ന്യൂഡൽഹി: എല്ലാ വർഷവും ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതോടെ വിമർശനങ്ങൾ ഉയർന്നു. നാളെ രാജ്യം സ്വാതന്ത്യദിനം ആഘോഷിക്കാൻ ഒരുങ്ങുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം.

'വിഭജനത്തിന്റെ വേദനകൾ ഒരിക്കലും മറക്കാനാവില്ല. നിസ്സാരമായ വിദ്വേഷവും അക്രമവും കാരണം നമ്മുടെ ദശലക്ഷക്കണക്കിന് സഹോദരങ്ങൾ പലായനം ചെയ്യപ്പെടുകയും അനേകർക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു. നമ്മുടെ ജനങ്ങളുടെ പോരാട്ടങ്ങളുടെയും ത്യാഗങ്ങളുടെയും സ്മരണയ്ക്കായി, ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കും', മോദി ട്വിറ്ററിൽ കുറിച്ചു.

സാമൂഹിക വിഭജനം, പൊരുത്തക്കേട് എന്നിവയുടെ വിഷം നീക്കം ചെയ്യേണ്ടതിനെക്കുറിച്ചും ഒരുമയുടെയും സാമൂഹിക ഐക്യത്തിന്റെയും ശാക്തീകരണത്തിന്റെയും ആവശ്യകതയെക്കുറിച്ചും ഈ ദിനം ഓർമ്മിപ്പിക്കട്ടെയെന്ന് പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. 'വിഭജനത്തിന്റെ മുറിവും ഉറ്റവരെ നഷ്ടപ്പെട്ടതിന്റെ വേദനയും വാക്കുകളിൽ വിവരിക്കാൻ ആവില്ല. ഓഗസ്റ്റ് 14 വിഭജന ഭീതിയുടെ അനുസ്മരണ ദിനമായി ആചരിക്കുന്നത് വിവേചനവും വിദ്വേഷവും അകറ്റി സമാധാനവും, സ്‌നേഹവും, ഐക്യവും ശക്തിപ്പെടുത്തുമെന്ന് ഉറപ്പാണ്', അമിത് ഷാ ഹിന്ദിയിലുള്ള ട്വീറ്റിൽ പറഞ്ഞു.വിഭജനത്തിൽ ജീവത്യാഗം ചെയ്തവരെ രാജ്യം ഈ ദിവസം സല്യൂട്ട് ചെയ്യുമെന്ന് ആഭ്യന്തര മന്ത്രായത്തിന്റെ വിജ്ഞാപനത്തിൽ പറഞ്ഞു.

അതേസമയം, പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിനെതിരെ കോൺഗ്രസ് നേതാവ് എ.കെ ആന്റണി രംഗത്തെത്തി. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സദുദ്ദേശത്തോടെ അല്ലെന്നാണ് ആന്റണി അഭിപ്രായപ്പെട്ടത്. 'വിഭജനം ദൗർഭാഗ്യകരം തന്നെ ഒരുമയുടെയും സാമുദായിക മൈത്രിയുടെയും അന്തരീക്ഷം ശക്തിപ്പെടുത്തണം എന്ന് പ്രധാനമന്ത്രി പറയുമ്പോഴും പഴയ മുറിവുകൾ ഓർമ്മപ്പെടുത്തുന്നത് സദുദ്ദേശത്തോടെയല്ല. ആ വേദന വീണ്ടും ഓർമ്മിപ്പിക്കുന്നത് വിദ്വേഷം പരത്തും.' എ.കെ ആന്റണി അഭിപ്രായപ്പെട്ടു.