ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചർച്ചകൾക്കോ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് അറ്റോർണി ജനറൽ കെ.കെ വേണുഗോപാൽ. അത്തരം കാര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ നിയമയുദ്ധങ്ങളിലേക്ക് അവ നയിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഒരു ദേശീയ മാധ്യമത്തിനനുവദിച്ച അഭിമുഖത്തിലായിരുന്നു അറ്റോർണി ജനറലിന്റെ വെളിപ്പെടുത്തൽ.സുപ്രീംകോടതി വിധികളും അഭിപ്രായങ്ങളും ചോദ്യംചെയ്യപ്പെടുകയോ വിമർശിക്കപ്പെടുകയോ ചെയ്യുന്ന ഈ സന്ദർഭത്തിലാണ് കേന്ദ്ര സർക്കാരിന്റെ മുതിർന്ന നിയമ ഉദ്യോഗസ്ഥൻ ഇത്തരത്തിൽ അഭിപ്രായം പറഞ്ഞിരിക്കുന്നത്.

ആരോഗ്യപരമായ ഒരു ജനാധിപത്യത്തിന് സമൂഹമാധ്യമങ്ങളിലെ തുറന്ന ചർച്ചകൾ നിയന്ത്രിക്കാൻ പാടില്ല. സാധാരണ ഗതിയിൽ സുപ്രീംകോടതി ഇത്തരം പ്രശ്നങ്ങളിൽ പ്രതികരിക്കാറില്ല. പരിധികൾ ലംഘിക്കുമ്പോൾ മാത്രമേ അവയിൽ ഇടപെടൂ.' വേണുഗോപാൽ പറയുന്നു.സർക്കാർ ഇതിനെതിരെ നിയമപരമായി നിയന്ത്രിക്കാൻ ശ്രമം നടത്തരുതെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നു. മറയില്ലാത്ത ജനാധിപത്യവും മറയില്ലാത്ത ചർച്ചകളും സമൂഹത്തെ മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമാണ്്. സുപ്രീംകോടതി വിധികൾക്കെതിരായ അഭിപ്രായപ്രകടനങ്ങൾക്ക് കോടതിയലക്ഷ്യ കേസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകൾ തനിക്ക് വന്നിട്ടുണ്ടെന്നും അവയിൽ പതിനൊന്നെണ്ണം അനുവദിച്ചിട്ടുണ്ടെന്നും കെ.കെ വേണുഗോപാൽ പറഞ്ഞു.

റിപബ്‌ളിക് ടിവി മേധാവി അർണബ് ഗോസ്വാമിക്ക് ജാമ്യം നൽകിയതിൽ സുപ്രീംകോടതിയെ വിമർശിച്ച് സ്റ്റാന്റപ് കൊമേഡിയൻ രചിത തനേജ നടത്തിയ അഭിപ്രായ പ്രകടനങ്ങൾക്കെതിരെ ഹർജി നൽകാൻ അനുവദിച്ചതും ഇതിൽ പെടുന്നു. സുപ്രീംകോടതിയെ വിമർശിച്ച് മൂന്ന് ട്വീറ്റുകളാണ് രചിത പോസ്റ്റ് ചെയ്തിരുന്നത്.ഇത്തരത്തിൽ കോടതിയലക്ഷ്യ കേസുകൾക്ക് അറ്റോർണി ജനറലിന്റെയോ സോളിസിറ്റർ ജനറലിന്റെയോ അനുമതി ആവശ്യമാണ്. അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത്ഭൂഷന് കോടതിയലക്ഷ്യ കേസിൽ ഒരു രൂപ പിഴയൊടുക്കാൻ സുപ്രീംകോടതി വിധിയുണ്ടായത് ഈയിടെയാണ്. സുപ്രീംകോടതിയും പ്രശാന്ത്ഭൂഷണും തമ്മിൽ വലിയ നിയമ യുദ്ധമാണ് ഈ കേസിൽ ഉണ്ടായിരുന്നത്.എന്തെങ്കിലും ചൂണ്ടിക്കാണിച്ചാൽ, അത് കൈകാര്യം ചെയ്യുന്നതിൽ സുപ്രീം കോടതിക്ക് സന്തോഷമേയുള്ളൂ. കോടതി അലക്ഷ്യമില്ലെങ്കിൽ സുപ്രീം കോടതി ആവഴിക്ക് പോകില്ലെന്നും അപൂർവങ്ങളിൽ അപൂർവ കേസുകളിൽ മാത്രമാണ് സുപ്രീം കോടതി കോടതി കോടതി അലക്ഷ്യ നടപടികൾ ആരംഭിക്കുകകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.