കാൻബറ: ലോകം മുഴുവൻ കോവിഡ് ഭീതിയിൽ വലയുമ്പോൾ, കഴിഞ്ഞ ഒരാഴ്‌ച്ചയായി സമൂഹവ്യാപനത്തിലൂടെ ഒരാൾക്ക് പോലും കോവിഡ് ബാധിക്കാതെ ആസ്ട്രേലിയ ലോകരാഷ്ട്രങ്ങളിൽ നിന്നുംവ്യത്യസ്തമായി നിലകൊള്ളുന്നു. അതിവേഗം മ്യുട്ടേഷൻ സംഭവിച്ച്, പുതിയ പുതിയ ഇനങ്ങളുമായി ലോകത്തിന്റെ മറ്റുഭാഗങ്ങളിലൊക്കെ കോവിഡ് കാട്ടുതീ പോലെ ആളിപ്പടരുമ്പോഴാണ് ആസ്ട്രേലിയ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. സമൂഹവ്യാപനമില്ലാത്ത ഒരു ദിവസം പോലും മറ്റു രാജ്യങ്ങ്ൾക്ക് സ്വപ്നം കാണാൻ പോലും ആകാത്തപ്പോഴാണ് നീണ്ട ഒരാഴ്‌ച്ചക്കാലം സമൂഹവ്യാപനത്തിലൂടെ ഒരാൾക്ക് പോലും രോഗം പടരാതെ സൂക്ഷിച്ചത്.

എന്നാൽ, ഏറ്റവും അധികംഫലപ്രദമെന്ന് തെളിയിച്ച മൊഡേണ വാക്സിന് ആസ്ട്രേലിയ ഇതുവരെ ഓർഡർ നൽകാത്തത് ഒരു മണ്ടത്തരമാണെന്നാണ് ഈ രംഗത്തെ വിദഗ്ദർ വിലയിരുത്തുന്നത്. അതിനുപകരമായി ആസ്ട്രേലിയ വാങ്ങിയിരിക്കുന്നത് 53.8 ദശലക്ഷം ഡോസ് ആസ്ട്രാ സെനെക വാക്സിനാണ്. അതിനുപുറമേ, ഇതേ അളവിൽ ഫൈസർ വാക്സിനും വാങ്ങിയിട്ടുണ്ട്. ഇന്നലെ മൂന്ന് കോവിഡ് കേസുകൾ മാത്രമാണ് ആസ്ട്രേലിയയിൽ രേഖപ്പെടുത്തിയത്. ഇത് മൂന്നും ഹോട്ടൽ ക്വാറന്റൈനിൽ ഉള്ളവർക്കാണ്.

ആസ്ട്രേലിയയിൽ ഒരാഴ്‌ച്ചയായി സമൂഹവ്യാപനത്തിലൂടെയുള്ള ഒരു രോഗബാധ പോലും റിപ്പോർട്ട് ചെയ്യപ്പെടാത്തപ്പോൾ, വിക്ടോറിയ സംസ്ഥാനം ഒരു പടികൂടി മുന്നോട്ടുപോയി കഴിഞ്ഞ 18 ദിവസങ്ങളായി ഒരു കേസുപോലും റിപ്പോർട്ട് ചെയ്യപ്പെടാതെ റിക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ്. കർശന നിയന്ത്രണങ്ങളോടെയുള്ള ലോക്ക്ഡൗൺ കാരണം ബ്രിസ്ബെയിനിലും ക്വീൻസ്ലാൻഡിലുമ്പുതിയ കേസുകൾ ഇല്ല. നിലവില രാജ്യത്ത് സജീവമായ കോവിഡ് രോഗബാധയുള്ളവരുടെ എണ്ണം 129 മാത്രമാണ്.

ഫെബ്രുവരിയിൽ വാക്സിനേഷൻ പദ്ധതി ആരംഭിക്കാനിരിക്കെ, അതിന് വളരെ മുൻപ് തന്നെ ആസ്ട്രേലിയക്കാർ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. ആസ്ട്രെലിയയിൽ ഭൂരിഭാഗം പേർക്കും ലഭിക്കുക അസ്ട്രാ സെനെക വാക്സിൻ ആയിരിക്കും. മറ്റുള്ളവർക്ക് നോവാവാക്സും ലഭിക്കും. അഞ്ച് ദശലക്ഷം പേർക്ക് മാത്രമായിരിക്കും ഫൈസർ വാക്സിൻ ലഭിക്കുക. എന്നാൽ, ഏറ്റവുമധികം കാര്യക്ഷമമെന്ന് വിലയിരുത്തപ്പെടുന്ന മൊഡേണ എന്തുകൊണ്ട് ആസ്ട്രേലിയ വാങ്ങിയില്ലെന്ന കാര്യം ഇനിയും ദുരൂഹമാണ്.

