കണ്ണൂർ: കോഴിക്കോട് വിമാനത്താവളത്തിൽ കസ്റ്റംസിന്റെ പിടിയിലായ ശേഷവും മുഹമ്മദ് ഷഫീഖിന് അർജുൻ ആയങ്കി സന്ദേശം അയച്ച സംഭവത്തെ ഗൗരവത്തോടെ എടുത്ത് ഇന്റലിജൻസ്. ഷഫീഖിനെ പിടിച്ചത് തൽസമയം എങ്ങനെയാണ് ആയങ്കി അറിഞ്ഞതെന്ന ചോദ്യമാണ് ഉയരുന്നത്. വിമാനത്താവളത്തിനുള്ളിൽ കണ്ണൂർ ലോബിക്ക് ചാരന്മാരുണ്ടെന്നാണ് വിലയിരുത്തൽ.

സ്വർണം പിടിച്ച ശേഷം കാരിയറിന് എല്ലാ സഹായവും ഉറപ്പു നൽകിയാണ് അർജുൻ ആയങ്കി മടങ്ങിയത്. പിടിയിലായതും കേസെടുത്തതും ഷഫീഖ് വാട്‌സാപ്പിൽ അർജുനെ അറിയിച്ചപ്പോഴാണ് പേടിക്കേണ്ടെന്നും അഭിഭാഷകനെ ഏർപ്പാടാക്കാമെന്നും അർജുൻ ആശ്വസിപ്പിച്ചത്. ഇതിനുള്ള സാഹചര്യം ആരെങ്കിലും ഷെഫീഖിന് ഒരുക്കി നൽകിയതാണോ എന്നതാണ് സംശയം.

കസ്റ്റംസ് കസ്റ്റഡിയിലുള്ള വ്യക്തി എങ്ങനെയാണ് ആയങ്കിക്ക് സന്ദേശം അയച്ചതെന്ന ചോദ്യമാണ് ദുരൂഹത ചർച്ചയാക്കുന്നത്. ഏതായാലും കരിപ്പൂർ വിമാനത്താവളത്തിനുള്ളിൽ എന്തോ സംവിധാനം കണ്ണൂർ ലോബിക്കുണ്ടെന്ന് ഇന്റലിജൻസുകാർ തിരിച്ചറിയുന്നു. ഈ സാഹചര്യത്തിലാണ് ചാര സാന്നിധ്യത്തിൽ സംശയം ഉണ്ടാകുന്നത്.

ഷെഫീഖിനോട് സ്വർണം ഏൽപിച്ച ആൾക്കാരെ വിളിച്ച്, സഹായം അഭ്യർത്ഥിക്കണമെന്നും അർജുൻ നിർദ്ദേശിച്ചു. 'നമ്മൾ തമ്മിലുള്ള കാര്യം പുറത്തു പറയരുത്' എന്നും ആവശ്യപ്പെട്ടു. അവർ ഫോണെടുക്കുന്നില്ലെന്നായിരുന്നു ഷഫീഖിന്റെ മറുപടി. ദുബായിൽനിന്ന് ഒരാൾ കൊടുത്തുവിട്ട ബാഗ് ആണെന്നും കൂടുതലൊന്നും അറിയില്ലെന്നുമാണു കസ്റ്റംസിനോടു പറയേണ്ടതെന്നും അർജുൻ നിർദ്ദേശിക്കുന്നുണ്ട്.

'കരയല്ലേടാ... നീ കരയുന്നതു കേൾക്കുമ്പോൾ എനിക്കു സങ്കടം വരുന്നു', 'ടെൻഷൻ അടിക്കല്ലേ...', 'എന്തെങ്കിലും പറഞ്ഞു തൽക്കാലം പിടിച്ചുനിൽക്കണം' എന്നിങ്ങനെയാണ് അർജുന്റെ ഉപദേശം. ലഗേജ് പരിശോധന പൂർത്തിയാക്കി കള്ളക്കടത്ത് സ്ഥിരീകരിച്ച് കസ്റ്റംസ് അറസ്റ്റ് രേഖപ്പെടുത്തുന്നതു വരെ ഷഫീഖ് ഫോൺ ഉപയോഗിച്ചിരുന്നു. അതിനിടയിലായിരുന്നു അർജുനുമായുള്ള വാട്‌സാപ് സമ്പർക്കം. ഇതിന് വേണ്ട സഹായം ആരെങ്കിലും ചെയ്തു നൽകിയോ എന്നും പരിശോധിക്കും.

