അഗളി: അനാസ്ഥയുടെ നേർസാക്ഷ്യമാവുകയാണ് അട്ടപ്പാടി മേഖലയിലെ സർക്കാർ ഇടപെടലുകൾ.സർക്കാർ മേഖലയിൽ വിനിയോഗിക്കാൻ തുകയില്ലെന്ന് കൈമലർത്തുമ്പോൾ സ്വാകര്യമേഖലയിൽ അതേ ആവശ്യത്തിന് ചെലവാക്കുന്നത് കോടികൾ.കോട്ടത്തറ ട്രൈബൽ ആശുപത്രി സ്‌പെഷ്യൽറ്റിയാക്കണമെന്നും വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ആംബുലൻസ് വേണമെന്നുമുള്ള ആവശ്യങ്ങൾ പണമില്ലെന്നു പറഞ്ഞു തള്ളുമ്പോൾ കഴിഞ്ഞ സാമ്പത്തികവർഷം മാത്രം അട്ടപ്പാടിയിൽ സ്വകാര്യ ആംബുലൻസുകൾക്ക് ഉൾപ്പെടെ ചെലവാക്കിയത് 35 ലക്ഷം രൂപ.

കക്കുപ്പടിയിലെ സ്വകാര്യ ആംബുലൻസിനും പാലിയേറ്റിവ് സൊസൈറ്റിയുടെ ആംബുലൻസിനുമായി വാടകയിനത്തിൽ 11 ലക്ഷം ചെലവായി. അടിയന്തരസാഹചര്യങ്ങളിൽ മണ്ണാർക്കാട് നിന്നു ജീവൻ രക്ഷാ ആംബുലൻസുകളെത്തിയ വകയിൽ 2 ലക്ഷത്തോളം രൂപയും നൽകി. 2021 മാർച്ചിനു ശേഷം ഇതുവരെ ചെലവായ തുക കൂടി ചേർത്താൽ ചെലവ് അരക്കോടി കവിയും. ഐടിഡിപിയുടെ ആംബുലൻസുകൾക്കുണ്ടായ ചെലവുകൾ ഇതിനു പുറമേയാണ്.

സഹകരണ ആശുപത്രിയുമായി സർക്കാർ കരാറുണ്ടാക്കിയ കാലയളവിൽ 68 ലക്ഷം രൂപയാണ് ആംബുലൻസ് വാടകയായി ചെലവായത്. ഇങ്ങനെ തുക ചെലവാക്കുന്നതിനു പകരം കോട്ടത്തറ ആശുപത്രിയിലേക്ക് വെന്റിലേറ്റർ സൗകര്യത്തോടെയുള്ള ഒരു ആംബുലൻസ് അനുവദിക്കുന്നതിൽ എന്താണു തടസ്സമെന്നാണ് ആദിവാസി പ്രവർത്തകർ ചോദിക്കുന്നത്.

കോട്ടത്തറ ആശുപത്രിയിൽ 5 ആംബുലൻസുകളിൽ മൂന്നെണ്ണം കട്ടപ്പുറത്താണ്. ബാക്കിയുള്ള രണ്ടെണ്ണത്തിനായി കഴിഞ്ഞ സാമ്പത്തികവർഷം ചെലവായത് 10 ലക്ഷം രൂപയോളമാണ്. അട്ടപ്പാടിയിൽ നിന്നു രോഗികളുമായി പോയ വകയിൽ അഗളിയിലെ സ്വകാര്യ ആശുപത്രിയുടെ ആംബുലൻസിന് 12 ലക്ഷം രൂപ നൽകേണ്ടി വന്നു.

സംഭവം ഇങ്ങനെയൊക്കെയാണെങ്കിലും കഴിഞ്ഞ ദിവസം മന്ത്രി കെ രാധാകൃഷ്ണൻ പ്രദേശം സന്ദർശിച്ചപ്പോൾ നടത്തിയ പ്രഖ്യാപനത്തിലാണ് ജനങ്ങളുടെ പ്രതീക്ഷ.