മെൽബൺ: കോവിഡിനെതിരെ കാര്യക്ഷമമായി പ്രതികരിച്ച ലോകരാജ്യങ്ങളിൽ ഒന്നാണ് ആസ്ട്രേലിയ. വളരെ കരുതലോടെ നീങ്ങിയ ഈ ഭൂഖണ്ഡ രാഷ്ട്രം കൊറോണയെ നേരിടുന്നതിൽ വലിയൊരു പരിധിവരെ വിജയം കാണുകയും ചെയ്തു. അതേ കരുതൽ വീണ്ടും തുടരാനാണ് ആസ്ട്രേലിയയുടെ തീരുമാനം. വാക്സിൻ പദ്ധതി വളരെ സാവധാനം മുന്നോട്ട് പോകുന്നതിനാലും പുതിയ വകഭേദങ്ങളെ കുറിച്ച് ആശങ്ക നിലനിൽക്കുന്നതിനാലും അടുത്ത വർഷം കൂടി വിദേശയാത്രകൾക്ക് വിലക്കേർപ്പെടുത്താനാണ് ആസ്ട്രേലിയയുടെ തീരുമാനം.

ആസ്ട്രേലിയൻ പൗരന്മാർക്കും പെർമെനന്റ് റെസിഡന്റ് സ്റ്റാറ്റസ് ഉള്ളവർക്കും 2020 മാർച്ച് മുതൽ തന്നെ രാജ്യം വിട്ടുപോകുന്നതിൽ നിയന്ത്രണങ്ങളുണ്ട്.ലോകത്തിലെ തന്നെ ഏറ്റവും കർശനമായ യാത്രാ നിയന്ത്രണങ്ങളാണ് ആസ്ട്രേലിയയിൽ ഉള്ളത്. പൗരന്മാർക്കും പെർമെനന്റ് റെസിഡന്റ് സ്റ്റാറ്റസ് ഉള്ളവർക്കും വളരെ അത്യാവശ്യകാര്യങ്ങൾക്ക് മാത്രമാണ് രാജ്യം വിട്ടുപോകാനുള്ള അനുമതിയുള്ളത്. അതുപോലെ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും മാത്രമാണ് ആസ്ട്രേലിയയിൽ പ്രവേശിക്കാൻ അനുമതി ഉള്ളതും.

2021 ഒക്ടോബറിൽ യാത്രാനിയന്ത്രണങ്ങൾ നീക്കുമെന്നായിരുന്നു സർക്കാർ നേരത്തേ പ്രഖ്യാപിച്ചിരുന്നത്. അതിനുള്ളിൽ രാജ്യത്തെ മുഴുവൻ മുതിർന്ന പൗരന്മാർക്കും വാക്സിനേഷൻ നൽകുമെന്നും പറഞ്ഞിരുന്നു. എന്നാൽ ഈ സമയ പരിധി നീട്ടുകയാണെന്നാണ് വ്യാഴാഴ്‌ച്ച ധനകാര്യമന്ത്രി സൈമൺ ബ്രിമ്മിങ്ഹാം പറഞ്ഞത്. നിലവിലെ വാക്സിനേഷൻ പദ്ധതിയുടെ വേഗതയും, പുതിയ വകഭേദങ്ങളുടെ ആവിർഭാവവും ഒക്കെയുള്ള സാഹചര്യത്തിൽ അടുത്ത വർഷം ആദ്യം പോലും യാത്രാ നിയന്ത്രണങ്ങൾ നീക്കംചെയ്യാൻ സാധിക്കുമോ എന്ന കാര്യത്തിൽ സംശയമാണെന്നാണ് ബജറ്റ് അവതരിപ്പിച്ചു കൊണ്ട് അദ്ദേഹം പറഞ്ഞത്.

മുന്മാസങ്ങളിൽ കണ്ടതിലേറെ അനിശ്ചിതാവസ്ഥയാണ് ലോകത്ത് നിലനിൽക്കുന്നതെന്ന് സൂചിപ്പിച്ച അദ്ദേഹം ഇന്ത്യയിൽ ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് ഇനത്തേക്കുറിച്ചും ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന രോഗവ്യാപനത്തെ കുറിച്ചും പ്രസംഗത്തിനിടയിൽ സൂചിപ്പിച്ചു. ആസ്ട്രേലിയയുമായി നല്ല ബന്ധം കാത്തുസൂക്ഷിക്കുന്ന ഇന്ത്യ ഉൾപ്പടെ നിരവധി രാജ്യങ്ങളിൽ കൊറോണ പ്രതിസന്ധി രൂക്ഷമാവുകയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. ന്യുസിലാൻഡുമായി മാത്രമാണ് നിലവിൽ ആസ്ട്രേലിയയ്ക്ക് യാത്രാ ഇടനാഴി സംവിധാനം ഉള്ളത്.

മാർച്ച് അവസാനത്തോടെ 4 മില്ല്യൺ ആളുകൾക്ക് വാക്സിൻ നൽകുമെന്നാണ് പറഞ്ഞിരുന്നതെങ്കിലും ഇതുവരെ അതിന്റെ പകുതിയോളം പേർക്ക് മാത്രമാണ് നൽകാനായിട്ടുള്ളത്. ഇതും യാത്രാവിലക്ക് നീക്കം ചെയ്യുന്നതിന് തടസ്സമായിട്ടുണ്ട്. ഇന്ന് ആസ്ട്രേലിയയിൽ ഒരേൂരാൾ മാത്രമാണ് ഗുരുതര കോവിഡ് ബാധിച്ച് ഐ സി യുവിൽ ചികിത്സയിലുള്ളത്. കോവിഡ് തരംഗത്തെ പിടിച്ചുനിർത്തുന്നതിൽ കർശന നടപടികളിലൂടെയാണ് ആസ്ട്രേലിയ വിജയിച്ചത്. കഴിഞ്ഞയാഴ്‌ച്ച ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് മെയ് 15 വരെ നിരോധനമേർപ്പെടുത്തിക്കൊണ്ട് സർക്കർ ഉത്തരവിറക്കിയിരുന്നു.