കോഴിക്കോട്: രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സംഘാംഗങ്ങളെ സിപിഎം നേതൃത്വത്തിന് അറിയമായിരുന്നു എന്ന് സൂചന. അപടക ദിവസം അർജുൻ ആയങ്കിക്കൊപ്പം കാറിൽ 2 പേർ കൂടി ഉണ്ടായിരുന്നതായി പിടിയിലായ ചെർപ്പുളശ്ശേരി സംഘം മൊഴി നൽകിയിരുന്നു. റമീസ്, സജിൻ എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത് എന്നാണ് സംഘം പൊലീസിനോട് പറഞ്ഞത്. കരിപ്പൂർ സ്വർണക്കടത്തു ക്വട്ടേഷൻ കേസിലെ ആസൂത്രകനാണ് അർജുൻ ആയങ്കി എന്നാണ് കസ്റ്റംസ് നിഗമനം.

റമീസ് എന്ന സുഹൃത്തിന് കാരിയറായ മുഹമ്മദ് ഷഫീഖ് നൽകാനുള്ള 15,000 രൂപ വാങ്ങാനാണ് അന്ന് വിമാനത്താവളത്തിലെത്തിയത് എന്നാണ് അർജുന്റെ മൊഴി. ക്വട്ടേഷൻ സംഘവുമായും സ്വർണക്കടത്തുമായും ബന്ധമുണ്ടെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം വിജയരാജൻ പറഞ്ഞ കതിരൂർ റമീസ് തന്നെയാണ് അന്ന് അർജുനൊപ്പമുണ്ടായിരുന്നത് എന്നാണ് സൂചന. വാർത്താ സമ്മേളനത്തിലാണ് ഈ പേര് ജയരാജൻ പറഞ്ഞിരുന്നത്.

സമൂഹമാധ്യമങ്ങളിൽ പ്രചാരകരായി വന്നു ക്വട്ടേഷൻ പ്രവർത്തനങ്ങൾ നടത്തുന്നവരെ തള്ളിപ്പറയാനായിരുന്നു പത്രസമ്മേളനം. അർജുൻ ആയങ്കി, ആകാശ് തില്ലങ്കേരി എന്നിവർക്കു പുറമേ കതിരൂർ സ്വദേശി റമീസ് ഉൾപ്പെടെ ഇരുപതോളം പേരുകൾ ജയരാജൻ പറഞ്ഞത്. ഏത് കേസിലെ പ്രതിയായാലും ക്വട്ടേഷൻകാർ ക്വട്ടേഷൻകാർ തന്നെയാണ്. പാർട്ടിയുടെ സംരക്ഷണം അവർക്കുണ്ടാവില്ല. സിപിഐ എം പ്രവർത്തകർ ആരും ക്വട്ടേഷൻ സംഘവുമായി സഹകരിക്കില്ലെന്നും ജയരാജൻ പറഞ്ഞിരുന്നു.

മുഹമ്മദ് സാലിഹ് മർവാൻ, മുഹമ്മദലി കണ്ടേരി, അഫ്താബ് മമമാക്കുന്ന്, നിസാമുദ്ദീൻ കൈതേരി കപ്പണ, പുത്തൻ കണ്ടം പ്രണൂബ്, കാക്കയങ്ങാട് ആകാശ്, ധർമടത്തെ ലെനീഷ്, ടുട്ടു എന്ന ഷിജിൻ, ശ്രീജിത്ത്, പാനൂർ കാട്ടിന്റവിട ആദർശ്, ചെണ്ടയാട് ശരത്, വെള്ളങ്ങാട് യാദവ്, കണ്ണിപ്പൊയിൽ ബാബു വധക്കേസിലെ പ്രതികളായ അരുൺ ഭാസ്‌ക്കർ,ശ്യാംജിത്ത്, ആകാശ്, കൂത്തുപറമ്പിലെ സ്വരലാൽ, രഞ്ജിത്ത്, ജിത്തു, കതിരൂരിലെ റെനിൽ, ചത്തി റമീസ് എന്ന റമീസ്, അഴീക്കോട്ടെ അർജുൻ എന്നീ പേരുകളാണ് സ്വർണ കടത്ത് വാഹകരായോ, ക്വട്ടേഷനിൽ പങ്കാളികളായോ പുറത്തുവന്നിട്ടുള്ളത്.

രാമനാട്ടുകാരയിൽ അർജുൻ സഞ്ചരിച്ച ചുവന്ന കാറിനു പുറമേ 4 വാഹനങ്ങളിൽ കൂടി കണ്ണൂർ സംഘത്തിലെ അംഗങ്ങൾ ഉണ്ടായിരുന്നുവെന്നും ചെർപ്പുളശ്ശേരി സംഘം നൽകിയ മൊഴിയിലുണ്ട്. വിമാനത്താവളം മുതൽ രാമനാട്ടുകര വരെയുള്ള കാർ ചേസിൽ തങ്ങൾക്കു പരിചയമില്ലാത്ത 4 വാഹനങ്ങൾ കൂടി ഉണ്ടായിരുന്നു എന്നാണ് ഇവരുടെ മൊഴി. എന്നാൽ ഇത് അർജുന്റെ സംഘമാണോ എന്നു പൊലീസ് ഉറപ്പിച്ചിട്ടില്ല.

