ആലപ്പുഴ: കായംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീടിന് നേരെ ആക്രമണം നടന്നതിന് പിന്നിൽ എൽഡിഎഫിന്റെ പരാജയ ഭീതിയെന്ന് കോൺഗ്രസ്. സംഭവത്തിന് പിന്നിൽ സിപിഎമ്മാണെന്നാണ് കോൺഗ്രസിന്റെ ആരോപണം. അരിത ബാബു ജയിക്കാൻ പോകുകയാണെന്നും യുഡിഎഫ് കേരളത്തിൽ ജയിക്കാൻ പോകുകയാണെന്നും തിരിച്ചറിഞ്ഞതോടെയാണ് സിപിഎമ്മിന്റെ ആക്രമണമെന്ന് മഹിളാ കോൺഗ്രസ്സ് ദേശിയ ജനറൽ സെക്രട്ടറി ശമീന ഷഫീഖ് ആരോപിച്ചു. ചെറുപ്പക്കാരിയായ സ്ഥാനാർത്ഥിക്ക് നേരേ ആക്രമണം അഴിച്ചുവിടാൻ സിപിഎമ്മിന് നാണമില്ലേയെന്നും അവർ ചോദിച്ചു.

അരിതാ ബാബുവിന്റെ വീട്ടിലെത്തി ഫേസ്‌ബുക്ക് ലൈവ് ചെയ്ത ആൾ ജനൽചില്ല് തകർത്തെന്നാണ് ആരോപണം. ബാനർജി സലിം എന്ന ആളാണ് വീട്ടിലെത്തി ജനൽചില്ല് തകർത്തത്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരാണെന്നുമാണ് കോൺഗ്രസിന്റെ ആരോപണം.

കായംകുളത്തെ യു ഡി എഫ് സ്ഥാനാർത്ഥി അരിതാ ബാബുവിന്റെ വീടാക്രമിച്ചതിലൂടെ സി പി എം പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയം വ്യക്തമായിരിക്കുകയാണെന്ന് പ്രതികരിച്ച് കെ സി വേണുഗോപാൽ എം പി രംഗത്തെത്തി. ഇല്ലായ്മകളോട് പടവെട്ടി പൊതുപ്രവർത്തന രംഗത്ത് ചുവടുറപ്പിച്ച സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥികളിലൊരാളായ അരിതാ ബാബുവിന് പൊതു സമൂഹത്തിൽ നിന്നും ലഭിക്കുന്ന സ്വീകാര്യതയിൽ വിറളി പിടിച്ചാണ് സിപിഐഎം ഇത്തരം അതിക്രമങ്ങൾക്ക് മുതിരുന്നത്.

സമാനമായ രീതിയിൽ മാനന്തവാടിയിലെ യു ഡി എഫ് സ്ഥാനാർത്ഥി പി കെ ജയലക്ഷ്മിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേരെയും സിപിഎമ്മുകാർ ആക്രമണം അഴിച്ചു വിടുകയുണ്ടായി. എല്ലാ രാഷ്ട്രീയ മര്യാദകളും ലംഘിച്ചു തിരഞ്ഞെടുപ്പിൽ പോലും അക്രമരാഷ്ട്രീയം നടപ്പിലാക്കാനാണ് സിപി എം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. കേരളത്തിലെ പൊതു സമൂഹം ഈ രാഷ്ട്രീയ അസഹിഷ്ണുതക്ക് ബാലറ്റിലൂടെ മറുപടി നൽകുമെന്നും വേണുഗോപാൽ പറഞ്ഞു.

അരിതയുടെ വീടിന് നേരെ ആക്രമണം നടത്തിയത് എൽഡിഎഫ് പ്രവർത്തകരാണെന്ന ആരോപണത്തിൽ ഉറച്ചു നിൽക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ. ഇതിൽ പ്രതിഷേധിച്ച് നാളെ കായംകുളത്ത് യുഡിഎഫ് പ്രതിഷേധദിനം ആചരിക്കും. അതേസമയം, ആക്രമണം നടത്തിയാളുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കി സിപി ഐഎമ്മും രംഗത്തെത്തി.

കോൺഗ്രസ് പറയുന്നത് പോലെ ഒരു നിർധന കുടുംബത്തിലെ അംഗമല്ല അരിത ബാബുവെന്നായിരുന്നു ആക്രമണം നടത്തിയ ബാനർജി സലിം ഫേസ്‌ബുക്ക് ലൈവിലൂടെ ആരോപിച്ചത്. ഇതിന് ശേഷമായിരുന്നു ഇയാൾ അരിതയുടെ വീടിന്റെ ചില്ല് തകർത്തത്.
നിയമസഭാ തെരഞ്ഞെടുപ്പിൽ ശക്തമായ മത്സരം നടക്കുന്ന മണ്ഡലമാണ് കായംകുളം. സിറ്റിങ് എംഎൽഎ പ്രതിഭയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി.