തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂൾ തുറക്കുമ്പോൾ നേരിട്ട് പഠന ഭാഗത്തിലേക്ക് കടക്കേണ്ടെന്ന് തീരുമാനം. ആദ്യ ദിവസങ്ങളിൽ കുട്ടികളുടെ സമ്മർദ്ദം അകറ്റാനുള്ള ക്ലാസുകളായിരിക്കും നടത്തുക. ഹാപ്പിനസ് കരിക്കുലം ആയിരിക്കണമെന്നാണ് അദ്ധ്യാപക സംഘടനകൾ മുന്നോട്ട് വച്ച നിർദ്ദേശം. പിന്നീട് പ്രത്യേക ഫോകസ്സ് ഏരിയ നിശ്ചയിച്ച് പഠിപ്പിക്കാനാണ് തീരുമാനം. വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അദ്ധ്യാപക സംഘടനകളുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

ആരോഗ്യപ്രശ്‌നങ്ങളുള്ള കുട്ടികൾ സ്‌കൂളിലെത്തേണ്ടതില്ല. ആദ്യഘട്ടത്തിൽ ഹാജറും യൂണിഫോമും നിർബന്ധമാക്കില്ല. കുട്ടികളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളുകളുടെ പ്രവർത്തനം നടത്താനാണ് നിർദ്ദേശം. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മാർഗരേഖ തയ്യാറാക്കുന്നതിന്റെ ഭാഗമായി അദ്ധ്യാപക സംഘടനകളുമായി നടന്ന യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്.

ഒരു ഷിഫ്റ്റിൽ 25 ശതമാനം വിദ്യാർത്ഥികളെ മാത്രം ഉൾക്കൊള്ളിച്ചായിരിക്കണം ക്ലാസുകൾ. ഒരു ക്ലാസിൽ 20-30 കുട്ടികളെ മാത്രം പ്രവേശിപ്പിച്ചുകൊണ്ട് ക്ലാസ് നടത്തണമെന്നാണ് അദ്ധ്യാപക സംഘടനകൾ മുന്നോട്ടുവെച്ച നിർദ്ദേശം. ഇക്കാര്യം പരിഗണിക്കാമെന്ന് സർക്കാർ വ്യക്തമാക്കി. അങ്ങനെ വരുമ്പോൾ ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസ് ഉണ്ടാകുക. ഇപ്രകാരം ആഴ്ചയിൽ മൂന്ന് ദിവസം മാത്രമായിരിക്കും ക്ലാസ് ഉണ്ടാകുക.

ഹയർ സെക്കൻഡറി ക്ലാസുകൾ ഒന്നിടവിട്ട ദിവസങ്ങളിലും ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകൾ മൂന്നുദിവസം വീതമുള്ള ഷിഫ്റ്റിലുമായിരിക്കും പ്രവർത്തിക്കുക. വിദ്യാർത്ഥികൾക്ക് കൗൺസിലിങ്ങും സ്‌കൂളിനെയും അദ്ധ്യാപകരെയും പരിചയപ്പെടുത്തുന്ന പ്രത്യേക സെക്ഷനും നൽകും. കഴിഞ്ഞ അധ്യയന വർഷത്തെ പാഠങ്ങൾ റിവൈസ് ചെയ്യാൻ ബ്രിജ് ക്ലാസുകളും ഉണ്ടാകും.

സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളുടെയും ജില്ലാതല ഏകോപനം ജില്ലാ കലക്ടർമാർക്കായിരിക്കും. പ്രധാന അദ്ധ്യാപകർ, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ പ്രതിനിധികൾ എന്നിവരുടെ യോഗം ജില്ലാ കലക്ടർമാർ വിളിച്ചുചേർക്കും. സ്‌കൂൾ തലത്തിൽ ജാഗ്രതാ സമിതികൾക്കും രൂപം നൽകും. വിശദമായ മാർഗരേഖ ഒക്ടോബർ അഞ്ചിന് പുറത്തിറക്കും.

സ്‌കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിന് ധനസഹായം നൽകണമെന്ന് അധ്യപക സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത്തരം ആവശ്യങ്ങൾ പിടിഎകളുടെ പങ്കാളിത്തത്തോടെ നിറവേറ്റണമെന്നാണ് സർക്കാരിന്റെ നിലപാട്.

അതേസമയം സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി കൂടുതൽ ഇളവുകൾ സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. സ്‌കൂൾ വാഹനങ്ങളുടെ ഒരു വർഷത്തെ റോഡ് നികുതി ഒഴിവാക്കി. സ്വകാര്യ ബസ്സുകൾ ടെമ്പോ ട്രാവലറുകൾ എന്നിവക്ക് നികുതി അടക്കാൻ ഡിസംബർ വരെ കാലാവധി നീട്ടിനൽകാനും തീരുമാനിച്ചതായി മന്ത്രി ആന്റണി രാജു അറിയിച്ചു.

അദ്ധ്യാപകരുടെയും ജീവനക്കാരുടെയും വാക്‌സിനേഷൻ അതിവേഗം ലക്ഷ്യത്തിലേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്. നവംബർ ഒന്നിന് സ്‌കൂൾ തുറക്കുമെന്ന് പ്രഖ്യാപിച്ചതോടെ വാക്‌സിനേഷൻ ഫോക്കസ് അദ്ധ്യാപകരിലേക്ക് മാറ്റിയിരുന്നു. മുൻകൂട്ടി രജിസ്‌ട്രേഷൻ ഇല്ലാതെ സ്‌കൂൾ ജീവനക്കാർ നേരിട്ടെത്തിയാൽ തിരിച്ചറിയൽ കാർഡ് വച്ചാണ് വാക്‌സിൻ നൽകുന്നത്.

സംസ്ഥാനത്തെ സ്‌കൂളുകളിലാകെ 165,000 ലധികം അദ്ധ്യാപകരും 20,000 ത്തോളം അനധ്യാപക ജീവനക്കാരുമാണുള്ളത്. അദ്ധ്യാപകരുടെ മാത്രം വാക്‌സിൻ 93 ശതമാനമെങ്കിലും പിന്നിട്ടെന്നാണ് കണക്ക്. ഇനിയുമെടുക്കാത്തവരുടെ കണക്കും സർക്കാരെടുക്കുന്നുണ്ട്.