തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ധന വിലവർധനവിനൊപ്പം ഓട്ടോ ടാക്‌സി നിരക്കിലും വർധനവിന് കളമൊരുങ്ങുന്നു. ഓട്ടോറിക്ഷയുടെ മിനിമം നിരക്ക് നിലവിലുള്ള 25 രൂപയിൽ നിന്ന് 30 ആക്കാനുള്ള ശുപാർശ ജസ്റ്റിസ് എം. രാമചന്ദ്രൻ കമ്മിറ്റി ഗതാഗത വകുപ്പിനു സമർപ്പിച്ചു. മിനിമം നിരക്കു കഴിഞ്ഞുള്ള ഓരോ കിലോമീറ്ററിനും നിലവിലുള്ള 12 രൂപയിൽ നിന്നു 15 ആക്കാനുമാണു ശുപാർശ. ടാക്‌സി മിനിമം ചാർജ്ജ് 210 രൂപയായും ഉയരും.

കോർപറേഷൻ/മുനിസിപ്പാലിറ്റി പരിധിക്കു പുറത്ത് ഓട്ടോകൾക്ക് 50% അധികനിരക്കും രാത്രി യാത്രയിൽ നഗരപരിധിയിൽ 50% അധിക നിരക്കും തുടരണമെന്നും കമ്മിറ്റി നിർദേശിച്ചു. വെയ്റ്റിങ് ചാർജ് 15 മിനിറ്റിനു നിലവിലുള്ള 10 രൂപ എന്നതിൽ മാറ്റമില്ല. .

1500 സിസിയിൽ താഴെയുള്ള ടാക്‌സി കാറുകൾക്കു മിനിമം നിരക്ക് നിലവിലുള്ള 175 രൂപയിൽ നിന്ന് 210 ആയും കിലോമീറ്റർ നിരക്ക് 15 രൂപയിൽ നിന്ന് 18 ആയും വർധിപ്പിക്കണം. 1500 സിസിയിൽ അധികമുള്ള ടാക്‌സി കാറുകൾക്ക് മിനിമം നിരക്ക് 200 രൂപയിൽ നിന്ന് 240 ആയും, കിലോമീറ്റർ നിരക്ക് 17 രൂപയിൽ നിന്ന് 20 ആയും വർധിപ്പിക്കാനാണു ശുപാർശ. വെയ്റ്റിങ് ചാർജ് നിലവിൽ ഉള്ളതു പോലെ മണിക്കൂറിന് 50 രൂപയായും ഒരു ദിവസം പരമാവധി 500 രൂപയായും നിലനിർത്തണം.

നിർദേശങ്ങൾ സർക്കാർ ചർച്ച ചെയ്തു തീരുമാനമെടുക്കുമെന്നു മന്ത്രി ആന്റണി രാജു പറഞ്ഞു. ഇന്ധനവില വർധിച്ചതിന്റെ അടിസ്ഥാനത്തിൽ ഓട്ടോ-ടാക്‌സി നിരക്കു വർധന വേണമെന്ന വാഹന ഉടമകളുടെയും യൂണിയനുകളുടെയും ആവശ്യം ന്യായമാണെന്ന ധാരണയാണു ചർച്ചയിലുണ്ടായതെന്നും മന്ത്രി പറഞ്ഞു. ജസ്റ്റിസ് എം.രാമചന്ദ്രൻ, ഗതാഗത കമ്മിഷണർ എം.ആർ.അജിത്കുമാർ, കമ്മിറ്റി അംഗങ്ങളായ എൻ.നിയതി, ടി. ഇളങ്കോവൻ തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.