ആലപ്പുഴ: കോവിഡ് രോഗം സ്ഥിരീകരിച്ചവരുടെ വീടിനുനേരെ ആക്രമണം. ആലപ്പുഴ വയലാറിൽ ഇന്നലെ രാത്രിയോടെയാണ് സംഭവം. വയലാർ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ താമസിക്കുന്ന ഒരു കുടുംബത്തിലെ നാല് പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചിരുന്നു. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറാനായി ആംബുലൻസ് കാത്തിരിക്കുന്നതിനിടെയാണ് വീടിന് നേരെ ആക്രമണമുണ്ടായത്.

ബൈക്കിലെത്തിയ സംഘമാണ് കല്ലെറിഞ്ഞതെന്ന് ചേർത്തല പൊലീസ് വ്യക്തമാക്കി. വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച നിലയിലായിരുന്നുവെന്നും പ്രതികളെ പിടികൂടാൻ ശ്രമം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. നേരത്തെ പലയിടങ്ങളിലും കോവിഡ് രോഗികളെ ശുശ്രൂഷിക്കുന്ന ആരോഗ്യപ്രവർത്തകരെ പോലും ആക്രമിക്കുന്ന സാഹചര്യങ്ങളുണ്ടായിരുന്നു.