തിരുവനന്തപുരം: സംസ്ഥാനത്ത് നിരവധി വിവാദങ്ങൾക്ക് ഇടയാക്കിയ നിർദ്ദിഷ്ട അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് സംസ്ഥാന സർക്കാർ. പദ്ധതിയുമായി മുന്നോട്ട് പോകാൻ 2020 ൽ സർക്കാർ കെഎസ് ഇബിക്ക് എൻ ഒ സി നൽകിയിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിയമസഭയെ അറിയിച്ചു. അതേസമയം സമവായത്തിലൂടെ മാത്രമേ പദ്ധതി നടപ്പാനാകൂ. പദ്ധതിക്ക് ഏഴ് വർഷത്തെ എൻ ഒ സിയാണ് ലഭിച്ചിട്ടുള്ളത്. ആരംഭിച്ചില്ലെങ്കിൽ വനംവകുപ്പിന് ബോർഡ് നൽകിയ 5.6 കോടി രൂപ തിരികെ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

അതിരപ്പിള്ളി പദ്ധതി പൂർണമായി ഉപേക്ഷിക്കാതെ സമവായം ഉണ്ടാക്കി പദ്ധതിയുമായി മുന്നോട്ട് പോകാനാണ് വൈദ്യുതി ബോർഡിന്റെ തീരുമാനം. സംസ്ഥാന സർക്കാരിന്റെ എൻ ഒ സിക്ക് 2027 വരെ കാലാവധിയുണ്ട്. ഈ കാലയളവിൽ തുടക്കം കുറിക്കാനാണ് നീക്കം. എന്നാൽ പാരിസ്ഥിതികമായി സവിശേഷ പ്രാധാന്യമുള്ള ഹെക്ടർ കണക്കിന് വനഭൂമി നഷ്ടപ്പെടുമെന്നും അപൂർവ്വ മത്സ്യങ്ങളും വംശനാശഭീഷണി നേരിടുന്നവയുൾപ്പെടെയുള്ള പക്ഷികളുടെ ആവാസവും നശിക്കുമെന്നാണ് പദ്ധതിയെ എതിർക്കുന്നവർ നിരത്തുന്ന വാദം.

അതേ സമയം, അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടേയും കാലാവധി 2019 മെയിൽ അവസാനിച്ചിരുന്നു. പദ്ധതി വന്നാൽ മുങ്ങിപ്പോകുമായിരുന്ന വനമേഖലയിലെ മരങ്ങൾ മുറിക്കാനും അതിനുള്ള നഷ്ടപരിഹാവുമായി 5 കോടിയിലേറെ രൂപ വൈദ്യുതി ബോർഡ് 2001 ൽ വനം വകുപ്പിന് കൈമാറിയിരുന്നു. നേരത്തെ അതിരപ്പിള്ളി പദ്ധതി പൂർണമായി ഉപേക്ഷിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കെഎസ്ഇബിയും രംഗത്തുവന്നിരുന്നു.

അതിരപ്പിള്ളി പദ്ധതിക്കുള്ള കേന്ദ്ര പാരിസ്ഥിതിക അനുമതിയും സാങ്കേതിക സാമ്പത്തിക അനുമതിയുടേയും കാലാവധി 2019 മെയിൽ അവസാനിച്ചിരുന്നു. പദ്ധതി വന്നാൽ മുങ്ങിപ്പോകുമായിരുന്ന വനമേഖലയിലെ മരങ്ങൾ മുറിക്കാനും അതിനുള്ള നഷ്ടപരിഹാവുമായി 4.11 കോടി രൂപ വൈദ്യുതി ബോർഡ് 2001ൽ വനം വകുപ്പിന് കൈമാറിയിരുന്നു.

വനഭൂമി വിട്ടു കിട്ടുന്നതിനുള്ള കേന്ദ്ര വനം വകുപ്പിന്റെ അനുമതി ഇപ്പോഴും നിലനിൽക്കുന്നുണ്ട്. കാലാവധി കഴിഞ്ഞ പാരിസ്ഥിതിക അനുമതിയും സാങ്കേതിക അനുമതിയും ലഭികുന്നതിനുള്ള ശ്രമം തുടരാൻ 2027 വരെ കെഎസ്ഇബിക്ക് സംസ്ഥാന സർക്കാർ എൻഓസി നൽകിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പരമാവധി ജല വൈദ്യുതി പദ്ധതി നടപ്പാക്കണമെന്നാണ് സർക്കാരിന്റെ നിലപാട്. 9 ജലവൈദ്യുത പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. 11 എണ്ണം ടെണ്ടർ ഘട്ടത്തിലാണ് ഇടുക്കി രണ്ടാം ഘട്ടത്തിന്റെ പഠനം പുരോഗമിക്കുന്നു.

അതിരപ്പള്ളി പദ്ധതിയുടെ കാര്യത്തിൽ സമവായമുണ്ടായാൽ മുന്നോട്ട് പോകും. ഒരിക്കൽ അനുമതി ലഭിച്ചിരുന്നതിനാൽ കേന്ദ്ര പാരിസ്ഥിതിക അനുമതിയടക്കം വീണ്ടും ലഭിക്കുന്നതിന് തടസമുണ്ടാകില്ലെന്നാണ് വൈദ്യുതി വകുപ്പിന്റെ വിലയിരുത്തൽ. സിപിഐ അടക്കമുള്ള ഘടകകക്ഷികളുടെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നതിനാൽ സമവായം ഉണ്ടായാൽ മാത്രം പദ്ധതിയുമായി മുന്നോട്ട് പോകാനാണ് വൈദ്യുതി വകുപ്പിന്റെ തീരുമാനം.