഡൽഹിയിലെ ഷഹിൻ ബാദ് മാറി.

ഈ സമരങ്ങളുടെ സവിശേഷത നിയമ ഭേദഗതി കൊണ്ട് മുറിവേൽക്കുന്ന മുസ്ലിം ജനത ഒറ്റക്കായിരുന്നില്ല സമരത്തിൽ എന്നതാണ്. എല്ലാ മതങ്ങളിലും പെട്ട ജനാധിപത്യവിശ്വാസികൾ സമരത്തിൽ ഒത്തുചേർന്നു. ഭരണഘടനാ മൂല്യങ്ങളെ സംരക്ഷിക്കുന്നതിന് വിശാലമായ മതേതര ജനാധിപത്യ ഐക്യമാണ് രാജ്യത്ത് രൂപപ്പെട്ടത്. ഭരണഘടന തകർന്നാൽ തങ്ങളുടെ ജീവിതവും സ്വാതന്ത്ര്യവും അപകടത്തിലാവുമെന്ന് ജനങ്ങൾ തിരിച്ചറിഞ്ഞു.

ഇത് ബിജെപി. സംഘപരിവാറിനെ പരിഭ്രമത്തിലാക്കി. അതിനീചമായ തരത്തിൽ മുസ്ലിം മതവിദ്വേഷം രാജ്യത്ത് പടർത്തി ഈ ജനകീയ ഐക്യത്തെ തകർക്കാനാണ് അവർ ശ്രമിച്ചത്. അതിന്റെ പരിസമാപ്തിയിലാണ് അവർ ഡൽഹിയിൽ വർഗ്ഗീയ ആക്രമണവും വംശീയഹത്യയും നടപ്പാക്കിയത്.

ഇസ്ലാം മതത്തെക്കുറിച്ച് നട്ടാൽ കുരുക്കാത്ത വിഷം കലർന്ന വിദ്വേഷ പ്രചരണവാണ് അവർ അന്നു നടത്തിയത്. അന്നത്തെ അവരുടെ സമൂഹമാധ്യമ ഗ്രൂപ്പുകൾ പരിശോധിച്ചാൽ അതു വ്യക്തമാവും. വിശുദ്ധ ഖുറാനെതിരായും അവർ അക്കാലത്ത് കള്ളപ്രചരണം നടത്തി.

അന്നത്തെ വിദ്വേഷ പ്രചരണത്തിന്റെ തുടർച്ചയാണ് ഖുറാനുമായി ബന്ധപ്പെടുത്തി മന്ത്രി കെ.ടി.ജലീലീനെതിരെ ഉയർത്തുന്ന ഇന്നത്തെ ആരോപണം. സ്വർണ്ണക്കടത്ത്, സ്വപന സുരേഷ് എന്നിങ്ങനെ സമൂഹത്തിൽ പ്രതിസ്ഥാനത്തു നിൽക്കുന്ന പ്രതീകങ്ങളുമായി വിശുദ്ധഗ്രന്ഥത്തെ കൂട്ടിക്കുഴച്ച് അപനിർമ്മിക്കുന്ന ഒരു രാസപരീക്ഷണമാണത്. സ്വർണ്ണക്കടത്തുമായി ഖുറാൻ വിതരണത്തിന് ഒരു ബന്ധവുമില്ലെങ്കിലും നൂറുവട്ടം ഒരു നുണ ആവർത്തിച്ചാൽ അത് സത്യമാണെന്ന പ്രതീതി സൃഷ്ടിക്കാനാവുമെന്ന് അവർ കരുതുന്നു.

തങ്ങളുടെ അതിനീചമായ മതവിദ്വേഷ പ്രചരണത്തിന് ഇത്തവണ കോൺഗ്രസ് പാർട്ടിയേയും മുസ്ലിംലീഗിനേയും വലതു മാധ്യമങ്ങളെയും കൂടി ഉപകരണമാക്കാൻ കഴിഞ്ഞു എന്നത് സംഘപരിവാറിന്റെ വിജയമാണ്. അധികാരമില്ലാതെ ജീവിക്കാൻ കഴിയാത്ത ഒരു പറ്റം കരിയറിസ്റ്റുകളുടെ കൂടാരമാണ് ഇന്നത്തെ യു.ഡി.എഫ്. ആൾക്കൂട്ടമുണ്ടാക്കി കോവിഡ് വ്യാപിപ്പിച്ചും മരണസംഖ്യ വർദ്ധിപ്പിച്ചും വർഗ്ഗീയത പ്രചരിപ്പിച്ചും, ഏതു വഴിയിലൂടെയായാലും അധികാരത്തിലെത്താൻ ശ്രമിക്കുന്നവർക്ക് എന്ത് ഖുറാൻ? എന്ത് ജനകീയ ഐക്യം?

(ചിത്രത്തിലുള്ളത് ദേശീയ സമരനേതാവ് മൗലാനാ മുഹമ്മദാലി വിവർത്തനം ചെയ്ത വിശുദ്ധ ഖുറാൻ ഇംഗ്ലീഷ് പരിഭാഷ)

അശോകൻ ചരുവിൽ
15 09 2020