ദുബായ്: ട്വന്റി 20 ലോകകപ്പിൽ ഓസ്‌ട്രേലിയൻ ബൗളിങ് നിരയ്ക്ക് മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ് ബാറ്റിങ് നിര. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് വെറും 73 റൺസുമായി കൂടാരം കയറി. ഇന്നിങ്‌സിൽ അഞ്ച് ഓവറുകൾ ബാക്കിനിൽക്കെയാണ് ബംഗ്ലാദേശ് ഓൾഔട്ടായത്.

ആശ്വാസ ജയം ലക്ഷ്യമിട്ടിറങ്ങിയ ബംഗ്ലാദേശ് നിരയിൽ മൂന്നക്കം കണ്ടത് മൂന്ന് ബാറ്റർമാർ മാത്രം. 18 പന്തിൽ ഓരോ സിക്‌സും ഫോറും സഹിതം 19 റൺസെടുത്ത ഷമിം ഹുസൈനാണ് ബംഗ്ലാദേശിന്റെ ടോപ് സ്‌കോറർ.

അഞ്ച് വിക്കറ്റ് നേട്ടം കൈവരിച്ച സ്പിന്നർ ആദം സാംപയാണ് ബംഗ്ലാദേശിനെ തകർത്തത്. സാംപ നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് പിഴുതത്. ജോഷ് ഹെയ്സൽവുഡ് രണ്ട് ഓവറിൽ എട്ടു റൺസ് മാത്രം വഴങ്ങിയും മിച്ചൽ സ്റ്റാർക്ക് നാല് ഓവറിൽ 21 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്‌ത്തി. മാക്‌സ്വെലിനും ഒരു വിക്കറ്റ് ലഭിച്ചു.

ഓപ്പണർ മുഹമ്മദ് നയിം 16 പന്തിൽ മൂന്നു ഫോറുകളോടെ 17 റൺസെടുത്തു. ക്യാപ്റ്റൻ മഹ്‌മുദുല്ല 18 പന്തിൽ രണ്ടു ഫോറുകൾ സഹിതം 16 റൺസെടുത്തും പുറത്തായി.

ബംഗ്ലാദേശ് നിരയിൽ ഓപ്പണർ ലിറ്റൻ ദാസ്, മെഹ്ദി ഹസൻ എന്നിവർ ഗോൾഡൻ ഡക്കായി. അഫീഫ് ഹുസൈൻ, ഷോറിഫുൽ ഇസ്ലാം എന്നിവർ ഡക്കായി. സൗമ്യ സർക്കാർ (എട്ടു പന്തിൽ അഞ്ച്), മുഷ്ഫിഖുർ റഹിം (രണ്ടു പന്തിൽ ഒന്ന്), മുസ്താഫിസുർ റഹ്‌മാൻ (ഒൻപതു പന്തിൽ നാല്) എന്നിങ്ങനെയാണ് മറ്റു താരങ്ങളുടെ പ്രകടനം.

ഇതുവരെ കളിച്ച നാല് മത്സരങ്ങളും തോറ്റ ബംഗ്ലാദേശ് സെമിഫൈനൽ കാണാതെ പുറത്തായിക്കഴിഞ്ഞു. അതേസമയം, കളിച്ച മൂന്ന് മത്സരങ്ങളിൽ രണ്ട് ജയമുള്ള ഓസ്‌ട്രേലിയയ്ക്ക് ഗ്രൂപ്പ് ഒന്നിൽനിന്ന് രണ്ടാം സ്ഥാനക്കാരായി സെമിയിൽ കടക്കാൻ വിജയം കൂടിയേ തീരൂ.