തിരുവനന്തപുരം: ഭക്തിയും വിശ്വാസവും രാഷ്ട്രീയ ആരോപണങ്ങളും പ്രത്യാരോപണങ്ങളും നിറഞ്ഞുനിന്ന പകലിൽ സംസ്ഥാനത്ത് ഫസ്റ്റ് ക്ലാസ് പോളിങ്ങ്.  നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള പോളിങ്73 കടന്നു. വൈകിട്ട് 6.30.മണിയോടെ പോളിങ് 73.40 ശതമാനമായി. പുരുഷന്മാർ 73.50 ശതമാനവും സ്ത്രീകൾ 73.31ശതമാനവും ട്രാൻസ്ജെൻഡർ 37.02 ശതമാനവും വോട്ട് രേഖപ്പെടുത്തി.

മിക്ക ബൂത്തുകളിലും ജനം വോട്ട് ചെയ്യാനായി ക്യൂനിൽക്കുന്ന കാഴ്ചയാണ് ഇപ്പോഴും കാണാനുള്ളത്. രാവിലെ കനത്ത പോളിങ് നടന്ന മിക്കയിടങ്ങളിലും ഉച്ച കഴിഞ്ഞതോടെ പോളിങ് മന്ദഗതിയിലായിരുന്നുവെങ്കിലും അവസാന മണിക്കുറകളിലേക്ക് എത്തിയതോടെ പോളിങ്ങ് വീണ്ടും ശക്തമായി. ഉച്ചവെയിൽ താഴ്ന്നതോടെ ജനം കൂട്ടമായി എത്തുന്ന കാഴ്ചയാണ് കാണാനാവുന്നത്.ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഉച്ചയോടെ ഉണ്ടായ ശക്തമായ കാറ്റും മഴയും പോളിങ്ങിനെ സാരമായി ബാധിച്ചിട്ടുണ്ട്.മഴയ്ക്ക് ശമനം വരുന്നതോടെ ഇവിടെയും മികച്ച ശതമാനത്തിലേക്ക് പോളിങ്ങ് ഉയരുമെന്നാണ് പ്രതീക്ഷ.

കണ്ണൂർ, കോഴിക്കോട്, പാലക്കാട്, തൃശ്ശൂർ ജില്ലകളിലാണ് ഏറ്റവും കൂടുതൽ പോളിങ്ങ് രേഖപ്പെടുത്തിയിരിക്കുന്നത്.ജില്ല തിരിച്ചുള്ള കണക്കുകൾ ഇങ്ങനെ;

തിരുവനന്തപുരം - 60.47
കൊല്ലം- 63.71
പത്തനംതിട്ട- 56.59
ആലപ്പുഴ- 65.11
കോട്ടയം 59.24
ഇടുക്കി- 58.20
എറണാകുളം-65.00
തൃശൂർ- 65.62
പാലക്കാട്- 63.10
മലപ്പുറം- 63.19
കോഴിക്കോട്- 68.52
വയനാട്- 59.60
കണ്ണൂർ- 66.80
കാസർകോട് 60.71


കേരളത്തിൽ നൂറ്റിനാൽപ്പത് നിയമസഭാ നിയോജക മണ്ഡലങ്ങളിലായി 2,74,46,039 വോട്ടർമാരാണ് ഇത്തവണ ജനവിധിനിർണയിക്കുന്നത്. ഇവർക്കായി 40,771 പോളിങ് സ്റ്റേഷനുകളാണ് തയ്യാറാക്കിയിട്ടുള്ളത്. കോവിഡ് സാഹചര്യം കണക്കിലെടുത്ത് ഒരു ബൂത്തിൽ പരമാവധി 1000 വോട്ടർമാരെ മാത്രമാണ് അനുവദിക്കുന്നുള്ളു. 957 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.രാവിലെ ഏഴ് മണി മുതൽ വൈകീട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. അവസാന ഒരു മണിക്കൂറിൽ കോവിഡ് രോഗികൾക്കും പ്രാഥമിക സമ്പർക്കപട്ടികയിൽ ഉള്ളവർക്കും വോട്ട് രേഖപ്പെടുത്താൻ അവസരം ഒരുക്കിയിട്ടുണ്ട്. ത്രികോണമത്സരത്തിന് സമാനമായ പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ കനത്ത പോളിംഗാണുള്ളത്.

പോളിങ് ദിവസത്തിലും ശബരിമല വിഷയം കത്തി നിന്നു. എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ വോട്ട് രേഖപ്പെടുത്തിയ ശേഷം നടത്തിയ പ്രസ്താവനയാണ് ഇതിന് പിന്നിൽ. പിന്നാലെ യുഡിഎഫ് നേതാക്കൾ പതിവിൽ നിന്നും വിഭിന്നമായി കടുത്ത ഭാഷയിൽ ഈ വിഷയത്തിൽ പ്രതികരണങ്ങൾ നടത്തുകയായിരുന്നു. അതേസമയം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ അവസാന മണിക്കൂറിലും അങ്ങിങ്ങ് അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്തു.

