കൽപ്പറ്റ: കൊവിഡിനെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ട് രണ്ട് വർഷമായിട്ടും വയനാട്ടിൽ പലയിടത്തും ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ വിദ്യാർത്ഥികൾക്ക് കഴിയാത്തത് ചർച്ചയായിരിക്കുകയാണ്. ക്ലാസുകൾ കാണാനുള്ള ടി.വിയോ മൊബൈൽ ഫോണുകളോ മിക്കയിടത്തും എത്തിയെങ്കിലും ഇന്റർനെറ്റ് ലഭിക്കാത്തതോ, വേഗതയില്ലായ്മയോ ആണ് പ്രശ്നമായി ഇപ്പോഴും തുടരുന്നത്. ഈ സാഹചര്യത്തിലാണ് എല്ലാ പ്രദേശങ്ങളിലും ഇന്റർനെറ്റ് കണക്ടിവിറ്റി ഉറപ്പ് വരുത്തുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാതല ടെലികോം കമ്മിറ്റി ചേർന്നത്. ജില്ലാ കളക്ടർ ഡോ. അദീല അബ്ദുള്ളയുടെ അദ്ധ്യക്ഷതയിയിൽ വിവിധ വകുപ്പ് തലവന്മാരും ഇന്റർനെറ്റ് ദാതാക്കളുമാണ് യോഗത്തിൽ സംബന്ധിച്ചത്.

ജില്ലയുടെ പല ഭാഗങ്ങളിലും ടവർ നിർമ്മാണത്തിനെതിരെ നാട്ടുകാർ സംഘടിച്ചതിനാലാണ് ഉദ്യമത്തിൽ നിന്ന് പിന്മാറിയതെന്ന് ഇന്റർനെറ്റ് ദാതാക്കൾ കലക്ടറെ അറിയിച്ചു. ടവർ സ്ഥാപിക്കാനുദ്ദേശിക്കുന്ന പ്രദേശങ്ങളിൽ ചില ആളുകൾ പ്രവർത്തി തടസ്സപ്പെടുത്തുന്നതിനാൽ നിർമ്മാണം പൂർത്തീകരിക്കാൻ സാധിക്കാത്ത സാഹചര്യമാണുള്ളത്. ഇക്കാര്യം അതത് പ്രദേശത്തെ തദ്ദേശ സ്ഥാപന പ്രതിനിധികൾ ഇടപെട്ട് പരിഹരിക്കണമെന്ന് കലക്ടർ ആവശ്യപ്പെട്ടു.

ടവർ നിർമ്മാണം തടസ്സപ്പെടുത്തുന്ന കേസുകളിൽ വിശദമായ റിപ്പോർട്ട് ലഭ്യമാക്കാനും കളക്ടർ നിർദ്ദേശിച്ചു. ഇന്റർനെറ്റ് കണക്ടിവിറ്റി ഇല്ലാത്തതോ, വേഗത കുറവുള്ളതോ ആയ പ്രദേശങ്ങളിലെ പ്രശ്ന പരിഹാരത്തിനുള്ള നിർദ്ദേശങ്ങൾ, പുതുതായി ടവറുകൾ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥലങ്ങളുടെ വിവരം, ടവറുകൾ സ്ഥാപിക്കുന്നതിന് തടസ്സങ്ങൾ ഉണ്ടെങ്കിൽ അക്കാര്യങ്ങൾ, പകരം സ്ഥലം കണ്ടെത്താനുള്ള സാധ്യത എന്നീ വിവരങ്ങൾ ഉൾപ്പെടുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും ഉദ്യോഗസ്ഥരോട് ജില്ല കലക്ടർ നിർദ്ദേശിച്ചു.

എയർഫൈബർ, സ്മോൾസെൽ, ഫൈബർനെറ്റ് വർക്ക് കണക്ഷൻ, പുതിയ ടവർ നിർമ്മാണം എന്നിവയുടെ സാധ്യത പരിശോധിക്കും. കണക്ടിവിറ്റി കൂടുതൽ മെച്ചപ്പെടുത്തേണ്ട പ്രദേശങ്ങൾ മുൻഗണനാക്രമത്തിൽ ഈ മാസം 29ന് നടക്കുന്ന താലൂക്ക് തല യോഗത്തിൽ അവതരിപ്പിക്കണം. തഹസിൽദാർമാർ, ഐ.ടി.ഡി.പി, ജില്ലാ വിദ്യാഭ്യാസ ഓഫീസർ എന്നിവരെയാണ് ഇതിനായി ചുമതലപ്പെടുത്തിയിരിക്കുന്നത്.

സബ് കളക്ടർ അർജുൻ പാണ്ഡ്യൻ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. വിദ്യാഭ്യാസ വകുപ്പ്, പട്ടികവർഗ്ഗ വികസന വകുപ്പ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടർ, സർവ്വ ശിക്ഷാ അഭിയാൻ, ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള വിവിധ ഇന്റർനെറ്റ് ദാതാക്കൾ എന്നിവരെ ഉൾപ്പെടുത്തിയായിരുന്നു യോഗം.