കൊച്ചി: ആഴക്കടൽ മൽസ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കൻ കമ്പനിയുമായുള്ള ധാരണാപത്രം സർക്കാരിന്റെ അറിവോടെയല്ലെന്ന വാദം പൊളിയുന്നു. കെഎസ്‌ഐഎൻസിയെയും എംഡി എൻ. പ്രശാന്തിനെയും പഴിചാരി തലയൂരാനുള്ള സർക്കാർ നീക്കങ്ങൾക്ക് വൻ തിരിച്ചടിയായ രേഖകൾ പുറത്തു വന്നു. ഇതോടെ ഈ തെരഞ്ഞെടുപ്പിൽ ആഴക്കടൽ വിഷയമായി നിറയുമെന്ന് ഉറപ്പായിട്ടുണ്ട്. ലത്തീൻ സഭയും ഇക്കാര്യത്തിൽ സർക്കാരിനെതിരെ ഇടയലേഖനം ഇറക്കിയിരുന്നു.

തെളിവുകൾ പുറത്തു വരുമ്പോഴും ആഴക്കടൽ മത്സ്യബന്ധന കരാർ ഗൂഢാലോചനയാണെന്ന് ആവർത്തിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് വന്നു.. തന്റെ ഓഫീസിനെ കളങ്കപ്പെടുത്താനാവില്ല. കരാർ സർക്കാരിന്റെ അറിവോടെയല്ല, തന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി ഇതിൽ ഉൾപ്പെടാൻ സാധ്യതയില്ല. തന്റെ ഓഫീസുമായി എൻ.പ്രശാന്ത് ബന്ധപ്പെട്ടതിൽ ദുരൂഹതയുണ്ട്. കരാർ ഉണ്ടാക്കാനെത്തിയ ആൾ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്നുവെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ആഴക്കടൽ മത്സ്യബന്ധന കരാറിന്റെ പേരിൽ കൊല്ലം രൂപത ഇറക്കിയ ഇടയലേഖനത്തേയും മുഖ്യമന്ത്രി തള്ളിപ്പറഞ്ഞൂ. പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ അതേപടി പറയുന്നത് ശരിയോ എന്ന് പരിശോധിക്കണം. ഇടയലേഖനത്തിന്റെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുമെന്നും മുഖ്യമന്ത്രി വിമർശിച്ചു.

എന്നാൽ പുറത്തു വന്ന രേഖകൾ സർക്കാരിന് വലിയ തിരിച്ചടിയാകുമെന്നതാണ് വസ്തുത. ഇഎംസിസിയും സർക്കാരും തമ്മിലുണ്ടാക്കിയ അസെൻഡ് ധാരണപ്രകാരമാണ് കെഎസ്‌ഐഎൻസി കരാർ ഒപ്പിട്ടതെന്ന് രേഖകളിൽനിന്ന് വ്യക്തം. ഇഎംസിസിയുമായുള്ള ചർച്ചകളെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അറിവോടെയാണെന്നും തെളിഞ്ഞു. ഇതിന്റെ തെളിവായുള്ള വാട്‌സാപ്പ് ചാറ്റുകളും പുറത്തുവന്നു. സിംഗപ്പൂർ പങ്കാളിത്തവും പ്രതീക്ഷിക്കുന്നതായി അഡീഷനൽ ചീഫ് സെക്രട്ടറി ചാറ്റിലൂടെ മറുപടി നൽകുന്നുണ്ട്. ഇതിൽ നിന്നെല്ലാം സർക്കാർ പങ്കാളിത്തം വ്യക്തമാണ്. വരും ദിവസങ്ങളിലും കൂടുതൽ വിവരങ്ങൾ പുറത്തു വരുമെന്നാണ് സൂചന.

കഴിഞ്ഞ ഡിസംബർ മുതൽ ഫെബ്രുവരി രണ്ടിന് ധാരണാപത്രം ഒപ്പിടുന്നത് വരെ മുഖ്യമന്ത്രിയുടെ ഓഫീസിന് എല്ലാം അറിയാമായിരുന്നുവെന്ന് വിവരാവകാശ നിയമ പ്രകാരം ലഭിച്ച രേഖകൾ തെളിയിക്കുന്നു. മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്‌ക്കർ, അഡീഷണൽ ചീഫ് സെക്രട്ടറി ടി കെ ജോസ്, ഉൾനാടൻ ജലഗാതാഗതവകുപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറിമാർ, മുഖമന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫ് അംഗം സുനീഷ്, പ്രസ് സെക്രട്ടറി പിഎം മനോജ് എന്നിവരുമായി വിവിധ ഘട്ടങ്ങളിൽ അമേരിക്കന് കമ്പനിയുമായുള്ള ചർച്ചകളെ കുറിച്ച് കെഎസ്‌എൈൻസി അറിയിച്ചിട്ടുണ്ട്.