തൃശ്ശൂരിൽ മഹിളാ കോൺഗ്രസ് നേതാവ് കള്ളവോട്ടിന് ശ്രമിച്ച് പിടിയിലായി.കോൺഗ്രസ് മഹിളാ നേതാവും മുൻ പഞ്ചായത്തഗവുമായ സിന്ധുവാണ് കള്ള വോട്ട് ചെയ്യാൻ ശ്രമിച്ചത്.തളിക്കുളം വി എച്ച് എസ് സ്‌കൂളിലെ 13-ാം നമ്പർ ബൂത്തിലാണ് കള്ള വോട്ട്ശ്രമം നടന്നത്.മണ്ണാർകാട് വീണ്ടും കള്ളവോട്ട് സ്ഥിരീകരിച്ചു.മണ്ണാർകാട് നഗരസഭ ബൂത്ത് നമ്പർ 126 ലാണ് സംഭവം.നൂർജഹാൻ എന്ന വോട്ടറുടെ വോട്ട് മറ്റാരോ ചെയ്തു. ടെൻഡേഡ് വോട്ട് ചെയ്യാൻ അനുവദിച്ചു.

മണ്ണാർക്കാട് അരയങ്ങോടും നേരത്തെ കള്ളവോട്ടെന്ന പരാതി ഉയർന്നിരുന്നു.മണ്ഡലത്തിലെ അരയങ്ങോട് യൂണിറ്റി സ്‌കൂളിലെ 108 ആം നമ്പർ ബൂത്തിലെ വോട്ടറായ കുരുവിളയുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്നാണ് പരാതി.കൊച്ചിയിൽ നിന്ന് ഇന്ന് രാവിലെ വോട്ട് ചെയ്യാനായി തന്റെ നാട്ടിലെത്തിയതായിരുന്നു കുരുവിള.വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന പരാതിയെ തുടർന്ന് കുരുവിളയ്ക്ക് ചലഞ്ച് വോട്ട് രേഖപ്പെടുത്താൻ പോളിങ് ഉദ്യോഗസ്ഥർ അനുവാദം നൽകി.

ആലപ്പുഴയിൽ പോളിങ് ഉദ്യോഗസ്ഥനെ പട്ടി കടിച്ചു.എടത്വാ തലവടി ബൂത്ത് 120 ലാണ് സംഭവം.ഉദ്യോഗസ്ഥനെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി.തലവടി ഗവൺമെന്റ് ഹൈ സ്‌കൂളിലെ ബൂത്തിലെ സെക്കന്റ് പോളിങ് ഓഫീസർ പ്രദീപിനാണ് കടിയേറ്റത്.

തളിപ്പറമ്പിൽ വ്യാപക കള്ളവോട്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാർത്ഥി അബ്ദുൾ റഷീദ്. റീപോളിങ് ആവശ്യപ്പെട്ട് യുഡിഎഫ് രംഗത്തെത്തി. ഇക്കാര്യം തെരഞ്ഞെടുപ്പ് കമ്മീഷനോട് ഔദ്യോഗികമായി ആവശ്യപ്പെടും. ആന്തൂരിൽ സ്ഥാനാർത്ഥിക്ക് പോലും ബൂത്തുകളിൽ പോകാൻ പറ്റാത്ത സ്ഥിതിയാണെന്നും അബ്ദുൾ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം തളിപറമ്പ് വേശാല 174 നമ്പർ ബൂത്തിലെ യുഡിഎഫ് ഏജന്റ് ഷംസുദ്ദീന്റെ നേരെ മുളക് പൊടി എറിഞ്ഞതായി പരാതിയുണ്ട്.

കെ എം ഷാജിക്കെതിരെ അസഭ്യ വർഷവുമായി സിപിഎം പ്രവർത്തകർ. ഷാജി മീൻകുന്ന് സ്‌കൂളിലെ പോളിങ് ബൂത്തിലെത്തിയപ്പോഴാണ് സംഭവം. ഷാജിയെ ഇഞ്ചികൃഷി എന്ന് വിളിച്ച് പരിഹസിക്കുന്നുമുണ്ട്. കെ എം ഷാജിയാണ് ആ?ദ്യം അസഭ്യം പറഞ്ഞതെന്ന് സിപിഎം പ്രവർത്തകർ പറയുന്നു.വൈകിട്ട് നാലരയ്ക്കാണ് സംഭവം നടന്നത്. താൻ എത്തിയപ്പോൾ മുതൽ സിപിഎം പ്രവർത്തകർ പ്രകോപിപ്പിക്കാൻ ശ്രമിച്ചെന്നാണ് ഷാജി പറയുന്നത്.