അർജുൻ ആയങ്കി സംസ്ഥാനാന്തര ബന്ധമുള്ള കള്ളക്കടത്തു റാക്കറ്റിലെ മുഖ്യകണ്ണിയാണെന്നു കസ്റ്റംസ് സാമ്പത്തിക കുറ്റവിചാരണക്കോടതിയിൽ ബോധിപ്പിച്ചു. 21 നു പുലർച്ചെ കരിപ്പൂർ വിമാനത്താവളത്തിൽ 2.33 കിലോഗ്രാം സ്വർണവുമായി അറസ്റ്റിലായ മുഹമ്മദ് ഷഫീഖിന്റെ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ ചോദ്യം ചെയ്യാൻ നോട്ടിസ് നൽകിയപ്പോൾ നിർണായക തെളിവായ മൊബൈൽ ഫോണും തിരിച്ചറിയൽ രേഖകളും നശിപ്പിച്ച ശേഷമാണു അർജുൻ ആയങ്കി അന്വേഷണ ഉദ്യോഗസ്ഥനു മുൻപാകെ ഹാജരായതെന്നും കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു.

എന്നാൽ ആരോപണങ്ങൾ പരസ്യമായി ആയങ്കി തള്ളിപ്പറയുകയാണ്. '' കസ്റ്റംസും മാധ്യമങ്ങളും പറയുന്നത് ശരിയല്ല, എന്റെ നിരപരാധിത്വം ഞാൻ തെളിയിക്കും. പാർട്ടിയെ നിങ്ങൾ ഇതിലേക്കു വലിച്ചിഴയ്ക്കരുത്...'' കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി അർജുൻ മാധ്യമങ്ങളോടു പ്രതികരിച്ചു. സംഭവദിവസം എന്തിനാണു കരിപ്പൂർ വിമാനത്താവളത്തിൽ പോയതെന്ന ചോദ്യത്തിന് 'അതു നിങ്ങളോടു പറയേണ്ട ആവശ്യമില്ലെ'ന്നായിരുന്നു മറുപടി.

കടത്തു സ്വർണം വാങ്ങാൻ അർജുൻ കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കാർ കണ്ണൂരിലെ ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി സി.സജേഷിന്റെ പേരിലാണു രജിസ്റ്റർ ചെയ്തിട്ടുള്ളതെങ്കിലും ഇയാൾ അർജുന്റെ ബെനാമി മാത്രമാണെന്നു കസ്റ്റംസ് പറയുന്നു. സ്വർണക്കടത്തു റാക്കറ്റുമായുള്ള ബന്ധം പുറത്തുവന്നതിനെ തുടർന്നു സജേഷിനെ പാർട്ടി പുറത്താക്കി. അർജുൻ, മുഹമ്മദ് ഷഫീഖ് എന്നിവർക്കൊപ്പം സജേഷിനെയും കസ്റ്റംസ് ചോദ്യം ചെയ്യും

മുഹമ്മദ് ഷഫീഖിനൊപ്പം ചോദ്യം ചെയ്യാനായി അർജുനെ അടുത്തമാസം 6 വരെ കസ്റ്റംസിന്റെ കസ്റ്റഡിയിൽ നൽകി. മുഹമ്മദ് ഷഫീഖിന്റെ മൊഴികൾക്കു വിരുദ്ധമായ മൊഴിയാണ് അർജുൻ നൽകിയത്. ഇതു കള്ളത്തരമാണെന്ന് ആദ്യ അന്വേഷണത്തിൽ തന്നെ ബോധ്യപ്പെട്ടതായും കസ്റ്റംസിന്റെ റിപ്പോർട്ടിലുണ്ട്. വിദേശത്തുനിന്നു കാരിയർമാരെ നിയോഗിച്ച് ഇന്ത്യയിലേക്കു സ്വർണം കടത്തുക, മറ്റു കള്ളക്കടത്തുകാരുടെ സ്വർണം കവർച്ച ചെയ്യുക, സ്വർണം നഷ്ടപ്പെട്ടവരുമായി വിലപേശുക തുടങ്ങിയ കുറ്റകൃത്യങ്ങളാണ് അർജുന്റെ പ്രവർത്തന രീതിക്കു റാക്കറ്റിന്റെ

സ്വർണക്കടത്തിലൂടെ നേടുന്ന കള്ളപ്പണം ആഡംബര ജീവിതത്തിനു വിനിയോഗിക്കുന്ന അർജുൻ ആയങ്കി മറ്റുയുവാക്കളെയും സ്വർണക്കടത്തിലേക്ക് ആകർഷിക്കുന്നതായി കസ്റ്റംസ് കോടതിയിൽ ബോധിപ്പിച്ചു. ഉന്നതസ്വാധീനവും ആഡംബരവും യുവാക്കൾക്കു മുന്നിൽ പ്രദർശിപ്പിച്ചാണ് അർജുൻ യുവാക്കളെ സ്വർണക്കടത്തിൽ കാരിയർമാരാകാൻ വശീകരിക്കുന്നത്.