കായംകുളം: നിയമസഭാ തിരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം നടക്കുന്ന കായംകുളത്തെ, യുഡിഎഫ് സ്ഥാനാർത്ഥി അരിത ബാബുവിന്റെ വീട് ആക്രമിച്ചെന്ന് പരാതി. മൂന്ന് ജനൽ ചില്ലുകൾ വീട്ടിലേക്ക് അതിക്രമിച്ച് കടന്നയാൾ തകർത്തതായാണ് ആരോപണം. ഡിവൈഎഫ്‌ഐ പ്രവർത്തകനാണ് ആക്രമണം നടത്തിയതെന്ന് അരിത ബാബു ആരോപിച്ചു.

കോൺഗ്രസ് പ്രചരിപ്പിക്കുന്നതുപോലെ നിർധന കുടുംബമല്ല അരിതയുടേതെന്ന് കാണിക്കാൻ വീടിനു മുന്നിൽവച്ച് ഫേസ്‌ബുക് ലൈവിൽ സംസാരിച്ച ശേഷമാണ് ഇയാൾ ആക്രമണം നടത്തിയതെന്നാണ് ആരോപണം. സംഭവവുമായി ബന്ധപ്പെട്ട് ബാനർജി സലീം എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇയാൾ സിപിഎംകാരനാണെന്നും സിപിഎമ്മാണ് ആക്രമണത്തിന് പിന്നിലെന്നും കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. എന്നാൽ സംഭവവുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം പ്രതികരിച്ചു. ബാനർജി സലീമിന്റെ ഫേസ്‌ബുക്കിൽ അരിത ബാബുവിന്റെ വീട്ടിൽ നിന്നുള്ള തത്സമയ വീഡിയോ ദൃശ്യം പങ്കുവെച്ചിട്ടുണ്ട്. ഇയാൾ എത്തിയപ്പോൾ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. സംഭവത്തെ കുറിച്ച് അന്വേഷണം നടക്കുകയാണ്.