ഫറ്റോർഡ: ഐഎസ്എല്ലിൽ വിജയമറിയാത്ത നാലു മത്സരങ്ങൾക്കുശേഷം പരിശീലകൻ ആന്റോണിയെ ഹബാസിനെ പുറത്താക്കി പുതിയ പരിശീലകൻ യുവാൻ ഫെറാണ്ടോക്ക് കീഴിൽ ആദ്യ അങ്കത്തിനിറങ്ങിയ എടികെ മോഹൻ ബഗാന് ജയത്തുടക്കം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് വീഴ്‌ത്തിയാണ് എടികെ വീണ്ടും വിജയവഴിയിൽ തിരിച്ചെത്തിയത്.

രണ്ടാം പകുതിയിൽ ഹ്യൂഗോ ബോമസിന്റെ ഇരട്ട ഗോളും ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്ത് ലിസ്റ്റൺ കൊളാക്കോ നേടിയ ഗോളുമാണ് എടികെക്ക് ജയമൊരുക്കിയത്. മലയാളി താരം വിപി സുഹൈറിലൂടെ രണ്ടാം മിനിറ്റിൽ തന്നെ മുന്നിലെത്തിയ നോർത്ത് ഈസ്റ്റിന്റെ രണ്ടാം ഗോൾ 87ാം മിനിറ്റിൽ മഷൂർ ഷെരീഫിന്റെ ബൂട്ടിൽ നിന്നായിരുന്നു.

ഏഴാം സ്ഥാനത്തായിരുന്ന എടികെ ജയത്തോടെ ഒരു മത്സരം കുറച്ചു കളിച്ച കേരളാ ബ്ലാസ്റ്റേഴ്‌സിനെ ആറാം സ്ഥാനത്തേക്ക് പിന്തള്ളി അഞ്ചാം സഥാനത്തേക്ക് കയറി. നോർത്ത് ഈസ്റ്റ് ഒമ്പതാം സ്ഥാനത്ത് തുടരുന്നു. രണ്ടാം മിനിറ്റിൽ ലഭിച്ച കോർണറിൽ നിന്നാണ് വി പി സുഹൈർ നോർത്ത് ഈസ്റ്റിനെ തുടക്കത്തിലെ മുന്നിലെത്തിച്ചത്.

ആദ്യ മിനിറ്റിൽ തന്നെ ലീഡ് വഴങ്ങിയതിന്റെ ഞെട്ടലിൽ എടികെ കൈ മെയ് മറന്ന് ആക്രമിച്ചെങ്കിലും നോർത്ത് ഗോൾ വഴങ്ങാത പിടിച്ചുനിന്നു. 40ാം മിനിറ്റിൽ റോച്ചർസെലയുടെ ഗോളെന്നുറച്ച ഷോട്ട് എടികെ ഗോൾ കീപ്പർ അവിശ്വസനീയമായി തടുത്തിട്ടതിന് പിന്നാലെ എടികെക്കും ഗോളിന് അവസരം ലഭിച്ചു.

ത്രൂ ബോളിൽ ഓടിക്കയറിയ ലിസ്റ്റൺ കൊളോക്കോ ഗോളിലേക്ക് ലക്ഷ്യം വെച്ചെങ്കിലും നോർത്ത് ഈസ്റ്റ് ഗോൾ കീപ്പർ മിർഷാദ് മിച്ചു രക്ഷകനായി. ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലാണ് ഒടുവിൽ എടികെ കാത്തിരുന്ന സമനില ഗോൾ വന്നത്. തുടർച്ചയായ ആക്രമണങ്ങൾക്കൊടുവിൽ ലിസ്റ്റൺ കൊളാക്കോ ആണ് എടികെക്ക് സമനില സമ്മാനിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തിലെ എടികെ മുന്നിലെത്തി. 53-ാം മിനിറ്റിൽ ഹ്യൂഗോ ബോമസ് ആണ് എടികെക്ക് ലീഡ് സമ്മാനിച്ചത്. 76-ാം മിനിറ്റിൽ ബോമസ് തന്നെ എടികെയുടെ ജയമുറപ്പിച്ച രണ്ടാം ഗോളും നേടി. കളി തീരാൻ മിനിറ്റുകൾ ബാക്കിയിരിക്കെ ഒരു ഗോൾ മടക്കി മഷൂർ ഷെരീഫ് മത്സരം ആവേശകരമായിക്കിയെങ്കിലും അവസാന നിമിഷങ്ങളിലെ ആക്രമണങ്ങളിൽ ബഗാൻ പ്രതിരോധം പിടിച്ചുനിന്നതോടെ പുതിയ പരിശീലകൻ ഫെറാണ്ടോക്ക് വിജയത്തുടക്കമിടാനായി.