കായംകുളം: കായംകുളത്തിന്റെയും ഒപ്പം കേരളത്തിന്റെയും അഭിമാനം വാനോളം ഉയർത്തിയിരിക്കുകയാണ് കായംകുളം പുള്ളിക്കണക്ക് തെക്കേ മങ്കുഴി ഐക്കര കിഴക്കതിൽ ആതിര കെ.പിള്ള എന്ന ഇരുപത്തിയഞ്ചുകാരി.വനിതകളെ സംബന്ധിച്ച് അത്ര പെട്ടെന്നൊന്നും നേടിയെടുക്കാൻ പറ്റാത്ത അപൂർവ്വ നേട്ടത്തിനാണ് ആതിര അർഹയായത്.കായംകുളത്ത് നിന്നും ആതിര കണ്ട സ്വപ്‌നം ഒടുവിലെത്തിയത് ആസ്സാം റൈഫിൾസിന്റെ റൈഫിൾ വുമൺ എന്ന പദവിയിലും.

നാട്ടുകാരും സൈന്യവുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു നിയോഗിക്കപ്പെട്ട അസം റൈഫിൾസിലെ വനിതാ സൈനികരിലെ ഏക മലയാളി വനിതയാണ് ആതിര. നാട്ടുകാരുമായുള്ള ബന്ധം മെച്ചപ്പെടുത്തുകയാണ് ആതിരയുടെ പ്രധാന ചുമതല. പ്രത്യേക സാഹചര്യങ്ങളിൽ വീടുകളിൽ പരിശോധന നടത്തേണ്ടി വരുമ്പോൾ ജനങ്ങളുടെ സഹകരണം ഉറപ്പാക്കുകയും സ്ത്രീകളെയും കുട്ടികളെയും പരിശോധിക്കുകയും ചെയ്യണം.

ഞങ്ങളെ കാണുമ്പോൾ അതിർത്തിയിലെ പെൺകുട്ടികൾക്ക് അഭിമാനമാണ്. അവർക്കും വളരുമ്പോൾ ഞങ്ങളെപ്പോലെയാകണമെന്ന ആഗ്രഹമുണ്ടാകുന്നുണ്ട്' ആതിര പറയുന്നു.നാലു വർഷം മുൻപു സൈന്യത്തിൽ ചേർന്ന ആതിര കശ്മീരിലെ അതിർത്തി ജില്ലയായ ഗന്ധർബാലിൽ നാലു മാസം മുൻപാണു നിയമിക്കപ്പെട്ടത്.

അസം റൈഫിൾസിലെ റൈഫിൾ മൂവ്‌മെന്റ് ജനറൽ ഡ്യൂട്ടി തസ്തികയിലാണ് ആതിര ജോലി ചെയ്യുന്നത്. ഇൻഫർമേഷൻ വാർഫെയർ (ഐഡബ്ല്യു) വിഭാഗത്തിലാണു നിയമനം. അസം റൈഫിൾസിൽ സൈനികനായിരിക്കെ 13 വർഷം മുൻപു മരിച്ച അച്ഛൻ കേശവപിള്ളയുടെ ജോലിയാണ് ആതിരയ്ക്കു ലഭിച്ചത്. ജയലക്ഷ്മിയാണ് അമ്മ. ഭർത്താവ്: സ്മിതീഷ് പരമേശ്വർ.