തൃശൂർ: സാമൂഹിക പ്രവർത്തനങ്ങൾ പരിഗണിച്ച് തൃശൂരിലെ ഓട്ടോ ഡ്രൈവർ എം.എസ്. ബാലസുബ്രഹ്മണ്യന് ഡോക്ടറേറ്റ്. കേരളത്തിൽ നിന്നുള്ള സംഘം നോമിനേറ്റ് ചെയ്തതിനെതുടർന്ന് ഇന്തോനേഷ്യയിലെ ബാലിദ്വീപിൽ കഴിഞ്ഞദിവസം നടന്ന ചടങ്ങിൽ ഓപ്പൺ ഇന്റർനാഷണൽ യൂണിവേഴ്സിറ്റി പ്രതിനിധികളാണ് ബാലസുബ്രഹ്മണ്യന് ബിരുദം നൽകിയത്.

30 രാജ്യങ്ങളിൽനിന്നുള്ള വ്യക്തികളെയാണ് ഇക്കുറി യൂണിവേഴ്സിറ്റി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. സാമൂഹിക സേവനം, അനീതിക്കെതിരെയുള്ള പ്രവർത്തനം തുടങ്ങി വിവിധ പ്രവർത്തനങ്ങളാണ് ഡോക്ടറേറ്റ് ബിരുദം നേടിക്കൊടുത്തത്. കൊച്ചിൻ ദേവസ്വം ബോർഡിലെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചു പിടിച്ചതിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനായത്.

നഗരത്തിലെ നിരവധി സുഹൃത്തുക്കളാണ് തന്നെ സഹായിച്ചതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എം.എസ്. കൃഷ്ണയ്യരുടെയും പാർവതിയമ്മയുടെയും മകനാണ് ബാലസുബ്രഹ്മണ്യൻ.