ധാരണാപത്രം ഒപ്പിടുന്നതിന്റെ തലേന്ന് ദിനേശ് ഭാസ്‌ക്കർക്ക് ഇക്കാര്യം അറിയിച്ച് സന്ദേശം ലഭിച്ചിരുന്നു. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിക്കാമെന്ന് ദിനേശ് ഭാസ്‌ക്കർ മറുപടി നൽകുന്നു. ധാരണപത്രത്തിന്റെ ഫയലിൽ കെഎസ്ഐൻഎസി എംഡി പ്രശാന്തിന്റെ കുറിപ്പിൽ ദിനേശ് ഭാസ്‌ക്കറുമായി ചർച്ച ചെയ്‌തെന്നും ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്തേക്കുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഫബ്രുവരി രണ്ടിന് അയച്ച് ഈ സന്ദേശത്തിൽ, ഉച്ചക്ക് 12 മണിക്ക് ധാരണാപത്രം ഒപ്പിടുമെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.

1200 കോടിരൂപയുടെ വർക്ക് ഓർഡർ കിട്ടിയെന്നും ഇതിലുണ്ട്. അന്നേ ദിവസം അഡീഷണൽ ചീഫ് സെക്രട്ടിറി ടികെ ജോസിനേയും ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ധാരണാപത്രത്തെക്കുറിച്ച് പിആർഡി ഇറക്കിയ വാർത്താക്കുറിപ്പും വിവാദമായിരുന്നു. സർക്കാർ നയത്തിന് വിരുദ്ധമായ ഒരു ധാരണാപത്രത്തെക്കുറിച്ച് പിആർഡി വാർത്താക്കുറിപ്പ് ഇറക്കിയത് അന്വേഷിക്കുമെന്നും സർക്കാർ പറഞ്ഞിരുന്നു. എന്നാൽ ഈ വാർത്താക്കുറിപ്പുമായി ബന്ധപ്പെട്ട ഫയലിൽ് എംഡി പ്രശാന്ത് നായർ എഴുതിയ കുറിപ്പിൽ പറയുന്നത്, സംസ്ഥാന സർക്കാരിന്റെ വലിയ നേട്ടമായി ഇക്കാര്യം അവതരിപ്പിക്കണം എന്നാണ്.

പിആർഡി വഴി വാർത്താക്കുറിപ്പ് ഇറക്കിയാൽ മതിയെന്ന് മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയും അഡീഷണൽ ചീഫ് സെക്രട്ടറിയും നിർദ്ദേശിച്ചുവെന്നാണ് കുറിപ്പിലുള്ളത്. ചുരുക്കത്തിൽ, സർക്കാരിനെ ഇരുട്ടിൽ നിർത്തിയാണ് ധാരണാപത്രം ഒപ്പിട്ടതെന്ന വാദം തെറ്റെന്ന് തെളിയിക്കുകയാണ് ഈ രേഖകൾ.

അതിനിടെ ആഴക്കടൽ മത്സ്യ ബന്ധന അഴിമതി മുഖ്യമന്ത്രിയുടെ അറിവോടെ ആയിരുന്നു എന്ന് വ്യക്തമായി എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ആഴക്കടൽ ഗൂഢാലോചന നടത്തിയത് മുഖ്യമന്ത്രി തന്നെയാണ്. തീരദേശത്തെ വിൽക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു. എല്ലാ ഇടപാടുകളിലും മുഖ്യമന്ത്രിയുടെ അറിവും നേതൃത്വവും ഉണ്ടായിരുന്നു. ഇതുപോലെ കള്ളം പറയുന്ന ഒരു മുഖ്യമന്ത്രി കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിവാദ കരാറുകൾക്കെല്ലാം ഒപ്പിട്ടത്. ഇപ്പോൾ ഇക്കാര്യം കൂടുതൽ വ്യക്തമായി തെളിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.

ആഴക്കടൽ മൽസ്യബന്ധനത്തിനായി അമേരിക്കൻ കമ്പനിയുമായി കെഎസ്‌ഐഎൻസി ധാരണാപത്രം ഒപ്പിടുന്ന ചടങ്ങിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുക്കാൻ ഇടയുണ്ടെന്ന ഫയൽ ഉൾപ്പടെയുള്ള രേഖകൾ പുറത്തു വന്ന സാഹചര്യത്തിലാണ് പ്രതിപക്ഷത്തിന്റെ കടന്നാക്രമണം. ഇതിനെ മുഖമന്ത്രി തള്ളുകയും ചെയ്യുന്നു.