കോവിഡ് ബാധയൊഴിഞ്ഞതോടെ നിയന്ത്രണങ്ങളിലും അയവു വരുത്തി. വാരാന്ത്യം ആഘോഷിക്കുവാൻ ഇന്നലെ ബീച്ചുകളിലെല്ലാം വൻതിരക്കായിരുന്നു അനുഭവപ്പെട്ടത്. യൂറോപ്പിൽ ഏതാണ്ട് മുഴുവനുമായും തന്നെ കർശന ലോക്ക്ഡൗൻ നിലനിൽക്കുന്ന സാഹചര്യത്തിലാണിതെന്നോർക്കണം. ആസ്ട്രേലിയയുടെ ഏറ്റവും അടുത്ത സഖ്യകക്ഷികളായ ബ്രിട്ടനും അമേരിക്കയുമൊക്കെ കോവിഡ് ദുരന്തത്തിന്റെ കറുത്തവഴികൾ പിന്നിടുമ്പോൾ ആസ്ട്രേലിയയിലേക്ക് സാധാരണ ജീവിതം തിരിച്ചെത്തിയിരിക്കുന്നു. മാസ്‌ക് പോലും ധരിക്കാതെ കടൽക്കരയിലും പാർക്കുകളിലുമൊക്കെ ഒത്തുകൂടുന്ന ജനങ്ങളെ അസൂയയോടെ വീക്ഷിക്കുകയാണ് ലോകം.

നവംബറിനു ശേഷം ആദ്യ കോവിഡ് രോഗിയുമായി ന്യുസിലാൻഡ്

നവംബറിനു ശേഷം ന്യുസിലാൻഡിൽ ഇതാദ്യമായി ഒരു വ്യക്തിക്ക് കോവിഡ് സ്ഥിരീകരിച്ചു. ലണ്ടനിൽ നിന്നും പുറപ്പെട്ട് സ്പെയിനിലും നെതർലാൻഡ്സിലുമൊക്കെ സന്ദർശിച്ച് ഈ വർഷം ആരംഭത്തിൽ ഓക്ക്ലാൻഡിൽ എത്തിയ 56 കാരിയായ ഒരു സ്ത്രീയിലാണ് വൈറസിന്റെ സാന്നിദ്ധ്യം സ്ഥിരീകരിക്കപ്പെട്ടത്. നോർത്ത്ലാൻഡ് സ്വദേശിയാണ് ഇവർ. വിദേശങ്ങളിൽ നിന്നെത്തുന്നവർക്ക് നിർബന്ധമായ 14 ദിവസത്തെ ക്വാറന്റൈന് വിധേയയായിരുന്നു ഈ സ്ത്രീ. നിയമം അനുശാസിക്കുന്ന വിധം രണ്ട് നെഗറ്റീവ് സർട്ടിഫിക്കറ്റുകൾ ലഭിച്ചശേഷമാണവർ പുറത്തിറങ്ങിയത്.

ക്വാറന്റൈൻ കഴിഞ്ഞതിനു കുറച്ചുദിവസങ്ങൾക്ക് ശേഷം ഇവർക്ക് പേശീ വേദന അനുഭവപ്പെടുകയും അത് ആരോഗ്യപ്രവർത്തകരെ അറിയിക്കുകയുമായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇവർ മറ്റാർക്കെങ്കിലും രോഗം പടർത്തിയതായിട്ട് കണ്ടെത്തിയില്ല. രോഗബാധ സ്ഥിരീകരിച്ചതുമുതൽ അവർ വീട്ടിൽ ഐസൊലേഷനിലാണ്. എന്നിരുന്നാലും ഒരാൾക്ക് രോഗബാധ കണ്ടെത്തിയതിനെ തുടർന്ന് വീണ്ടും ലോക്ക്ഡൗൺ പ്രഖ്യാപിക്കുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്.

ഇവരുമായി അടുത്ത സമ്പർക്കം പുലർത്തിയ നാലുപേരെ കണ്ടെത്തി പരിശോധിച്ചെങ്കിലും അവരിൽ രോഗബാധ കണ്ടെത്താനായിട്ടില്ല എന്നത് ആശ്വാസം പകരുന്നുണ്ട്. ഇവർ യാത്രചെയ്ത ഇടങ്ങളുടെയും മറ്റും വിവരങ്ങൾ കൃത്യമായി സൂക്ഷിച്ചു വയ്ക്കുന്ന വ്യക്തിയായതിനാൽ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട മറ്റുള്ളവരെ കണ്ടെത്തുവാനും ബുദ്ധിമുട്ടുണ്ടാകില്ല.