സിഡ്നി: സൂപ്പർതാരങ്ങളെ ഉൾപ്പെടുത്തി ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ഓസ്ട്രേലിയ. ആരോൺ ഫിഞ്ച് നയിക്കുന്ന ടീമിലേക്ക് പരിക്കിൽ നിന്ന് മോചിതനായ സ്റ്റീവ് സ്മിത്ത്, പാറ്റ് കമ്മിൻസ്, ഡേവിഡ് വാർണർ, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്വെൽ, കെയ്ൻ റിച്ചാർഡ്സൺ തുടങ്ങിയ താരങ്ങൾ തിരിച്ചെത്തി.

വെസ്റ്റ് ഇൻഡീസിനും ബംഗ്ലാദേശിനുമെതിരായ പര്യടനങ്ങളിൽ ഈ താരങ്ങൾ കളിച്ചിരുന്നില്ല. ടീമിന്റെ പ്രകടനം മോശമായതോടെ സീനിയർ താരങ്ങൾക്ക് എതിരെ രൂക്ഷവിമർശനം ഉയർന്നിരുന്നു.

ആദം സാംപ, ആഷ്ടൺ അഗർ എന്നിവർക്കൊപ്പം മൂന്നാം സ്പിന്നറായി മിച്ചൽ സ്വപ്സണിനെ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎഇയിലെ പിച്ചുകൾ സ്പിന്നിനെ തുണയ്ക്കും എന്ന പ്രതീക്ഷയിലാണ് മൂന്ന് പേരെ ഉൾപ്പെടുത്തിയത്.

അലക്സ് ക്യാരിക്ക് പകരം പുതുമുഖ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ ജോഷ് ഇംഗ്ലിസിനെ ഉൾപ്പെടുത്തിയതാണ് ടീമിലെ സർപ്രൈസ്. ഇംഗ്ലണ്ടിലെ വിറ്റാലിറ്റി ടി20 ബ്ലാസ്റ്റിൽ ഗ്രൂപ്പ് ഘട്ടത്തിൽ ഉയർന്ന റൺവേട്ടക്കാരനായിരുന്നു ഇംഗ്ലിസ്. ഇംഗ്ലിസിന്റെ പേര് നാളുകളായി പരിഗണനയിലുണ്ടായിരുന്നതാണെന്നും ടീമിനെ കൂടുതൽ സന്തുലിതമാക്കാൻ താരത്തിന് കഴിയുമെന്നും മുഖ്യ സെലക്ടർ ജോർജ് ബെയ്ലി വ്യക്തമാക്കി.

ഓൾറൗണ്ടർമാരായ ഡാൻ ക്രിസ്റ്റ്യനെയും ഡാനിയേൽ സാംസിനെയും നേഥൻ എല്ലിസിനൊപ്പം റിസർവ് താരങ്ങളായി തെരഞ്ഞെടുത്തു. ബംഗ്ലാദേശിൽ അടുത്തിടെ അരങ്ങേറ്റത്തിൽ ഹാട്രിക് നേടിയിരുന്നു എല്ലിസ്. മൂന്ന് താരങ്ങളും ടീമിനൊപ്പം യുഎഇയിലേക്ക് യാത്ര ചെയ്യും.

ഇന്ത്യ വേദിയാവേണ്ടിയിരുന്ന ടൂർണമെന്റ് കോവിഡ് പശ്ചാത്തലത്തിൽ യുഎഇയിലേക്കും ഒമാനിലേക്കും മാറ്റുകയായിരുന്നു. ഒക്ടോബർ 23ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഓസീസിന്റെ ആദ്യ മത്സരം. നിലവിലെ ചാമ്പ്യന്മാരായ വെസ്റ്റ് ഇൻഡീസ്, ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ദക്ഷിണാഫ്രിക്ക എന്നിവർ ഗ്രൂപ്പ് ഒന്നിലും ഇന്ത്യ, പാക്കിസ്ഥാൻ, ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ ടീമുകൾ ഗ്രൂപ്പ് രണ്ടിലുമാണ്. ഒക്ടോബർ 17 മുതൽ ആരംഭിക്കുന്ന പ്രാഥമിക റൗണ്ട് പോരാട്ടങ്ങളിൽ നിന്ന് യോഗ്യത നേടിയെത്തുന്ന നാല് ടീമുകളെ രണ്ട് ഗ്രൂപ്പുകളിലായി കളിപ്പിക്കും.

ഓസ്‌ട്രേലിയൻ ടീം
ആരോൺ ഫിഞ്ച്(നായകൻ), പാറ്റ് കമ്മിൻസ്(ഉപനായകൻ), ആഷ്ടൺ അഗർ, ജോഷ് ഹേസൽവുഡ്, ജോഷ് ഇംഗ്ലിസ്, മിച്ചൽ മാർഷ്, ഗ്ലെൻ മാക്സ്വെൽ, കെയ്ൻ റിച്ചാർഡ്സൺ, സ്റ്റീവ് സ്മിത്ത്, മിച്ചൽ സ്റ്റാർക്ക്, മാർക്കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, ഡേവിഡ് വാർണർ, ആദം സാംപ, മിച്ചൽ സ്വപ്സൺ.

റിസർവ് താരങ്ങൾ
ഡാൻ ക്രിസ്റ്റ്യൻ, ഡാനിയേൽ സാംസ്, നേഥൻ എല്ലിസ്