ന്യൂഡൽഹി: അയോധ്യാരാമക്ഷേത്രം 2023 അവസാനത്തോടെ ജനങ്ങൾക്ക് ആരാധനയ്ക്കായി തുറന്നുകൊടുക്കുമെന്ന് ക്ഷേത്രനിർമ്മാണത്തിനുള്ള രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ്. ശ്രീ കോവിലിന്റെ നിർമ്മാണം ഡിസംബറിന് മുമ്പ് പൂർത്തിയാക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.70 ഏക്കറിൽ ക്ഷേത്രത്തിന്റെ നിർമ്മാണം 2025 അവസാനത്തോടെ മാത്രമേ പൂർത്തിയാവൂ.

'2023 അവസാനത്തോടെ ആരോധനയ്ക്കായി രാമക്ഷേത്രത്തിന്റെ ശ്രീകോവിൽ ഭക്തർക്കായി തുറന്നുകൊടുക്കും,' ക്ഷേത്രം ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത്ത് റായ് പറഞ്ഞു. എഞ്ചിനീയർമാരും ആർകിടെക്ടുകളും ഉൾപ്പെടെ പങ്കെടുത്ത 15-അംഗ ശ്രീരാമ ജന്മഭൂമി തീർത് ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികളുടെ രണ്ട് ദിവസത്തെ യോഗത്തിന് ശേഷമായിരുന്നു ചമ്പത് റായിയുടെ പ്രഖ്യാപനം. ട്രസ്റ്റിന്റെ മേധാവി നൃപേന്ദ്ര മിശ്രയും പങ്കെടുത്തു.

ക്ഷേത്ര നിർമ്മാണത്തിന് വിദേശ ഫണ്ട് സ്വീകരിക്കേണ്ട കാര്യമില്ലെന്ന് വ്യക്തമാക്കിയ ട്രസ്റ്റ് മുഴുവൻ തുകയും ഇന്ത്യയിൽ നിന്ന് തന്നെ സമാഹരിച്ച് കഴിഞ്ഞെന്നും അറിയിച്ചു. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പ് 2024 മാർച്ച്, ഏപ്രിൽ മാസങ്ങളിലായിരിക്കും നടക്കുക. അതുകൊണ്ടുതന്നെ കേന്ദ്രസർക്കാരും യു പി സർക്കാരും പ്രത്യേക താത്പര്യമെടുത്താണ് രാമക്ഷേത്ര നിർമ്മാണത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.

കോവിഡ് വ്യാപനത്തിനിടയിലും അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്. അതുകൊണ്ട് തന്നെയാണ് രണ്ട് വർഷത്തിനുള്ളിൽ ക്ഷേത്ര നിർമ്മാണം പൂർത്തിയാകുമെന്ന് അധികൃതർ അവകാശപ്പെടുന്നത്. ക്ഷേത്ര നിർമ്മാണത്തിന് നേതൃത്വം നൽകുന്ന എൻജിനീയർമാരുമായും, ആർക്കിടെക്റ്റ്മാരുമായും ട്രസ്റ്റ് അംഗങ്ങൾ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനുശേഷമാണ് ട്രസ്റ്റിന്റെ ഭാഗത്ത് നിന്നുള്ള ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നത്.

നിലവിൽ രാമക്ഷേത്രത്തിന്റെ അടിത്തറയുടെ നിർമ്മാണ പ്രവർത്തനങ്ങളാണ് പുരോഗമിക്കുന്നത്. ഇത് ഈ വർഷം സെപ്റ്റംബർ പതിനഞ്ചോടെ പൂർത്തിയാകും. നവംബർ മുതൽ രണ്ടാംഘട്ട നിർമ്മാണ ജോലികൾ ആരംഭിക്കാനാണ് തീരുമാനം. മിർസാപൂരിൽ നിന്നും, ജോധ്പൂരിൽ നിന്നുമുള്ള മൺകട്ടകൾ, രാജസ്ഥാനിലെ മക്കർനയിൽ നിന്നുള്ള മാർബിൾ, ബാൻസി പഹർപൂരിൽ നിന്നുള്ള പിങ്ക് കല്ലുകൾ എന്നിവ ഉപയോഗിച്ചാണ് ക്ഷേത്രം നിർമ്മിക്കുന്നത്.

2020 ഓഗസ്റ്റ് അഞ്ചിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ക്ഷേത്രത്തിന്റെ തറക്കല്ലിട്ടത്. എഞ്ചിനീയർമാർ ക്ഷേത്രത്തിന്റെ അടിത്തറ പണിതുകൊണ്ടിരിക്കുകയാണിപ്പോൾ. ഇത് സപ്തംബർ 15ഓടെ പൂർത്തിയാവും. രണ്ടാംഘട്ട നിർമ്മാണം നവമ്പറിൽ ദീപാവലിസമയത്ത് ആരംഭിക്കും.