കൊല്ലം : സഹോദരിമാരുടെ ഫേസ്‌ബുക്ക് ചിത്രം ഉപയോഗിച്ച് വ്യാജ അക്കൗണ്ട് ഉണ്ടാക്കി യുവതി നടത്തിയത് ലക്ഷങ്ങളുടെ തട്ടിപ്പ്. സഹോദരിമാരുടെ പരാതിയിൽ ശൂരനാട് തെക്ക് പതാരം സ്വദേശിയായ അശ്വതി ശ്രീകുമാറി(32)ന്റെ പേരിൽ ശൂരനാട് പൊലീസ് കേസെടുത്തു.

കൊച്ചി സ്വദേശികളായ പ്രഭയുടെയും രമ്യയുടെയും പ്രൊഫൈൽ ചിത്രം ഉപയോഗിച്ചാണ് തട്ടിപ്പുനടത്തിയത്. അനുശ്രീ അനു, അശ്വതി അച്ചു എന്നീ അക്കൗണ്ടുകൾ വഴിയാണ് യുവാക്കളുടെ പണംതട്ടിയത്. തൃക്കാക്കര ഇൻഫോപാർക്ക് സൈബർ പൊലീസിൽ പ്രഭ പരാതിനൽകിയെങ്കിലും ഫേസ്‌ബുക്കിനോട് വിശദീകരണംതേടാതെ കേസെടുക്കാനാകില്ലെന്ന മറുപടിയാണ് ലഭിച്ചത്.

തുടർന്ന് സ്വന്തംനിലയിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുനടത്തിയത് ശൂരനാട് തെക്ക് പതാരം സ്വദേശിനി ആണെന്ന് കണ്ടെത്തിയത്. ഏഴിലധികം വ്യാജ ഐഡികൾ ഉപയോഗിച്ചാണ് യുവാക്കളുമായി ചാറ്റിങ് നടത്തിയത്. സൗഹൃദം സ്ഥാപിച്ചശേഷം പണം ആവശ്യപ്പെടുകയായിരുന്നു.

അനുശ്രീ അനുവിന്റെ ബന്ധുവെന്നരീതിയിൽ അശ്വതി യുവാക്കളെ നേരിൽക്കണ്ടും അക്കൗണ്ട് വഴിയുമാണ് പണം സ്വീകരിച്ചത്. നാലുവർഷമായി പല യുവാക്കളെയും ഇത്തരത്തിൽ തട്ടിപ്പിനിരയാക്കി. നാലുലക്ഷം രൂപവരെ നഷ്ടപ്പെട്ടവരുണ്ട്.

തട്ടിപ്പിനിരയായ യുവാക്കൾ ഈ അക്കൗണ്ടുകൾ വ്യാജമാണെന്ന് പല ഫേസ്‌ബുക്ക് ഗ്രൂപ്പുകളിലും കുറിപ്പുപങ്കുവെച്ചതോടെയാണ് പ്രഭയുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് സുഹൃത്തുകളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പുകാരിയെ കണ്ടെത്തിയത്.