അതിനിടെ അർജുൻ ആയങ്കി ഉപയോഗിച്ച ഉപയോഗിച്ചിരുന്ന കാർ കണ്ടെത്തിയതു പാർട്ടി ഗ്രാമത്തിലെ കുറ്റിക്കാട്ടിൽ. പശുവിനെ കെട്ടാൻ വന്ന നാട്ടുകാരനാണു കാർ കണ്ടത്. നമ്പർ പ്ലേറ്റുകൾ അഴിച്ചുമാറ്റിയ നിലയിലാണ്. ക്രെയിൻ ഉപയോഗിച്ചു സ്റ്റേഷനിലേക്കു മാറ്റിയ കാർ, സ്വർണക്കടത്ത് അന്വേഷണസംഘത്തിനു കൈമാറും.

സംസ്ഥാനത്തെ സ്വർണക്കടത്ത്, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ട മറ്റു കുറ്റകൃത്യങ്ങൾ അന്വേഷിക്കാൻ ക്രൈം ബ്രാഞ്ച് എഡിജിപി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘത്തിൽ കണ്ണൂർ സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ, റൂറൽ ജില്ലാ പൊലീസ് മേധാവി നവനീത് ശർമ എന്നിവരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വർണക്കടത്തു സംഘങ്ങളുടെയും കള്ളക്കടത്തു സ്വർണം തട്ടിയെടുക്കുന്ന ക്വട്ടേഷൻ സംഘങ്ങളുടെയും കണ്ണൂർ ബന്ധം പുറത്തുവരുന്ന സാഹചര്യത്തിലാണു തീരുമാനം. കള്ളക്കടത്തും കള്ളപ്പണവും കേന്ദ്ര ഏജൻസികൾ അന്വേഷിക്കുമ്പോൾ, അനുബന്ധ കുറ്റകൃത്യങ്ങളാണു പുതിയ സംഘം അന്വേഷിക്കുക.

രാമനാട്ടുകര അപകടവുമായി ബന്ധപ്പെട്ട സ്വർണക്കടത്ത് അന്വേഷിക്കാനല്ല പ്രത്യേക സംഘം രൂപീകരിച്ചതെന്നു ക്രൈം ബ്രാഞ്ച് അറിയിച്ചു.സ്വർണക്കള്ളക്കടത്ത് കസ്റ്റംസും കള്ളപ്പണ ഇടപാടുകൾ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് (ഇഡി) അന്വേഷിക്കുക. എന്നാൽ ഇതുമായി ബന്ധപ്പെട്ട് തട്ടിക്കൊണ്ടുപോകൽ, കവർച്ച, ക്വട്ടേഷൻ തുടങ്ങിയവ വ്യാപകമാണ്. പൊലീസ് കൈകാര്യം ചെയ്യുന്ന ഇത്തരം കേസുകളുടെ അന്വേഷണത്തിനു മേൽനോട്ടം വഹിക്കുകയാണു പുതിയ സംഘത്തിന്റെ ചുമതല. തീവ്രവാദവിരുദ്ധ സ്‌ക്വാഡ് ഡിഐജി അനൂപ് കുരുവിള ജോൺ, എസ്‌പി ചൈത്ര തെരേസ ജോൺ എന്നിവരും സംഘത്തിലുണ്ട്.

സ്വർണക്കള്ളക്കടത്ത്, കള്ളപ്പണ ഇടപാട് എന്നിവയുമായി ബന്ധപ്പെട്ടു പൊലീസ് രജിസ്റ്റർ ചെയ്ത മുഴുവൻ കേസുകളുടെയും വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ഇത്തരം കേസുകളിൽ സ്ഥിരം പ്രതികളാകുന്ന മുന്നൂറോളം പേരുടെ പട്ടിക തയാറാക്കി. ഗുണ്ടാസംഘങ്ങളുടെ രാഷ്ട്രീയ സ്വാധീനം മൂലം പല കേസുകളിലും പൊലീസ് അന്വേഷണം പാതിയിൽ നിലച്ച മട്ടാണ്. ഇതൊഴിവാക്കാനാണ് ഇത്തരം കേസുകളുടെ അന്വേഷണ മേൽനോട്ടത്തിനു സ്ഥിരം സംഘം രൂപീകരിച്ചതെന്നു ക്രൈം ബ്രാഞ്ച് അധികൃതർ പറഞ്ഞു.